വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിൽ പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും അവർക്കിടയിലെ അന്തർധാര സജീവമാണെന്നതും ബൂർഷ്വാസികളും ഇടയിൽ തക്കം പാർത്തിരിക്കുകയാണെന്നും മുൻകൂട്ടി മനസ്സിലാക്കാൻ കോടിയേരി സഖാവിന് നല്ലപോലെ സാധിക്കും. ബാലകൃഷ്ണൻ എന്ന പേരാണെങ്കിലും ഇടതുപക്ഷ ബാലാരിഷ്ടത ലവലേശം തീണ്ടിയിട്ടില്ല ശരീരത്തിലോ മനസ്സിലോ. വിപ്ലവം എടുപിടീന്ന് വേണമെന്ന വാശിയാൽ ക്ഷമയില്ലാതെ എടുത്തുചാടി, കൈയിൽ അതിനുള്ള കോപ്പൊന്നുമില്ലാതെ വന്ന് നിരാശപ്പെടേണ്ടി വരുന്ന അന്തരാളഘട്ടമാണല്ലോ വിപ്ലവബാലാരിഷ്ടത. കോടിയേരി സഖാവ് അമ്മാതിരി ബാലാരിഷ്ടതകളിലൊന്നും ചെന്നുചാടുന്ന പ്രകൃതക്കാരനല്ല. അത് നല്ലപോലെ തിരിച്ചറിയാൻ സ്വരാജ് സഖാവിന് പോലും സാധിക്കും. സഖാവും അമ്മാതിരി ബാലാരിഷ്ടതകളില്ലാത്ത ദേഹമാണ്. ഇമ്മാതിരി ബാലാരിഷ്ടതകളൊഴിവാക്കി കമ്മ്യൂണിസ്റ്റ് ആരോഗ്യം വീണ്ടെടുത്തത് വിപ്ലവ ബലാഹഠാദി കുഴമ്പ് നാലുനേരം തേച്ച് കുളിച്ചത് വഴിയും വിപ്ലവദശമൂലാരിഷ്ടം മൂന്ന് നേരം സേവിച്ചത് വഴിയുമായിരുന്നു.
ഇങ്ങനെ ബാലാരിഷ്ടതകളെ വകഞ്ഞ് മാറ്റി കമ്മ്യൂണിസ്റ്റ് ആരോഗ്യം വീണ്ടെടുത്ത് കഴിഞ്ഞാൽ പിന്നെ ചില നേരത്തും കാലത്തും മാത്രമായി ചില വിശപ്പിന്റെ വിളികൾ വരുന്നത് പതിവാണ്. വിശപ്പിന്റേതല്ല, ബിഷപ്പിന്റെ വിളിയാണത് എന്നും ചില താർക്കികന്മാർ തർക്കമുയർത്തിയിട്ടുണ്ട്. അതെന്തായാലും അത്തരമൊരു വിളി വരുന്നേരമാണ് ജനകീയ ജനാധിപത്യ വിപ്ലവം വിരിയുന്ന സുന്ദരമുഹൂർത്തം എന്ന് സാക്ഷ്യപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ നിർണ്ണായക മുഹൂർത്തത്തിൽ ഏതെങ്കിലും വിധത്തിലുള്ള ദൗർബല്യങ്ങൾ ചിത്തത്തെ ചഞ്ചലമാക്കിയെങ്കിൽ അതോടെ തീർന്നു, കഥ. അതുണ്ടാകാതിരിക്കാനുള്ള വിപ്ലവജാഗ്രതയാണ് കോടിയേരി സഖാവും സ്വരാജ് സഖാവും മറ്റും എല്ലാകാലത്തും പ്രകടിപ്പിച്ച് പോന്നിട്ടുള്ളത്. സാധാരണ കോരിത്തരിപ്പ് വരാത്ത പേശീപിടുത്തമുള്ള പിണറായി സഖാവ് പോലും ആ ജാഗ്രത കണ്ട് കോരിത്തരിച്ചുപോയെന്നാണ് കേൾവി.
ജലന്ധർ രൂപത വഴിയോ മറ്റോ അങ്ങനെയൊരു ജനകീയ ജനാധിപത്യവിപ്ലവം വിരിയാനൊരുങ്ങുന്ന അസുലഭ നിമിഷത്തിലാണ്, ഏതോ പ്രതിക്രിയാവാദികൾ കുറച്ച് കന്യാസ്ത്രീകളെയും കൂട്ടി സമരത്തിനിറങ്ങിയത്. അത് മനസ്സിളക്കാൻ പോന്ന പ്രതിക്രിയാപ്രവർത്തനമാണെന്ന് ആർക്കാണ് മനസ്സിലാവാത്തത്! കന്യാസ്ത്രീകളെ മനസ്സിലാക്കാം, പക്ഷേ പിന്നിലൊളിഞ്ഞിരിക്കുന്ന പ്രതിക്രിയാവാദികളെ അത്രയെളുപ്പത്തിൽ ആർക്കും കണ്ടുപിടിക്കാനാവുന്നതല്ല. അതിന് കമ്മ്യൂണിസ്റ്റ് ആരോഗ്യം വേണ്ടുവോളമുണ്ടാകണം. വിപ്ലവ ബാലാരിഷ്ടത തെല്ലുമേ പാടില്ല.
