പ്രളയാനന്തര കേരള നിർമ്മിതിക്കായി പൊതുജനത്തിന്റെ കൈയിൽ നിന്നും ബക്കറ്റ് പിരിവിലൂടെ സി.പി.എം സ്വരൂപിച്ച തുക എത്തേണ്ടിടത്ത് എത്തി എന്നതിന് തെളിവ് ചോദിച്ച് വി.ടി.ബൽറാം എം.എൽ.എ. പതിനെട്ട് കോടിയോളം രൂപയാണ് പൊതുജനം പിരിവായി നൽകിയതെന്ന് പാർട്ടി പുറത്ത് വിട്ട രേഖകൾ സൂചിപ്പിക്കുന്നത്. അതേ സമയം ഈ തുക പ്രാദേശിക ഘടകങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതാണ് സംശയം ജനിപ്പിക്കുന്നത്. ഈ തുക ചേർത്ത് വച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി നേരിട്ട് മുഖ്യമന്ത്രിക്ക് നൽകിയിരുന്നുവെങ്കിൽ ഈ ആരോപണങ്ങൾ ഒഴിവാക്കാനാവുമായിരുന്നുവെന്നും വി.ടി.ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.നിലവിൽ സി.പി.എം പിരിച്ചെടുത്ത ആകെ തുകയുടെ കണക്ക് മാത്രമേ പുറത്ത് വന്നുള്ളൂവെന്നും സുതാര്യത ഉറപ്പ് വരുത്താൻ അത് മാത്രം മതിയാവില്ലെന്നും അഭിപ്രായപ്പെടുന്ന വി.ടി.ബൽറാം പിരിഞ്ഞുകിട്ടിയത് മുഴുവൻ എത്തേണ്ടിടത്ത് എത്തിയോ എന്നതിന് എന്തെങ്കിലും കണക്കോ തെളിവോ ഉണ്ടോയെന്നും ആരോപണം ഉന്നയിക്കുന്നു.