''നാണയപ്പെരുപ്പം എല്ലായ്പ്പോഴും
എവിടെയും പണ സംബന്ധമായ
ഒരു പ്രതിഭാസമാണ് "
പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ മിൽട്ടൺ ഫ്രീഡ്മാന്റെ ഈ വരികളാണ് റിസർവ് ബാങ്കിന്റെ ഇക്കഴിഞ്ഞ ധനനയം കണ്ടപ്പോൾ ഓർമ്മ വന്നത്.
റിപ്പോ നിരക്കിൽ (റിസർവ് ബാങ്ക് മറ്രു ബാങ്കുകൾക്ക് കടം കൊടുക്കുന്ന റേറ്റ്) 25 ബേസിസ് പോയിന്റ് (കാൽ ശതമാനം) വർദ്ധന പ്രതീക്ഷിച്ച എല്ലാവരും നിരാശരായി. റിപ്പോ നിരക്ക്,ഒരുകേന്ദ്രബാങ്കിനെ സംബന്ധിച്ചടുത്തോളം നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള ആയുധങ്ങളിൽ ഒന്നാണ്. ആ ആയുധം, ഇപ്പോൾ ഉപയോഗിക്കാനായിട്ടില്ല എന്നാണ് ഇക്കുറി റിസർവ് ബാങ്കിന്റെ നയം വ്യക്തമാക്കിയത്.
പക്ഷേ, ഡോളറിനെതിരെ രൂപയുടെ വീഴ്ച തുടരുന്നതിനാൽ 'നടപടി" ആവശ്യമാണെന്ന് നിക്ഷേപകർക്കും സാമ്പത്തിക വിദഗ്ദ്ധർക്കും ശക്തമായി തോന്നിയിരുന്നു. എന്നാൽ, റിസർവ് ബാങ്കിന്റെ ധനനയ നിർയണയ സമിതി (എം.പി.സി) പലിശനിരക്ക് നിലനിറുത്താനാണ് തീരുമാനിച്ചത്. പിന്നീട് വന്ന വിവരണങ്ങളും ഏവരിലും അമ്പരപ്പുണ്ടാക്കി.ഇനിമുതൽ'അളന്ന്കുറിച്ചുള്ളമുറുക്കൽനയം"(കാലിബ്രേറ്റഡ്ടൈറ്റനിംഗ്സ്റ്റാൻസ്)എന്നുള്ളവാക്കുകൾഏറെപരിഭ്രാന്തിയോടെയാണ്വിപണികേട്ടത്.
നാണയപ്പെരുപ്പത്തിനുപരി, റിസർവ് ബാങ്ക് രൂപയെ കൈവിട്ടോ എന്ന തോന്നലും ഉണ്ടായി. തുടർന്ന്, രൂപ 74ലേക്ക് താണു. വലിയ നഷ്ടം ഓഹരി വിപണിയിലായിരുന്നു. 800 പോയിന്റ് ഏതാനും മണിക്കൂറുകൾക്കകം നഷ്ടമാക്കി, നിക്ഷേപകർ തങ്ങളുടെ അങ്കലാപ്പ് വ്യക്തമാക്കി. റിപ്പോയിൽ ഒരു വർദ്ധന വഴി രൂപയ്ക്കും വിപണിക്കും ഒരു സന്ദേശം കൊടുക്കാമായിരുന്നു എന്നാണ് ഈ പക്ഷത്തിന്റെ പ്രധാനവാദം.
റിസർവ് ബാങ്കിന്റെ വിശദീകരണവും പ്രവൃത്തിയും നിക്ഷേപകരെ സമാധാനിപ്പിക്കാൻ പര്യാപ്തമല്ല എന്ന് ഈ ആഴ്ച വിപണി തുറക്കുമ്പോൾ കാണാം. എണ്ണയുടെ വില ഉയരാനുള്ള സാദ്ധ്യതയേറെയാണ്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ നയവും അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ ദൃഢീകരണവും അമേരിക്കൻ നിക്ഷേപകരെ മറ്റു രാജ്യങ്ങളിലെ നിക്ഷേപം പിൻവലിച്ച് തിരിച്ചു ചെല്ലാൻ പ്രേരിപ്പിക്കുകയാണ്.
