nakshathra-manoj

നക്ഷത്രയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ നക്ഷത്രപ്പൂക്കൾ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ആദ്യചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതിലുള്ള സന്തോഷത്തിലാണ് വടകരയിലെ 'മുഖചിത്ര'യിൽ നക്ഷത്ര മനോജ്. ജഡ്ജിംഗ്  കമ്മിറ്റിയുടെ വിലയിരുത്തൽ പോലെ  നിഷ്‌കളങ്കമായ ഒരു ഗ്രാമീണ പെൺകുട്ടിയുടെ വേഷമാണ്  നക്ഷത്ര മനോഹരമാക്കിയത്. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത  'രക്ഷാധികാരി ബൈജു ഒപ്പ് ' എന്ന സിനിമയിലെ മികച്ച അഭിനയമാണ് നക്ഷത്രയ്ക്ക് അവാർഡ് നേടികൊടുത്തത്.

''സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. സിനിമയിൽ അവസരം ലഭിച്ചതു തന്നെ അപ്രതീക്ഷിതമായിരുന്നു. നല്ലൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷം ഉണ്ടായിരുന്നു. അഭിനയിക്കുമ്പോൾ ഒരിക്കലും അവാർഡ്  ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. നല്ലൊരു കൂട്ടായ്മയുണ്ടായിരുന്നു സിനിമയ്ക്ക്  പുറകിൽ. വിചാരിക്കാത്ത നേരത്താണ്  അവാർഡുണ്ടെന്ന്  അറിഞ്ഞത്. സിനിമയ്ക്കും അവാർഡ്  കിട്ടിയല്ലോ. അതിലും നിറഞ്ഞ സന്തോഷം മാത്രം.'' നക്ഷത്രയുടെ കണ്ണുകളിലെ വിസ്മയം അപ്പോഴും ബാക്കി നിന്നിരുന്നു.

അവാർഡ് പോലെതന്നെ തികച്ചും അപ്രതീക്ഷിതമായിരുന്നു സിനിമയിലേക്കുള്ള നക്ഷത്രയുടെ വരവും.  രക്ഷാധികാരി ബൈജുവിലെ അഭിനേതാക്കളെ കണ്ടെത്തുന്നതിനായി കോഴിക്കോട് ജില്ലയിലെ സ്‌കൂളുകളിൽ നടന്ന ഓഡീഷന്റെ ഭാഗമായി മൂന്നു ദിവസം നക്ഷത്രയുടെ സ്‌കൂളിലും ക്യാമ്പ് ഉണ്ടായിരുന്നു. ഇതിലൂടെയാണ് നക്ഷത്ര 'രക്ഷാധികരി ബൈജു'വിലേക്ക് എത്തുന്നത്.


''അഭിനയിക്കാൻ താത്പര്യമുള്ളവരോടെല്ലാം പോകാൻ മാഷന്മാർ പറഞ്ഞപ്പോ ഞാനും കൂട്ടുകാരും വെറുതെ പോയതായിരുന്നു, ഓഡീഷനൊക്കെ കാണാമല്ലോ എന്ന ചിന്തയായിരുന്നു മനസിൽ. പിന്നീട് പയ്യോളിയിൽ എത്തി സംവിധായകൻ രഞ്ജൻ  പ്രമോദ്  സാറിനെ കാണണം എന്ന് പറഞ്ഞ് ഫോൺ വന്നു. അങ്ങനെ ഓർക്കാപ്പുറത്താണ്  സിനിമയിലേക്ക്  എത്തിപ്പെടുന്നത്. .''

നാടകത്തിലൂടെയാണ് നക്ഷത്ര അഭിനയരംഗത്ത് കടന്നുവരുന്നത്. സ്‌കൂളുകൾക്കും കലാസമിതികൾക്കും വേണ്ടി  നാടക രചന നിർവഹിക്കുകയാണ്  നക്ഷത്രയുടെ അച്ഛൻ മനോജ്. മനോജിന്റെ 'പിൻ 673104 മഞ്ചാടി മരങ്ങൾ', ജനനാട്യവേദിയുടെ 'കുരങ്ങ് മനുഷ്യൻ' എന്നീ നാടകങ്ങളിലും നക്ഷത്ര അഭിനയിച്ചിട്ടുണ്ട്. നാടക പരിചയം സിനിമാഭിനയത്തെ ഏറെ സഹായിച്ചിട്ടുണ്ട്. ആദ്യത്തെ സിനിമയിൽ സഭാകമ്പമില്ലാതെ പിടിച്ചു നിൽക്കാൻ സാധിച്ചത്  നാടകം ചെയ്തതു കൊണ്ടാണെന്നും നക്ഷത്ര പറയുന്നു.

തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമായിരുന്നു 'രക്ഷാധികാരി ബൈജു ഒപ്പ് '. മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ചിത്രം വടകരയ്ക്കടുത്തുള്ള  പയ്യോളി, തിരുവള്ളൂർ പ്രദേശങ്ങളിലാണ് ചിത്രീകരിച്ചത്. രക്ഷാധികാരി ബൈജുവിന്റെ ഷൂട്ടിംഗ് വിശേഷങ്ങൾ ഏറെ ആവേശത്തോടെയാണ് നക്ഷത്ര പറഞ്ഞ് തുടങ്ങിയത്.

''സെറ്റിലെല്ലാരും നല്ല കമ്പനിയായിരുന്നു. ലൊക്കേഷനിൽ ഒരുപാട് കുട്ടികളുണ്ടായിരുന്നതുകൊണ്ട്  കുറേ കൂട്ടുകാരെ കിട്ടി. സിനിമയിൽ എന്റെ അമ്മയായി അഭിനയിച്ച ഹന്ന ചേച്ചിയുമായി നല്ല കൂട്ടായിരുന്നു. എവിടെ പോയാലും ഞങ്ങൾ ഒന്നിച്ച്  ഉണ്ടാകും. ഞങ്ങളുടെ കെമിസ്ട്രി കണ്ട് എല്ലാരും ചോദിക്കും ഞങ്ങൾ ശരിക്കും അമ്മയും മോളും ആണോ എന്ന്. ഷൂട്ടിംഗിനിടയിൽ ബിജു മേനോൻ, അജുവർഗീസ് തുടങ്ങിയ സഹതാരങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. എനിക്ക്  കൺഫ്യൂഷനുണ്ടാകുമ്പോൾ അവരെല്ലാം പറഞ്ഞു തന്നു. ഇതൊക്കെ അഭിനയത്തെ മെച്ചപ്പെടുത്തി.'' നക്ഷത്ര ആവേശത്തോടെ പറഞ്ഞു.
നക്ഷത്രയുടെ അവാർഡ് തിളക്കത്തിൽ ഏറെ സന്തോഷം നാട്ടുകാർക്കാണ്. അവാർഡിന് പിന്നാലെ നിരവധി സ്വീകരണങ്ങളും അഭിനന്ദന പ്രവാഹങ്ങളുമാണ് നക്ഷത്രയെ തേടിയെത്തുന്നത്. മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് നക്ഷത്ര. സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും മികച്ച പിന്തുണയാണ് നൽകുന്നതെന്നും നക്ഷത്ര പറയുന്നു.

''എല്ലാവരും ഭയങ്കര ഹാപ്പിയാണ്. ഞാൻ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് അവാർഡ് ഉണ്ടെന്ന് പറഞ്ഞത്. ആദ്യം വിശ്വസിച്ചില്ല. ഇപ്പോൾ കൂട്ടുകാരെല്ലാം ചെലവ് എന്ന് പറഞ്ഞ് പിന്നാലെ നടക്കുകയാണ്. കുറച്ച് പേർക്കെല്ലാം ചെയ്തു.''

അഭിനയത്തിന് പുറമേ കഥയും കവിതയുമെല്ലാം എഴുതാറുണ്ട് നക്ഷത്ര. ഇനി  പഠനത്തിനൊപ്പം തന്നെ അഭിനയവും കൊണ്ടുപോകാനാണ് നക്ഷത്രയ്ക്കു താത്പര്യം. എന്നാൽ നിലവിൽ പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ല. തന്റെ അഭിനയത്തിന് ലഭിച്ച ഈ ബഹുമതി ആർക്കാണ് സമർപ്പിക്കുന്നത് എന്ന ചോദ്യത്തിന് തന്നെ കലാരംഗത്ത് ഏറെ പിന്തുണയ്ക്കുന്ന അച്ഛനും അമ്മയ്ക്കുമെന്നായിരുന്നു നക്ഷത്രയുടെ മറുപടി. നാടക പ്രവർത്തകനായ മനോജിന്റെയും വിജീഷയുടെയും മകളാണ് നക്ഷത്ര.  ഒമ്പത് വയസുകാരനായ ഋതുദേവാണ് നക്ഷത്രയുടെ സഹോദരൻ.