azhak

കണ്ണുകൾ മനോഹരമാക്കാനുള്ള പല വഴികളുമുണ്ട്. കണ്ണുകൾ ഭംഗിയുള്ളതാക്കാൻ അല്പമൊന്നു മനസു വച്ചാൽ മതി. വലിയ കണ്ണുകളെ മനോഹരമാക്കാനും ചെറിയ കണ്ണുകൾക്ക് വലിപ്പം കൂട്ടാനുമൊക്കെ ഐ മേക്കപ്പിലൂടെ സാധിക്കും.

 

1. കൺമഷി നല്ല കൺമഷി തിരഞ്ഞെടുക്കുകയാണ് ആദ്യ പടി. കണ്ണിന്റെ ഭംഗി കൂട്ടുന്നതിൽ പ്രധാന പങ്ക് കൺമഷിക്കുണ്ട്. ഉപയോഗിക്കാൻ എളുപ്പത്തിൽ വിവിധതരം ഐലൈനറുകൾ ഇന്ന് ലഭ്യമാണ്. അതിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. സാഹചര്യങ്ങൾക്കനുസരിച്ച് വേണം കണ്ണെഴുതേണ്ടത്. പാർട്ടിക്കു പോകുന്നതുപോലെയുള്ള മേക്കപ്പ് ഒരിക്കലും ഓഫീസിൽ പോകുമ്പോൾ ചെയ്യരുത്. അത് ഭംഗിയേക്കാൾ കൂടുതലായി അഭംഗിയാകും ഉണ്ടാക്കുക. ദിവസവുമുള്ള മേക്കപ്പിന് കണ്ണുകളിൽ കട്ടിയ്ക്ക് ഐലൈനർ വരയ്‌ക്കേണ്ടതില്ല. അതേസമയം, പാർട്ടിക്കു പോകുമ്പോൾ കുറച്ച് കട്ടിയായി തന്നെ കണ്ണുകൾ ഒരുക്കണം. മുകളിൽ വരയ്ക്കുന്നതു പോലെ തന്നെ കണ്ണിന് താഴെയും കൺമഷി എഴുതാൻ മറക്കരുത്.

2. ഐഷാഡോ ചർമ്മത്തിന്റെ നിറത്തിന് ഇണങ്ങുന്ന ഐഷാഡോ വേണം തിരഞ്ഞെടുക്കാൻ. ഓഫീസിൽ പോകുമ്പോൾ ഐഷാഡോ ഉപയോഗിക്കണമെന്നില്ല. ഉപയോഗിച്ചാൽ പോലും വളരെ നേർമ്മയിൽ ഇളം കളറുകൾ വേണം പുരട്ടേണ്ടത്. അതേസമയം, പാർട്ടിക്കു പോകുമ്പോൾ കണ്ണുകളെ കൂടുതൽ ആകർഷകമാക്കാൻ ഐഷാഡോ നിർബന്ധമായും ഉപയോഗിക്കണം. ആദ്യം ഇളം നിറത്തിലുള്ള ഐഷാഡോ ഇടുക. പിന്നീട് ആവശ്യമെങ്കിൽ വിവിധ വർണങ്ങൾ നൽകാം. തിരഞ്ഞെടുക്കുന്ന നിറങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ചർമ്മത്തിനിണങ്ങുന്ന നിറവും മുഖത്തിന് ചേരുന്ന മേക്കപ്പും വേണം തിരഞ്ഞെടുക്കേണ്ടത്. പാർട്ടിക്കു പോകുമ്പോഴാണെങ്കിൽ വസ്ത്രത്തിനിണങ്ങുന്ന നിറത്തിലുള്ള ഐഷാഡോ തന്നെ ഉപയോഗിക്കുക.

