'ബോയ്ഫ്രണ്ട് " എന്ന ചിത്രത്തിലൂടെ സംവിധായകൻ വിനയൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച സുന്ദരിയാണ് ഹണി റോസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഹണി തന്റെ സാനിധ്യമറിയിച്ചു കഴിഞ്ഞു. 13 വർഷങ്ങൾക്കു ശേഷം ഹണി വീണ്ടും വിനയൻ ചിത്രത്തിന്റെ ഭാഗമാവുകയാണ്. ഹണിയുടെ വിശേഷങ്ങളിലൂടെ.
ചാലക്കുടിക്കാരൻ ചങ്ങാതി
മണിച്ചേട്ടനോടുള്ള ഒരു ട്രിബ്യൂട്ട് ആയിട്ടാണ് ചാലക്കുടിക്കാരൻ ചങ്ങാതി വരുന്നത്. മണിച്ചേട്ടന്റെ ജീവിതത്തിൽ നിന്നും എടുത്തിട്ടുള്ള കുറേ സംഭവങ്ങളുടെ ഒരു കൂടിച്ചേരലാണ് ഈ സിനിമ. പൂർണമായും ഒരു ബയോപിക് എന്നു പറയാനാവില്ല. സംവിധായകന്റേതായ ഒരു കാഴ്ചപ്പാടു കൂടി ഈ സിനിമയിൽ വരുന്നുണ്ട്. ജീവിച്ചിരിക്കുന്ന അല്ലെങ്കിൽ ഈ അടുത്ത കാലം വരെ ജീവിച്ചിരുന്ന ഒരാളെക്കുറിച്ച് പറയുമ്പോൾ നമുക്ക് അങ്ങനെയേ അവതരിപ്പിക്കാൻ പറ്റുള്ളൂ. അദ്ദേഹം കടന്നുപോയ ജീവിതമുഹൂർത്തങ്ങളുടെ ഒരു 99 ശതമാനവും ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പിന്നെ വലിയൊരു സന്തോഷമുള്ളത് 13 വർഷങ്ങൾക്കു ശേഷം വിനയൻ സാറിന്റെ പടത്തിന്റെ ഭാഗമാവാൻപറ്റിയെന്നുള്ളതാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അവസരമായിരുന്നു ഇത്. ആളുകൾക്ക് ഇഷ്ടപ്പെടുമെന്നാണ് നൂറുശതമാനം പ്രതീക്ഷ. മണിച്ചേട്ടൻ ആളുകൾക്കിടയിൽ ജീവിച്ചിരുന്ന ഒരാളായിരുന്നു.
പ്രിയപ്പെട്ട മണിച്ചേട്ടൻ
മണിച്ചേട്ടനെ കുറിച്ച് കേൾക്കുമ്പോൾ ഏറ്റവുമധികം അനുഭവിക്കുന്ന വിഷമം ചേട്ടനെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല എന്നതാണ്. പക്ഷേ ഒരിക്കലും ചേട്ടനെ കണ്ടിട്ടില്ല എന്നുള്ള കാര്യം ഇതുവരെ ഞാൻ മനസുകൊണ്ട് അംഗീകരിച്ചിട്ടില്ല. മണിച്ചേട്ടൻ അത്രത്തോളം സുപരിചിതനാണ് എല്ലാവർക്കും, അത്രമാത്രം തൊട്ടടുത്തു നിൽക്കുന്ന ഒരാളാണ്. താരമായപ്പോഴും സാധാരണക്കാരുടെ കൂടെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് മലയാളികൾക്കെല്ലാമറിയാം. എന്നും മനുഷ്യനായിരുന്നു ചേട്ടൻ. നമ്മളാരും പ്രതീക്ഷിക്കാതെ മണിച്ചേട്ടൻ നമ്മെ വിട്ടുപോയി എന്നതാണ് സത്യം.
