റെക്സ് വിജയൻ, പേരിലെ പുതുമ സംഗീതത്തിലും കൊണ്ടു വന്ന മാന്ത്രികൻ. ഒരു സംഗീതജ്ഞൻ എന്നതിനേക്കാൾ ആവേശമാണെന്ന് പറയുന്നതാകും കൂടുതൽ യോജിക്കുക. ഒരു കാലത്ത് യുവാക്കളെ ഇളക്കിമറിച്ചിരുന്ന അദ്ദേഹം ഇന്ന് പ്രായത്തിന്റെ അതിർവരമ്പുകൾ ലംഘിച്ച് ആരാധകരെ സൃഷ്ടിക്കുകയാണ്. നാടൻപാട്ടിൽ നിന്നും തുടങ്ങി ലോക സംഗീതത്തിലേക്ക് പാറിപ്പറക്കുന്ന, അവിയൽ മ്യൂസിക് ബാൻഡിന്റെ ഗിത്താറിസ്റ്റ് റെക്സ് വിജയന്റെ വിശേഷങ്ങളിലേക്ക്.
സംഗീതം ജീവിതമാണ്
സംഗീതത്തിൽ ഞാൻ സഞ്ചരിക്കുന്നത് എന്റേതായ രീതികളിലൂടെയാണ്. അത് മാത്രമാണ് ശരി എന്ന അഭിപ്രായമില്ല. ഇവിടെ എല്ലാത്തരത്തിലുള്ള സംഗീതത്തിനും ആസ്വാദകരുണ്ട്. എല്ലാം ആസ്വദിക്കുക തന്നെ വേണം. സിനിമയോട് ചേർന്നുനിൽക്കുന്ന രീതിയിലാണ് ഞാൻ പാട്ടുകൾ ഒരുക്കുന്നത്. വേറെ കുറേപ്പേർ പാട്ടുകൾ സിനിമയെക്കാൾ എടുത്തുനിൽക്കുന്ന രീതിയിൽ ചെയ്യട്ടെ. !*!ഞാൻ ചെയ്യുന്നതാണ് മോഡേൺ ബാക്കിയെല്ലാം പഴയതാണ് എന്നൊന്നും പറയുന്നതിൽ കാര്യമില്ല. കേൾക്കുന്നവർക്ക് വിവിധ സ്റ്റൈലുകൾ മാറി മാറി പരീക്ഷിക്കാമല്ലോ. സിനിമാസംഗീതത്തെ കുറിച്ച് കൂടുതൽ അഭിപ്രായം പറയാനുള്ള അർഹതയൊന്നും എനിക്കുണ്ടെന്ന് തോന്നുന്നില്ല. ഞാനങ്ങനെ സിനിമയെ അളന്ന് മുറിച്ച് കാണുന്നയാളുമല്ല. സിനിമ എനിക്കൊരു എന്റർടെയ്ൻമെന്റാണ്. തിയേറ്ററിൽ പോയി കാണുമ്പോൾ കോമഡിയാണെങ്കിൽ ചിരിക്കും, ആക്ഷനാണെങ്കിൽ ത്രില്ലടിക്കും. അത്രയേയുള്ളൂ. ഞാൻ ചെയ്യുന്ന സംഗീതം സംവിധായകർക്ക് ഇഷ്ടപ്പെട്ടാൽ അവർ അതെടുക്കും. അല്ലാതെ ഞാൻ ആ സിനിമയെ കുറിച്ച് ആഴത്തിൽ പഠിച്ച ശേഷം ചെയ്യുന്നതൊന്നുമല്ല. സിനിമയിൽ പണ്ടും ഇപ്പോഴുമെല്ലാം നല്ല സംഗീതം തന്നെയാണ് ഉണ്ടാകുന്നത്. അത് നിലനിൽക്കുകയും ചെയ്യും.
