ശ്രീനഗർ: മുൻ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും നാഷണൽ കോൺഫറൻസും ആഹ്വാനം ചെയ്‌ത ബഹിഷ്‌ക്കരണ ഭീഷണിക്കിടെ ജമ്മു കാശ്‌മീരിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് തുടങ്ങി. ആകെയുള്ള 1200 തദ്ദേശസ്ഥാപന വാർഡുകളിൽ 420 എണ്ണമാണ് ഇന്ന് വിധിയെഴുതുന്നത്. നാല് ഘട്ടമായി നടക്കുന്ന തിരഞ്ഞെുപ്പിൽ ആകെ 2990 സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിനെ നേരിടും. ഇതിന് മുമ്പ് 2005ലാണ് കാശ്‌മീരിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്.
അതിനിടെ 240 സ്ഥാനാർത്ഥികൾ ഇതിനോടകം തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ 75 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ താഴ്‌വരയിലെ ഏഴോളം മുൻസിപ്പൽ കോർപ്പറേഷനുകളിൽ തങ്ങൾക്ക് അധികാരം പിടിക്കാനായെന്ന് ബി.ജെ.പി ഇതിനോടകം തന്നെ അവകാശപ്പെട്ടിട്ടുണ്ട്. തീവ്രവാദികളുടെ ഭീഷണിക്കിടയിൽ നടന്ന ആദ്യഘട്ട പ്രചാരണം ശനിയാഴ്‌ചയാണ് അവസാനിച്ചത്. എന്നാൽ സുരക്ഷാ സേനയുടെ രഹസ്യകേന്ദ്രത്തിൽ കഴിയുന്ന സ്ഥാനാർത്ഥികളും പ്രധാന പാർട്ടികളൊന്നും തന്നെ തീവ്രവാദികളുടെ ഭീഷണിയുടെ അടിസ്ഥാനത്തിൽ താഴ്‌വരയിൽ കാര്യമായ പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല.
അതേസമയം, 13 വർഷത്തിന് ശേഷം താഴ്‌വരയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് സംസ്ഥാനത്തെ രണ്ട് പ്രധാന പാർട്ടികൾ ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 35 എയിൽ കേന്ദ്രം ഉറപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ കളിയാക്കുന്നതാണെന്നും ഇവർ ആരോപിക്കുന്നു.