ഒരു അഭിനേതാവിനപ്പുറം അദ്ദേഹം ഒരു വലിയ കലാകാരനായിരുന്നു. അദ്ദേഹം കൈവയ്ക്കാത്ത മേഖലകൾ ഇല്ല എന്നുതന്നെ പറയാം. ഏറ്റവും കഴിവുള്ള ഒരു ഗായകനാണ്. നാടൻപാട്ട് എന്ന പ്രസ്ഥാനത്തെ ഇന്നത്തെ രീതിയിൽ ജനകീയമാക്കിയതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. സ്റ്റേജിൽ വളരെ മികച്ചൊരു പെർഫോർമറായിരുന്നു. പാചകം, തെങ്ങുകയറ്റം, ഓട്ടോ തുടങ്ങി മണിച്ചേട്ടൻ കൈവയ്ക്കാത്ത മേഖലകൾ ചുരുക്കമാണ്. ഇത്രയും ആഴത്തിൽ അദ്ദേഹത്തെക്കുറിച്ച് അറിയാൻ സാധിച്ചത് ഈ സിനിമയുടെ ഭാഗമായതുകൊണ്ടാണ്. സിനിമയിൽ മണിച്ചേട്ടന്റെ വേഷമിടുന്ന രാജാമണി ഇതെല്ലാം പഠിക്കേണ്ടി വന്നു. കാരണം കലാഭവൻ മണി എന്നത് അത്രയ്ക്കും പച്ചയായ ഒരു മനുഷ്യനായിരുന്നു. അതൊരു അസാധാരണജീവിതം തന്നെയായിരുന്നു. ആർക്കും വിശ്വസിക്കാൻ കഴിയാത്ത എളിമയായിരുന്നു അദ്ദേഹത്തി ന്റെ പ്രത്യേകത.
വിനയൻസാർ എന്റെ ഗുരുനാഥൻ
വിനയൻസാർ ശരിക്കും എനിക്ക് ഗുരുനാഥനാണ്. 13 വർഷം മുമ്പ് വിനയൻ സാറിന്റെ ' ബോയ്ഫ്രണ്ടി "ലൂടെയാണ് ഞാൻ ഈ സിനിമാരംഗത്ത് എത്തുന്നത്. 'ബോയ്ഫ്രണ്ടി"ൽ വന്ന അതേ മനസോടെയാണ് ചാലക്കുടിക്കാരൻ ചങ്ങാതിയുടെ സെറ്റിലും വന്നത്. ഓരോ ഷോട്ടിലും ഞാനാകെ ടെൻഷനിലായിരുന്നു. നന്നായോ ഇല്ലയോ എന്ന് പതിവിൽ കൂടുതൽ ആലോചനയായിരുന്നു. പക്ഷേ സാർ വളരെ കൂളായിരുന്നു. ഒരു ആക്ടർ എന്ന നിലയിൽ എനിക്ക് ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടായി എന്ന് വിനയൻസാർ പറഞ്ഞു. എന്നെ സംബന്ധിച്ച് അതൊരു വലിയ അഭിനന്ദനമാണ്. കാരണം എന്റെ ആദ്യ സിനിമ സാറിന്റെ കൂടെയായിരുന്നല്ലോ. അപ്പോൾ ആ അഭിനന്ദനം അവാർഡു പോലെ തന്നെയാണ്. നല്ല സന്തോഷം തോന്നി അതു കേട്ടപ്പോൾ.
നമ്മുടെ ഭാഷ മലയാളം
നമ്മുടെ ഭാഷ നമ്മുടെ ആൾക്കാർ നമ്മുടെ സംസ്കാരം ഇതൊക്കെ തരുന്ന സുഖം ഒന്നുവേറെ തന്നെയാണ്. മറ്റു ഭാഷകളിലേക്ക് പോകുമ്പോൾ എല്ലാം വ്യത്യസ്തമാണ്. ഭാഷ, സംസ്കാരം, കാലാവസ്ഥ ഇതിലെല്ലാം ആ വ്യത്യാസം നമുക്കറിയാൻ സാധിക്കും. ആദ്യസമയങ്ങളിൽ അത് വല്ലാതെ ബാധിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ അതൊന്നും പ്രശ്നമല്ല. തമിഴ് ഭാഷ എനിക്ക് വളരെ ഇഷ്ടമാണ്. അത്യാവശ്യം നന്നായി അറിയുന്ന ഭാഷയാണ്. തെലുങ്ക്, കന്നട തുടങ്ങിയവയുടെ കാര്യത്തിൽ അത്രപോരാ. ശരിക്കും അവ പഠിച്ചെടുക്കാനുള്ള സമയം കിട്ടിയിട്ടില്ല എന്നതാണ് സത്യം. തമിഴ് സിനിമയുടെ കാര്യം പറയുമ്പോൾ ആദ്യം മനസിൽ വരുന്നത് അവർ നൽകുന്ന ബഹുമാനമാണ്. അഭിനേതാക്കളെയൊക്കെ അവർ ദൈവത്തെപോലെയാണ് കാണുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ പോലും വലിയ പരിഗണനയാണ്. അവർ സാധാരണ ജീവിതത്തിലും അങ്ങനെ തന്നെയാണെന്നാണ് തോന്നുന്നത്. എനിക്ക് ഭയങ്കര അത്ഭുതമായിരുന്നു ഇതൊക്കെ. അത്ര സ്നേഹം അവർ തരുന്നുണ്ട്.