സങ്കൽപ്പങ്ങൾ പൊളിച്ചെഴുതി
ഒരു സംഗീതസംവിധായകൻ എന്ന നിലയിൽ എന്റെ ആത്മാവാണ് സംഗീതം. ഏത് സിനിമയ്ക്ക് വേണ്ടി ചെയ്താലും അടിസ്ഥാനപരമായി സംഗീതം എന്റേതാണല്ലോ. സിനിമയിലെ സന്ദർഭങ്ങൾക്കായി ഒരുക്കുന്ന ഒരു ബെഡ് പോലെയാണ് ഞാൻ അതിന്റെ സംഗീതത്തെ കാണുന്നത്. ഉദാഹരണത്തിന് യാത്രകൾക്കിടയിൽ ഹെഡ്‌ഫോൺ വച്ച് പാട്ടുകേൾക്കുമ്പോൾ അത് നമ്മുടെ തന്നെ ജീവിതത്തിന്റെ സൗണ്ട്ട്രാക്കായി തോന്നാറില്ലേ. ആ അനുഭവമാണ് സിനിമയിലേക്കും എത്തിക്കാൻ ശ്രമിക്കുന്നത്. സംഗീതം നൽകുന്ന പാട്ടുകളെ ഞാനൊരിക്കലും സിനിമാപാട്ടുകളായി കാണാറില്ല. സിനിമാപാട്ട് എന്നു പറഞ്ഞാൽ ആദ്യം ഒരു പല്ലവി വേണം. പിന്നെ ചരണം വരണം. ബി.ജി . എം അതിനിടയിലൂടെ പോകണം. എനിക്ക് അങ്ങനെയൊരു സങ്കല്പമേയില്ല. സൗണ്ട്ട്രാക്കാണ് എല്ലാം.
പരീക്ഷണങ്ങൾ കൂടെയുണ്ട്
എന്റെ സംഗീതത്തിന് പറ്റിയ സിനിമകൾ ചെയ്യാനാണിഷ്ടം. എല്ലാ സിനിമയ്ക്കും അത് ചേരില്ല. വ്യത്യസ്തമായ സംഗീത പരീക്ഷണങ്ങളും നടത്താൻ ആഗ്രഹമുണ്ട്. അടുത്തകാലത്തിറങ്ങിയ പറവയ്ക്കും മായാനദിയ്ക്കും ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചു. മായാനദിക്ക് വേണ്ടി ഷഹബാസ് അമനുമായി ചേർന്ന് രണ്ട് പാട്ടുകൾ ചെയ്തു. രണ്ടും ഗസലാണ്. കുറച്ചുദിവസം ഷഹബാസുമായി ഒരുമിച്ചിരുന്നാണ് ആ പാട്ടുകൾ ചെയ്തത്. അങ്ങനെയൊരു കൂട്ടുക്കെട്ടുണ്ടായപ്പോൾ എന്റെ സ്റ്റൈൽ വിട്ട് അദ്ദേഹത്തിന്റെ രീതിയിലേക്ക് ഫോക്കസ് ചെയ്തു. ഗസലിനെ കുറിച്ച് എനിക്ക് ആഴത്തിൽ അറിവൊന്നുമില്ല. അദ്ദേഹം പാടിയതിൽ നിന്ന് കാര്യങ്ങൾ മനസിലാക്കി എന്റെ രീതിയിലേക്ക് കൊണ്ടുവരാനാണ് ശ്രമിച്ചത്. അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ ചില പരീക്ഷണങ്ങളൊക്കെ ഇപ്പോൾ ചെയ്യുന്നുണ്ട്. അല്ലാതെ വാശിയോടെ ഒന്നും ചെയ്യാറില്ല. പറവയുടെ പശ്ചാത്തല സംഗീതം മനോഹരമാകാൻ പ്രധാന കാരണം അതിന്റെ ദൃശ്യങ്ങളാണ്. കൊച്ചിയുടെ കഥയാണ് പറവ പറഞ്ഞത്. എന്ത് സംഗീതം കൊടുത്താലും കൊച്ചിയുടേതായ ഒരു രുചി ആ സിനിമയുടെ ദൃശ്യങ്ങൾക്കുണ്ടായിരുന്നു. അതാവും പശ്ചാത്തല സംഗീതവും അനുഭവവേദ്യമാകാനുള്ള കാരണം. പാട്ടുകൾ സിനിമയിൽ നിന്ന് വേറിട്ട്, മുഴച്ച് നിൽക്കരുതെന്ന് സൗബിനും നിർബന്ധമുണ്ടായിരുന്നു. ഒരു സിനിമയിലെയും പാട്ടുകൾ എവിടെ നിന്നാണ് വരുന്നതെന്ന് അറിയാൻ പാടില്ല. അത്രയ്ക്ക് അതുമായി ചേർന്ന് നിൽക്കണം എന്നാണ് സൗബിന്റെ നിലപാട്. ആ നിർദ്ദേശങ്ങളെല്ലാം എന്റെ മനസിലുണ്ടായിരുന്നു.
ഗിത്താർ പ്രണയം
ചെറുപ്പത്തിലേ ഗിത്താറിന് പ്രാധാന്യമുള്ള സംഗീതത്തോടായിരുന്നു താത്പര്യം. റേഡിയോയിലും ടിവിയിലുമൊക്കെ മലയാളം പാട്ടുകൾ കേൾക്കുന്നുണ്ടല്ലോ. അതിലേക്ക് കൂടുതൽ പോകാൻ തോന്നിയില്ല. വ്യത്യസ്തമായ സംഗീതത്തിന്റെ വഴിയേ പോയി. പ്രത്യേകിച്ച് ബ്ളൂസ്, റോക്ക്, ജാസ് അതിലേക്കൊക്കെയായിരുന്നു ചായ്വ്.
