ബെയ്ജിങ് : കാണാതായ ഇന്റർപോൾ തലവൻ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലോക പൊലീസായി വാഴ്ത്തപ്പെടുന്ന ഇന്റർപോളിന്റെ തലവനെ ചൈനയിൽ വച്ച് കാണാനില്ലെന്ന പരാതി ഉയർന്നപ്പോൾ തന്നെ ചൈനീസ് ഭരണകൂടമാണ് പിന്നിലെന്ന് ആരോപണം വന്നിരുന്നു. ചൈനീസ് പൗരനായ മെങ് ഹോങ് വേ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ചൈനയുടെ അഴിമ,തി വിരുദ്ധ ഏജൻസിയാണ് പ്രസ്താവനയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞമാസം അവസാനത്തോടെ മെങ് ഹോങ് വേയെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
രണ്ട് വർഷം മുൻപാണ് മെങ് ഹോങ് വേ ഇന്റർപോളിന്റെ തലവനായി ചുമതല ഏറ്റെടുത്തത്. 2020 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു, എന്നാൽ ചൈന കസ്റ്റഡിയിലെടുത്തു എന്ന പ്രസ്താവന വന്നതോടെ ഇന്റർപോൾ താത്കാലിക പ്രസിഡന്റിനെ നിയമിച്ചു. സമൂഹത്തിലെ ഉയർന്ന നിലയിൽ പ്രവർത്തിക്കുന്നവരെ അഴിമതി ആരോപിച്ച് കടുവ വേട്ട എന്ന കോഡിലാണ് ചൈനീസ് അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുക്കുന്നത്. എന്നാൽ ഇവരെ കുറിച്ച് യാതൊരു വിവരവും പിന്നീട് പുറം ലോകത്തിന് ലഭ്യമാവുകയില്ല. മെങ് ഹോങ് വേയുടെ തിരോധാനത്തെക്കുറിച്ച് ഇന്റർപോൾ അന്വേഷണം ആരംഭിച്ചതോടെയാണ് വിവരങ്ങൾ പുറത്ത് വിടാൻ ചൈന നിർബന്ധിതരായത്.