സ്വരാജ് സഖാവിന് ഈ ഗുണഗണങ്ങളുണ്ട്. ജനാധിപത്യ യുവജന ഫെഡറേഷന്റെ പ്രസിഡന്റായതിനാൽ ഈ പ്രതിക്രിയാവാദത്തിന്റെ ജനാധിപത്യവിരുദ്ധത മനസ്സിലായത് കൊണ്ട് മാത്രം കന്യാസ്ത്രീസമരം തങ്ങളുമായി ബന്ധപ്പെട്ടതല്ലെന്ന് സ്വരാജ്സഖാവ് പറഞ്ഞു.
വിപ്ലവം എല്ലാ അർത്ഥത്തിലും വിരിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പിണറായി സഖാവ് നവകേരളം കെട്ടിപ്പടുക്കാൻ അഹോരാത്രം കഷ്ടപ്പെടുന്ന കാലമാകുമ്പോൾ പ്രത്യേകിച്ചും. 'പള്ളിപ്പടയും മണിയടിയും എൻ.എസ്.എസും മന്നത്തപ്പനും ഇവ കണ്ട് ഞങ്ങൾ പേടിക്കില്ല, കേരളമാണെന്നോർത്തോളൂ' എന്നെല്ലാം പാടി നടന്നത് പണ്ട്. അന്ന് പാടി നടന്നത് കൊണ്ടെന്തുണ്ടായി. വിമോചനസമരമെന്നോ മറ്റോ പേരായ തിളച്ച ചൂടുവെള്ളത്തിൽ വീണുപോയി. പിന്നെ പച്ചവെള്ളം കണ്ടാലും പേടിക്കാതിരിക്കാൻ ഒരു ന്യായവുമില്ലെന്ന് മാത്രം ചിന്തിച്ചാൽ തീരാവുന്നതേയുള്ളൂ പ്രോബ്ലങ്ങൾ.
സ്നേഹമാണഖില സാരമൂഴിയിൽ എന്ന് സദാപി ജപിച്ച് നടക്കുന്ന ആളുകളെ പുച്ഛിക്കാൻ ഹൃദയത്തിൽ കാരിരുമ്പ് ഉള്ളവർക്കല്ലാതെ മറ്റാർക്കും സാധിക്കില്ല. ആളൊരു ഭാ.ജ.പക്കാരനാണെങ്കിൽ മൂർദ്ധാവ് തൊട്ട് കാല്പാദം വരെയും സ്നേഹം വാരിക്കോരി നിറച്ചാണ് നടപ്പ്. ന.മോ.ജി തൊട്ട് യോഗി ആദിത്യനാഥ ജി വരെയുള്ളവർ പലപ്പോഴും ദേഹമാസകലം വഴിഞ്ഞൊഴുകുന്ന ഈ സ്നേഹത്തെ കൈമാറുന്നത് ഗോമാതാക്കൾക്കായിരുന്നു. ഗോമാതാക്കളാണെങ്കിൽ ഈ സ്നേഹത്തെ ഭുജിച്ച് ഭുജിച്ച് ഒരുമാതിരി പരുവമായി നടക്കുകയാണെന്നാണ് വർത്തമാനം.
ഗോമാതാക്കളെ കുളിപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ കിട്ടുന്ന ചാരിതാർത്ഥ്യം ജലഅതോറിട്ടിയുടെ വെള്ളത്തിൽ പോലും കിട്ടില്ലെന്ന് നമ്മുടെ ശ്രീധരൻപിള്ളാജിയും മുരളീധർജിയും എന്തിനേറെ, സുരേന്ദ്രൻജി പോലും സാക്ഷ്യപ്പെടുത്തിയതായി അമിത് ഷാ ജി രേഖപ്പെടുത്തിയിട്ടുണ്ട്.
അതേതായാലും ഭാ.ജ.പ സ്നേഹത്തിന്റെ മാറ്റുരച്ച് നോക്കാനൊരുമ്പെട്ട കപിൽസിബാൽജിയുടെ ഹൃദയം കാരിരുമ്പല്ലാതെ മറ്റെന്താണ്? നിഷികാന്ത് ദുബെജിയുടെ കാല് കഴുകി വെള്ളം കുടിച്ച പവൻജിയുടെ താമരപ്പൂ പോലെയുള്ള ഹൃദയത്തെയാണ് സിബാൽജി പുച്ഛിച്ചുകളഞ്ഞത്. ന.മോ.ജിയോടുള്ള സ്നേഹം കാണിക്കാൻ ദുബെജി ആ കാല് കഴുകി കിട്ടുന്ന ചെളിവെള്ളം കുടിക്കുമോയെന്നാണ് ചോദ്യം. സ്നേഹമെന്തെന്നറിയാത്ത സിബൽജിയോടൊക്കെ എന്ത് മറുപടി പറയാനാണ്! ചേറിൽ നിന്നാണ് താമരപ്പൂവും വിരിയുന്നത് എന്നെങ്കിലും മനസ്സിലാക്കണ്ടേ പഹയൻമാർ!
ഇ-മെയിൽ: dronar.keralakaumudi@gmail.com