ചാലക്കുടിക്കാരൻ ചങ്ങാതിയിലെ 'കവിത"
ചാലക്കുടിക്കാരൻ ചങ്ങാതി പൂർണമായും ഒരു ബയോപിക് ആണെന്ന് പറയാൻ പറ്റില്ല. അതിൽ ഞാൻ അവതരിപ്പിക്കുന്ന കവിത എന്ന കഥാപാത്രം ശരിക്കും ഒരു നെഗറ്റീവ് ഷേയ്ഡുള്ള ഒന്നാണ്. അത്തരത്തിലുള്ള വേഷങ്ങൾ മുമ്പ് ചെയ്തിട്ടുണ്ടെങ്കിലും കവിതയെ അതിൽ നിന്നൊക്കെ വ്യത്യസ്തയാക്കുന്നത് ജീവിച്ചിരിക്കുന്ന കഥാപാത്രമാണ് എന്നതാണ്. മണിച്ചേട്ടൻ തന്നെ പറഞ്ഞിട്ടുള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ട്. പലതും വേദനിപ്പിക്കുന്ന അല്ലെങ്കിൽ അപമാനിക്കുന്ന തരത്തിലുള്ളവയായിരുന്നു. ഈ കുട്ടിയും പലപ്പോഴും അതിന്റെ ഭാഗമായിരുന്നു. ഒരുപക്ഷേ ഞാൻ ചെയ്തിട്ടുള്ളതിൽ വച്ചേറ്റവും റിയൽ ആയ കഥാപാത്രമാവും ഇത്. സിനിമാരംഗത്തു തന്നെയുള്ള പലരുമാണിതെന്നും പറയാം.
സിനിമ തന്നെ സന്തോഷം
എന്നെ സംബന്ധിച്ച് സിനിമയിലേക്ക് വന്നതു തന്നെയാണ് ഏറ്റവും വലിയ സന്തോഷം. പ്രതിസന്ധികളുണ്ടാകാറുണ്ട് എന്നാലും അവയെ തരണം ചെയ്ത് മുന്നോട്ട് പോകാറുണ്ട്. 13 വർഷം സിനിമയിൽ നിൽക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. അഭിമാനം തന്നെയാണത്.
പ്രണയ നായികയാവണം
ഒരു പരിധിവരെ ആഗ്രഹിച്ച കഥാപാത്രങ്ങളൊക്കെ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഞാൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങൾ അധികവും ബോൾഡ് ആയിട്ടുള്ളവയാണ്. അതിൽ നിന്നും മാറി ഒരു റൊമാന്റിക് മൂവി ചെയ്യണം. തമിഴ് പടങ്ങൾ ചെയ്യണം. കാരണം തമിഴ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഭാഷയാണ്. പിന്നെ വിജയ്ന്റെ കൂടെ അഭിനയിക്കണം എന്നൊരു വലിയ ആഗ്രഹം ഉണ്ട്.
ആത്മവിശ്വസം മുന്നോട്ടു നയിക്കുന്നു
നമുക്ക് ഒരു ലക്ഷ്യമുണ്ടാവണം. ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഠിനാധ്വാനവും ആത്മവിശ്വാസവും വേണം. നമ്മുടെ പോരായ്മകൾ മനസിലാക്കി തിരുത്തി മുന്നോട്ടു പോകണം. ഈ രംഗത്ത് നിലനിൽക്കണമെങ്കിൽ ഒരുപാട് കഠിനാധ്വാനം ആവശ്യമാണ്. നമ്മുടെ ശരീരം നന്നായിരിക്കുക എന്നതുതന്നെ ഒരു വെല്ലുവിളിയാണ്. അതിനായി വർക്കൗട്ട് ചെയ്യണം, ആഹാരം ക്രമീകരിക്കണം. ഇതിനൊക്കെ സമയം കണ്ടെത്തണം. ഇതൊന്നും അത്ര എളുപ്പമുള്ളതല്ല. നമുടെ ഏറ്റവും വലിയ ഇഷ്ടത്തിനു വേണ്ടി ചെറിയ ചെറിയ ഇഷ്ടങ്ങൾ മാറ്റി വയ്ക്കണം. അതിന് തയ്യാറാവുന്ന ആൾക്കു മാത്രമേ സിനിമയിൽ വിജയിക്കാനാവൂ. സമർപ്പണമാണ് ഏറ്റവും വലിയ കാര്യമെന്ന് ഞാൻ പറയും.