പക്ഷേ, നാണയപ്പെരുപ്പം നാല് ശതമാനമായി നിറുത്താനാണ് റിസർവ് ബാങ്കിന്റെ ഇപ്പോഴത്തെ ശ്രമം. രൂപയുടെ മൂല്യച്യുതി ഇപ്പോൾ ഒരു വിഷയമേയല്ല. സാധാരണക്കാരന് കിട്ടുന്ന സന്ദേശമിതാണ്. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാതിയിൽ നാണയപ്പെരുപ്പം നാല് ശതമാനം ആയിരിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രതീക്ഷ. പക്ഷേ, ഉയരുന്ന ഭക്ഷ്യവില, എണ്ണവിലയിലെ (ക്രൂഡോയിൽ) വ്യതിയാനം, മിനിമം സപ്പോർട്ട് പ്രൈസ് പോലുള്ള ജനസ്വാധീന നടപടികൾ എന്നിവമൂലം നാണയപ്പെരുപ്പം ഉയരാൻ തന്നെയാണ് സാദ്ധ്യതയെന്നും ബാങ്ക് വിലയിരുത്തുന്നു. ആ സാഹചര്യത്തിൽ, റിപ്പോ റേറ്ര് പോലുള്ള ആയുധങ്ങൾ കൂടുതൽ ആവശ്യമായേക്കാം.
രൂപയുടെ മൂല്യച്യുതി ലോകവ്യാപക സംഭവ വികാസത്തിന്റെ ഭാഗമാണ്. ഇൻഡോനേഷ്യൻ റുപ്പയ പോലുള്ള കറൻസികളുടെ സ്ഥിതി ഇതിലും മോശമാണ്. അതിനാൽ, 25 ബേസിസ് പോയിന്റുയർത്തി രൂപയെ രക്ഷിക്കാനാവില്ല എന്നാണ് എം.പി.സിയുടെ വാദം. ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഏറെ ശക്തമാണെന്നും മുന്നോട്ടു പോകുന്തോറും അത് അങ്ങനെ തന്നെ ആയിരിക്കുമെന്ന ആത്മവിശ്വാസവും ആ വാദത്തിലുണ്ട്.
ഒരു നിക്ഷേപകൻ എന്ന നിലയിൽ ഇതിൽ നിന്ന് നിങ്ങൾ മനസിലാക്കേണ്ടത് - നിങ്ങളുടെ ഫിക്സഡ് ഡെപ്പോസിറ്റുകൾ അതേപോലെ നിലനിറുത്താനോ ഉയർന്ന പലിശയിലോക്ക് മാറ്രാനോ ശ്രമിക്കാം. അടുത്ത ആറുമാസത്തേക്ക് ഉയർന്ന നാണയപ്പെരുപ്പം കാണുന്ന സ്ഥിതിക്ക്, ഇതിൽ ഇനിയും ഉയർച്ചയുണ്ടാകാം. ഇപ്പോൾ തന്നെ പത്തുവർഷ ബോണ്ട് യീൽഡ് നൽകുന്നത് 8.20 ശതമാനമാണ്. അതിനാൽ, ബാങ്കുകൾ റേറ്റുകൾ കൂട്ടാനുള്ള സാദ്ധ്യത കൂടുതലാണ്. പുതുതായി തുടങ്ങിയതോ, വലിയ നഷ്ടമില്ലാത്തതോ ആയ എഫ്.ഡി ഉണ്ടെങ്കിൽ പുതിയ റേറ്രിലേക്ക് മാറാം.
നിങ്ങൾ എൻ.ആർ.ഐ ആണെങ്കിൽ ഇതാണ് നല്ല അവസരം - ഇന്ത്യയിലേക്ക് കൂടുതൽ പണം അയയ്ച്ച് നിക്ഷേപിക്കാൻ. ഓരോ രണ്ടു രൂപയുടെ ഉയർച്ചയും കൂടുതൽ നിക്ഷേപിക്കാനുള്ള അവസരമായി കാണണം. രൂപ തന്നെ അതിന്റെ മൂല്യം കണ്ടെത്തട്ടെ, എന്ന റിസർവ് ബാങ്ക് നയം നിങ്ങൾക്ക് അനുകൂലമായി ഉപയോഗിക്കാം.
ഭവന വായ്പക്കാർക്ക് ഷോക്ക് !
എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി ബാങ്കുകൾ റേറ്റുകൾ നേരത്തേ തന്നെ കൂട്ടിക്കഴിഞ്ഞു. അത് ഇനിയും കൂടാം. പക്ഷേ, ഫ്ളോട്ടിംഗ് റേറ്റിൽ നിന്ന് നിങ്ങളുടെ വായ്പ മാറ്രാൻ സമയമായിട്ടില്ല. അങ്ങനെ താത്പര്യമുണ്ടെങ്കിൽ തന്നെ, സ്വന്തം ബാങ്കിന്റെ റീസെറ്ര് സമയമായോ എന്നറിയണം. അല്ലെങ്കിൽ വലിയ നഷ്ടമായേക്കും. മ്യൂച്വൽ ഫണ്ടിൽ എസ്.ഐ.പി വഴി നിക്ഷേപിക്കുന്നവർ ഇത്തരം ഒരു കാഴ്ചപ്പാടുകൊണ്ടു സ്വന്തം പ്ലാനുകൾ മാറ്റേണ്ട. പക്ഷേ, പുതിയ നിക്ഷേപകർ നന്നായി ആലോചിച്ച് തുടങ്ങുന്നതാണ് ഉചിതം. ഫണ്ട് മാനേജേഴ്സ് ഇപ്പോൾ നിക്ഷേപിക്കാതെ പണം ഹോൾഡ് ചെയ്തിരിക്കുകയാണ് - കാരണം, ഓഹരി വിപണി കൂടുതൽ ഏറ്റക്കുറച്ചിലുകൾ കാണിക്കാനും പല കമ്പനികളുടെയും വിറ്റുവരവുകൾ പ്രതീക്ഷിച്ചരീതിയിൽ എത്താതിരിക്കാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട്, ഓഹരിവിപണിയിൽ നേരിട്ട് പ്രവേശിക്കാനോ പുതിയ നിക്ഷേപപദ്ധതികൾ തുടങ്ങാനോ വരട്ടെ.
ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നവർക് ചില സൂചനകൾ റിസർവ്ബാങ്ക് നൽകിയിട്ടുണ്ട്. എക്കണോമിയുടെ കാതലായ മേഖലകൾ - നിർമ്മാണം, വ്യവസായ൦, ഇൻഫ്രാസ്ട്രക്ചർ മുതലായവ വളർച്ചയുടെ പാതയിലാണ്.അതിനാൽ, രൂപയുടെ പ്രശ്നം സമ്പദ്വ്യവസ്ഥ നോക്കിക്കോളും എന്ന നിലപാടാണ് അവർക്ക്. ഞങ്ങൾക്ക് താത്പര്യം ആഭ്യന്തര കാര്യങ്ങളിലാണ് എന്നും.
'അളന്നു കുറിച്ചുള്ള മുറുക്കൽ നയം" റിസർവ്ബാങ്ക് വ്യക്തമാക്കിയ സ്ഥിതിക്ക്, അടുത്ത ആറു മാസം നിക്ഷേപകർ സൂക്ഷിക്കേണ്ട കാലമാണ്. വായ്പയെടുക്കാൻ നിബന്ധനകൾ കൂടും. പലിശനിരക്കും കൂടും. നാണയപ്പെരുപ്പം വിചാരിച്ച നിരക്കിൽ നിറുത്താൻ റിസർവ് ബാങ്കിന് കഴിയുമോ എന്ന് കണ്ടറിയണം. എണ്ണ വില ബാരലിന് 100 ഡോളർ കടന്നേക്കുമെന്നാണ് പ്രതീക്ഷ. അല്ലെങ്കിലും അടുത്ത 3 മാസത്തിനുള്ളിൽ എണ്ണ ഉദ്പാദനംഉപഭോഗത്തിനുംപിന്നിലാകും. പിന്നെ, ഇലക്ഷന് തയ്യാറെടുക്കുന്ന ഈ സർക്കാർ പൊതുജനതാത്പര്യമായ ഒരു പാട് നടപടികൾ തുടങ്ങാൻ സാദ്ധ്യതയുണ്ട്. അതിനുള്ള പണം പൊതുവിപണിയിൽ നിന്ന് വായ്പയായി എടുക്കും - തത്ഫലമായി ബോണ്ട് വില കൂടും, രൂപയുടെ മുകളിലുള്ള സമ്മർദ്ദം വർദ്ധിക്കും.