'അവിയലി'ൽ ഉള്ളവരെല്ലാം സുഹൃത്തുക്കളാണ്. ഞങ്ങൾ ഒന്നിച്ച് ജാം ചെയ്യാറുണ്ടായിരുന്നു. അങ്ങനെ പുതിയ ഐഡിയകളൊക്കെ വന്നു തുടങ്ങി. ജോൺ പി. വർക്കി എന്ന ഗിത്താറിസ്റ്റാണ് അതിൽ പ്രധാനപ്പെട്ടയാൾ. അദ്ദേഹം കമ്മട്ടിപ്പാടത്തിലൊക്കെ സംഗീതം നൽകിയിട്ടുണ്ട്. അവിയലിന്റെ നടനട എന്ന പാട്ട് കംപോസ് ചെയ്തത് ജോണാണ്. അവിയൽ വൻ ഹിറ്റായി. ബാൻഡും സിനിമയും രണ്ടു തന്നെയാണ്. ബാൻഡ് ലൈവ് ഷോ ആണ്. അതിന്റെ ആസ്വാദന നിലവാരം ഉടനടി അറിയാൻ കഴിയും. സിനിമയിൽ എത്തിയെന്നു കരുതി ബാൻഡ് ഉപേക്ഷിച്ചിട്ടില്ല. ഇപ്പോൾ സിനിമയ്ക്ക് വേണ്ടിയും അവിയലിനു വേണ്ടിയും പ്രോജക്ടുകൾ ചെയ്യുന്നുണ്ട്.
അവിയലിന് ശേഷം ഒരുപാട് ബാൻഡുകൾ മലയാളത്തിലുണ്ടായി. പലരും പഴയപാട്ടുകളെ പുനരാവിഷ്‌കരിക്കുകയാണ് ചെയ്തത്. എല്ലാത്തിനും അതിന്റേതായ സൗന്ദര്യമുണ്ട്. തൈക്കുടം ബ്രിഡ്ജ് ചെയ്ത മെഡ്ലിയൊക്കെ ഹിറ്റായല്ലോ. അല്ലാതെ ഒറിജിനൽ പാട്ടുകൾ തന്നെ വേണമെന്ന് നിർബന്ധം പിടിക്കേണ്ടതില്ല. പാടുന്നവർക്കും കേൾക്കുന്നവർക്കും സന്തോഷമാണ്. അത്രയേ വേണ്ടൂ. മൗലികതയെ കുറിച്ച് ചർച്ച ചെയ്തിട്ടൊന്നും കാര്യമില്ല.
തണലായി കുടുംബം
അച്ഛൻ ആൽബർട്ട് വിജയൻ സംഗീതസംവിധായകനും പിയാനിസ്റ്റുമാണ്. ജോൺസൺ മാഷ്, എം.ജി. രാധാകൃഷ്ണൻ, ആർ.കെ. ശേഖർ തുടങ്ങിയവരുടെ സിനിമകളിൽ അസിസ്റ്റ് ചെയ്തിട്ടുണ്ട്. ചില സിനിമകൾക്ക് സ്വന്തമായും സംഗീതം നൽകിയിട്ടുണ്ട്. അതൊന്നും റിലീസായിട്ടില്ല. അമ്മ മേരിയും നന്നായി പാടും. ഒരു സഹോദരനുണ്ട്. പഠിക്കാൻ മിടുക്കനൊന്നുമായിരുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രി ആയപ്പോഴേക്കും തീരെ പഠിക്കാൻ വയ്യെന്ന അവസ്ഥ വന്നു. അത്ര ബുദ്ധിമുട്ടാണെങ്കിൽ ഇനി വെറുതേ സമയം കളയണ്ട, ഇഷ്ടമുള്ളത് എന്താണെന്ന് വച്ചാൽ ചെയ്തോളൂ എന്ന് വീട്ടുകാരും പറഞ്ഞു. അപ്പോൾ തന്നെ ബാൻഡ് എന്നൊക്കെ പറഞ്ഞങ്ങ് ഇറങ്ങി. പിന്നെയാണ് അവിയലിലേക്കൊക്കെ വരുന്നത്. ഭാര്യ ചിന്റുവാണ് എനിക്ക് ഏറ്റവുമധികം പ്രോത്സാഹനം നൽകുന്നത്.