sabarimala-women-entry

പത്തനംതിട്ട:ശബരിമലയിലെ സ്‌ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ സമവായമുണ്ടാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വിളിച്ച ചർച്ചയിൽ പങ്കെടുക്കേണ്ടെന്ന് തന്ത്രികുടുംബവും പന്തളം കൊട്ടാരം നിർവാഹക സമിതിയും തീരുമാനിച്ചത് സർക്കാരിന്റെ തന്ത്രത്തിന് തിരിച്ചടിയായി. അതേസമയം, തുലാമാസ പൂജകൾക്ക് നട തുറക്കാൻ പത്തുദിവസം മാത്രം ശേഷിക്കെ ആചാര സംരക്ഷണത്തിന്റെ പേരിലുള്ള സമരം ശക്തമാകുകയാണ്.

  കോടതിവിധി ധൃതിപിടിച്ച് നടപ്പാക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് ഇന്നലെ നടന്ന നിർവാഹകസമിതി യോഗത്തിന് ശേഷം പന്തളം കൊട്ടാരം സർക്കാരിനെയും ദേവസ്വം ബോർഡിനെയും അറിയിച്ചു. ഇനി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്നും പ്രശ്നത്തിൽ എൻ.എസ്.എസുമായി ചേർന്ന് മുന്നോട്ടു പോകുമെന്നും കൊട്ടാരം വ‌ൃത്തങ്ങൾ പറഞ്ഞു. ആചാരം സംരക്ഷിക്കാൻ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകണമെന്ന ആവശ്യം ദേവസ്വം ബോർഡ് തളളിയതും മുഖ്യമന്ത്രിയുമായുള്ള ചർച്ച ഉപേക്ഷിക്കാൻ കാരണമായി.തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ചേർന്ന് നാളെ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകും. തുറന്ന കോടതിയിൽ കേസ് പരിഗണിക്കണമെന്ന്  ആവശ്യപ്പെടും.

കൊട്ടാരത്തിന്റെയും തന്ത്രിമാരുടെയും തീരുമാനങ്ങൾക്ക് അഖില കേരള തന്ത്രി സമാജവും യോഗക്ഷേമസഭയും പിന്തുണ പ്രഖ്യാപിച്ചു. സർക്കാരിന്റെ ചർച്ചയ്‌ക്കുള്ള ക്ഷണം തള്ളിയ  തന്ത്രികുടുംബത്തിന്റെ തീരുമാനത്തെ ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് സ്വാഗതം ചെയ്തു.

 എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധി  നടപ്പാക്കുകയല്ലാതെ മാർഗമില്ലെന്ന് സർക്കാർ തന്ത്രികുടുംബത്തെയും പന്തളം കൊട്ടാരത്തെയും അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാൻ തയ്യാറാണെന്ന് ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ശബരിമലയിൽ സ്ത്രീകൾക്കായി ഒരുക്കുന്ന സൗകര്യങ്ങളെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കും. 

പ്രക്ഷോഭം വ്യാപിക്കുന്നു

 ഇന്നലെയും സംസ്ഥാനത്ത് സ്ത്രീകളുടെ വലിയ പങ്കാളിത്തത്തോടെ നാമജപ യാത്രകൾ നടന്നു. സമരം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ബംഗളുരുവിലും ഡൽഹിയിലും ഹൈദരാബാദിലും നാമജപ യാത്ര നടന്നു.കൊച്ചിയിൽ ഇന്ന് ഹിന്ദുസംഘടനകളുടെ യോഗത്തിൽ പ്രക്ഷാേഭം ശക്തമാക്കാനുളള പ്രഖ്യാപനങ്ങളുണ്ടാകും. എരുമേലിയിലെ ദേവസ്വം ഒാഫീസ് ഹിന്ദുഎെക്യവേദി പ്രവർത്തകർ താഴിട്ടു പൂട്ടി

 നിലയ്ക്കലിൽ പർണശാല സമരം

വനിതാ പൊലീസ് അടക്കം യുവതികൾ എത്തുന്നത് തടയാൻ ശബരിമല ആചാര സംരക്ഷണ സമിതി നിലയ്ക്കലിൽ പർണശാല കെട്ടി താമസം തുടങ്ങി.അവിടെ ആയിരങ്ങളെ പങ്കെടുപ്പിച്ചുളള രാപ്പകൽ നാമജപം നടത്താനാണ് സമിതിയുടെ തീരുമാനം. ദേവസ്വം ബോർഡിന്റെ സ്ഥലത്ത് പർണശാല സമരത്തെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ സംഘർഷ സാദ്ധ്യതയുമുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് പൊന്നമ്പലമേട് വഴി വനിതാ പൊലീസിനെ സന്നിധാനത്ത് എത്തിക്കാനും ആലോചനയുണ്ട്.

പ്രതിഷേധം തെറ്റിദ്ധാരണ മൂലം:കടകംപള്ളി

വിശ്വാസികളുടെ പ്രതിഷേധം തെറ്റിദ്ധാരണ മൂലമാണെന്നും കുറച്ചു ദിവസങ്ങൾക്കകം തെറ്രിദ്ധാരണ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.പുനഃപരിശോധനാ ഹർജി നൽകേണ്ട കാര്യം  സർക്കാരിനില്ല. തന്ത്രികുടുംബവുമായുള്ള ചർച്ചയെക്കുറിച്ചും അറിയില്ല.കോൺഗ്രസും ബി.ജെ.പിയുമാണ് തെറ്രിദ്ധാരണകൾ പരത്തുന്നത്. സുപ്രീംകോടതിധി അന്തിമമാണെന്ന് തന്ത്രികുടുംബത്തിനും വിവാദമുണ്ടാക്കുന്നവർക്കും അറിയാഞ്ഞല്ല.റിവ്യൂ ഹർജി നൽകുന്നവർ നൽകട്ടെ.അന്തിമ തീരുമാനം വരുമ്പോൾ മറ്റുകാര്യങ്ങൾ ആലോചിക്കാം. ചോദിച്ചുവാങ്ങിയ വിധിയെന്ന പ്രതിപക്ഷനേതാവിന്റെ പരാമർശത്തിൽ കഴമ്പില്ല. സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഇടത് സർക്കാരോ സി.പി.എമ്മോ സുപ്രീംകോടതിയിൽ പോയിട്ടില്ല.വിശ്വാസികൾക്ക് വ്യത്യസ്ത അഭിപ്രായമുള്ളതിനാൽ ആചാരങ്ങളിൽ അഗാധപാണ്ഡിത്യം ഉള്ളവരുടെ കമ്മിഷൻ അന്തിമ തീരുമാനം എടുക്കണമെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത്. ഭരണഘടനയുടെ എല്ലാവശങ്ങളും പരിശോധിച്ചാണ് സുപ്രീംകോടതി അന്തിമവിധി  പറഞ്ഞതെന്നും കടകംപള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു.