modi-

ന്യൂഡൽഹി: ഛത്തിസ്ഗഡ്, മിസോറം, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഏറ്റവും തീപാറുന്ന പേരാട്ടം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്  മധ്യപ്രദേശിലും ഛത്തീസ്ഗഡിലും.

ബി.ജെ.പിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ഇവിടെ കളമൊരുങ്ങുന്നത്. കൈയിലുള്ളവ മുറുകെ പിടിക്കാൻ ബി.ജെ.പി ഇറങ്ങുമ്പോൾ, 2003 മുതൽ ഭരണം നഷ്ടമായ സംസ്ഥാനങ്ങൾ ഇത്തവണ എന്തു വിലകൊടുത്തും തിരിച്ചുപിടിക്കണമെന്ന സന്ദേശമാണു പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയിൽനിന്ന്  സംസ്ഥാന നേതൃത്വങ്ങൾക്ക് കിട്ടിയിരിക്കുന്നത്. 

ഇരു സംസ്ഥാനങ്ങളിലും ആർ.എസ്.എസിന്റെ വ്യാപക ശൃംഖലയുണ്ട്. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ചിട്ടയോടെയുള്ള പ്രചാരണമാണ് ഇവിടങ്ങളിൽ നടക്കുന്നത്. രാജ്യസ്നേഹം, അഴിമതി എന്നീ വിഷയങ്ങളാണ് കോൺഗ്രസിനെ കടന്നാക്രമിക്കാൻ ബി.ജെ.പി ആയുധമാക്കുക. അതേസമയം, സഖ്യത്തിനില്ലെന്നു വ്യക്തമാക്കിയെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നാൽ, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മായാവതി തങ്ങൾക്കൊപ്പം നിൽക്കുമെന്ന വിശ്വാസത്തിലാണു കോൺഗ്രസ്.

ഛത്തീസ്ഡഗിൽ നവംബർ 12, 20 തീയതികളിലും മധ്യപ്രദേശിലും മിസോറാമിലും നവംബർ 28നും രാജസ്ഥാനിലും തെലങ്കാനയിലുംഡിസംബർ ഏഴിനുമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 11നാണ് വോട്ടെണ്ണൽ.