ഇടിച്ചു കയറുന്നവരുടെ തലമുറ
ഇപ്പോഴത്തെ കുട്ടികളോട് പ്രത്യകിച്ച് ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. അവർക്ക് സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഒരു അടിസ്ഥാന ധാരണയുള്ളതുകൊണ്ടു തന്നെ സിനിമയിലേക്കുള്ള വഴി പുതുതലമുറയെ സംബന്ധിച്ച് പ്രയാസമുള്ള ഒന്നല്ല. കഴിവുണ്ട്, അതിൽ വിശ്വാസമുണ്ട് എങ്കിൽ അത് തെളിയിക്കാനുള്ള പ്ലാറ്റ്ഫാം ഇപ്പോൾ സർവസാധാരണമാണ്. അതൊരു ഷോർട് ഫിലിമോ ഡബ്സ്മാഷോ ഒക്കെയാകാം. ഇടിച്ചുകയറി സിനിമയിലേക്ക് വരുന്നവരാണ് ഇപ്പോഴത്തെ തലമുറ.
ആണുങ്ങൾ തന്നെയാണ് മുന്നിൽ
സിനിമയിലെ സ്ത്രീ-പുരുഷ സമത്വം എന്ന സങ്കൽപ്പം എങ്ങനെ യാഥാർത്ഥ്യമാവും എന്നതാണ് എന്റെ സംശയം. നമ്മുടെ സിനിമാ രംഗത്ത് എന്നും സ്ത്രീകൾ ഒരുപടി പിന്നിലാണ്. അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് പുരുഷൻമാർ തന്നെയാണ്. അതങ്ങനെയേ ആവുള്ളൂ കാരണം ഞാനിപ്പോൾ ഒരു സിനിമ ചെയ്താൽ അത് ലാലേട്ടനോ, മമ്മൂക്കയോ ചെയ്യുന്ന സിനിമയ്ക്കു കിട്ടുന്ന സ്വീകാര്യത കിട്ടിയെന്ന് വരില്ല. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയ്ക്ക് കിട്ടുന്ന പരിഗണന എപ്പോഴും പരിമിതമായിരിക്കും. തുല്യത നിലവിൽ വരണം എന്നത് എന്റെ ഒരു ആഗ്രഹമാണ്. പക്ഷേ അതെങ്ങനെ എന്നുള്ളതാണ് പ്രശ്നം. ഒരു പക്ഷേ നമ്മുടെ സമൂഹത്തിൽ തന്ന ഒരു വലിയ മാറ്റം വന്നാൽ മാത്രമേ ഇതിനൊരു പരിഹാരം ഉണ്ടാവൂ. നല്ല കലാകാരൻമാർ വരണം, സ്ത്രീ കേന്ദ്രീകൃതമായ നല്ല സിനിമകൾ ചെയ്യണം, അവ വിജയിക്കുകയും വേണം എന്നാൽ മാത്രമേ നിലവിലെ സ്ഥിതിക്ക് മാറ്റം വരൂ.
മാറ്റങ്ങൾ അനിവാര്യം
മാറ്റങ്ങൾ എല്ലാക്കാലത്തും ഉള്ളതാണ്. റിയലിസ്റ്റിക് ആയ സിനിമകളാണ് ഇനി വരേണ്ടത്. ഈ അടുത്ത് കണ്ടതിൽ വച്ചേറ്റവും ഇഷ്ടപ്പെട്ട സിനിമ 'മഹേഷിന്റെ പ്രതികാരം" ആണ്. വളരെ സ്വാഭാവികമായ ഒരു സിനിമ. സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന അത്തരം സിനിമകളാണ് ഇപ്പൊഴത്തെ പ്രേക്ഷകർക്ക് വേണ്ടത്.