ഇന്ത്യൻ നിരത്തുകളിൽ ഇപ്പോൾ തരംഗമുണർത്തുന്ന താരങ്ങളാണ് എസ്.യു.വികൾ. മറ്രേത് ശ്രേണിയേക്കാളും വളർച്ചാ നിരക്കുള്ളവർ. ഈ വിഭാഗത്തിലേക്ക് ഹോണ്ടയുടെ ഏറ്റവും പുതിയ സി.ആർ-വി ഉടനെത്തുകയാണ്. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോ എക്സ്പോയിലാണ് സി.ആർ-വിയുടെ അഞ്ചാംപതിപ്പ് ഹോണ്ട പരിചയപ്പെടുത്തിയത്.
മുൻഗാമിയിൽ നിന്ന് ഡിസൈനിൽ ഒറ്റനോട്ടത്തിൽ വലിയ വ്യത്യാസം പുത്തൻ പതിപ്പിൽ കാണാനാവില്ല. എന്നാൽ, ഒട്ടനവധി പുതുമകളുണ്ടുതാനും. സി.ആർ-വി അഞ്ചാമന് നാലാമനേക്കാൾ വലിപ്പമുണ്ട്-47എം.എംനീളക്കൂടുതൽ.വീൽബെയ്സ്40എം.എമ്മുംകൂട്ടി. മുന്നിലെ ക്രോംഗ്രില്ലും വലുതാക്കി. ബമ്പറിൽ തുടങ്ങി പിൻഭാഗം വരെ നീളുന്ന കാരക്ടർ ലൈനും വീൽആർച്ചിലെ വലിയ കർവുകളും നിരത്തിൽ ഒരു മസിൽമാന്റെ പ്രതീതി പുതിയ സി.ആർ-വിക്ക് സമ്മാനിക്കും. ബോഡിയിലാകെ, ക്രോം ധാരളമായി ഉപയോഗിച്ചിട്ടുണ്ട്. ഇത്, വാഹനത്തിന്റെ ഭംഗി വർദ്ധിപ്പിച്ചിട്ടുമുണ്ട്.
ഹെഡ്ലാമ്പ്, ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ടെയ്ൽലൈറ്റ് എന്നിവ എൽ.ഇ.ഡി മയമാണ്. വ്യത്യസ്തവും ആകർഷകവുമായ അലോയ് വീലും രൂപകല്പനയെ മികവുറ്റതാക്കി. ഉപഭോക്താക്കളുടെ താത്പര്യാർത്ഥം,ആദ്യമായി മൂന്ന് നിര സീറ്റുകൾ സി.ആർ-വി അഞ്ചാമന് ഹോണ്ട നൽകിയിട്ടുണ്ട്. ഹെഡ് - ലെഗ് റൂമുകൾക്കായി രണ്ടാംനിരസീറ്റുകൾ ക്രമീകരിക്കാനാകും.സി.ആർ-വിക്ക് ഏഴാണ്ആകെസീറ്റുകൾ.
7- സീറ്റ് വേരിയന്റിന് 1597 സി.സി., 4 - സിലിണ്ടർ, ഐ-ഡിടെക് ഡീസൽ എൻജിനാണ് പുത്തൻ സി.ആർ-വിക്ക് ഹോണ്ട നൽകിയിരിക്കുന്നത്. 118 ബി.എച്ച്.പി കരുത്തും 300 എൻ.എം ടോർക്കുമുള്ള എൻജിനൊപ്പം 9-സ്പീഡ് ഓട്ടോമാറ്രിക് ട്രാൻസ്മിഷൻ ഇടംപിടിച്ചതാണ് മുഖ്യ സവിശേഷത. 2.0 ലിറ്റർ പെട്രോൾ എൻജിൻ വേരിയന്റുമുണ്ടാകും. അതുപക്ഷേ, 5-സീറ്റ് വേർഷനാണ്. യാത്ര സുഖകരമാക്കാനായി 10 എ.സി വെന്റുകൾ അകത്ത് കാണാം. 473 ലിറ്ററാണ് ബൂട്ട്. രണ്ട്, മൂന്ന് നിര സീറ്റുകൾ മടക്കി ഇത് 936 ലിറ്രറാക്കാം.
നാവിഗേഷൻ, സ്മാർട്ഫോൺ കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടെയുള്ള 7 ഇഞ്ച് ടച്ച് സ്ക്രീനോട് കൂടിയ ഇൻഫോടെയ്ൻമെന്റും മികവാണ്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ റൈഡിംഗ് ആയാസരഹിതമാക്കും. ലിറ്രറിന് 20 കിലോമീറ്ററിനടുത്ത് മൈലേജും വാഹനം നൽകുന്നുണ്ട്. പുത്തൻ സി.ആർ-വിക്ക് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില 28-30 ലക്ഷം രൂപയാണ്.