3. മസ്‌കാര കണ്ണുകൾ ആകർഷകമാക്കുന്നതിന് കൺപീലികൾക്ക് വളരെ ശ്രദ്ധ നൽകണം.അതിന് മസ്‌കാര വളരെയധികം സഹായിക്കും. കണ്ണുകൾ കൂടുതൽ വലുതും തിളക്കമുള്ളതുമാക്കാൻ മസ്‌കാര എഴുതുന്നതിലൂടെ സാധിക്കും. മാത്രവുമല്ല, കണ്ണുകൾക്ക് കൂടുതൽ കറുപ്പും തോന്നിക്കും. കൺപീലിയുടെ അഴകിന് പ്രധാനമായും ഉപയോഗിക്കേണ്ടതാണ് മസ്‌കാര. കണ്ണിന് പ്രത്യേകമായ ഒരെടുപ്പ് നൽകാൻ മസ്‌കാരയ്ക്ക് കഴിയും. പുറത്തിറങ്ങുമ്പോഴെല്ലാം മസ്‌കാര ഉപയോഗിക്കാൻ മറക്കരുത്. ചെറിയ മേക്കപ്പ് ആണ് കണ്ണുകൾക്ക് നൽകുന്നതെങ്കിലും കണ്ണുകളെ മനോഹരമാക്കാൻ മസ്‌കാര ഉപയോഗിക്കാവുന്നതാണ്.

4. ഐലാഷസ് കണ്ണിന് പീലി കുറഞ്ഞവർക്ക് വയ്ക്കാവുന്ന കൃത്രിമ ഐലാഷസുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഐലാഷസ് വെച്ചശേഷം മസ്‌ക്കാരയിടാം. മസ്‌ക്കാര ഉപയോഗിക്കുന്നതിനുമുമ്പ് പീലികൾ ഒരു ബ്രഷ് കൊണ്ട് മുകളിലേക്ക് ചുരുട്ടുകയും ചീകിവൃത്തിയാക്കുകയും വേണം. എന്നിട്ട് വേണം മസ്‌ക്കാര ഉപയോഗിക്കേണ്ടത്.

5. ഐ ബ്രേ പെൻസിൽ കണ്ണുകളെ ആകർഷകമാക്കുന്നതു പോലെ പ്രധാനമാണ് പുരികത്തിന്റെ ഭംഗിയും. പുരികം നല്ല രീതിയിൽ ഷേപ്പ് ആക്കിയ ശേഷം കറുപ്പ് തോന്നിക്കാൻ ഐബ്രോ പെൻസിൽ ഉപയോഗിക്കണം. വേണ്ടത് കരുതൽ കണ്ണുകൾക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടും. ഒരുപാട് സമയം മോണിറ്ററിൽ നോക്കിയിരുന്ന് ജോലി ചെയ്യുന്നവർ കണ്ണിന് അല്പം കരുതൽ നൽകാൻ മറക്കരുത്.ഇടയ്ക്കിടയ്ക്ക് കണ്ണുകൾ തണുത്ത വെള്ളത്തിൽ കഴുകുന്നതും കണ്ണടച്ച് അല്പസമയം ഇരിക്കുന്നതും ക്ഷീണമകറ്റാൻ നല്ലതാണ്.

കണ്ണിനടിയിലെ കറുപ്പിന് ഇനി ടെൻഷൻ വേണ്ട കണ്ണിനടിയിലെ കറുപ്പുനിറം എപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒരു ഘടകമാണ്. വെളളരിക്ക നീര് കണ്ണിന് താഴെ പുരട്ടി പതിനഞ്ചു മിനിട്ടിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നത് ഏറ്റവും നല്ല പ്രതിവിധിയാണ്. അതല്ലെങ്കിൽ വെള്ളരിക്ക നീരും ഉരുളക്കിഴങ്ങു നീരും നാരങ്ങാനീരും തുല്യ അളവിൽ ചേർത്ത് കണ്ണിന് ചുറ്റും പുരട്ടി ഇരുപത് മിനിട്ടിന് ശേഷം കഴുകി കളയുന്നതും കറുപ്പ് നിറം വേഗത്തിൽ മാറ്റും. അണ്ടർ ഐക്രീം പുരട്ടുന്നതും കണ്ണിനടിയിലെ കറുപ്പ് മാറ്റും.