തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിശ്വാസികളെ ബാധിക്കുന്ന ഈ വിധി മറികടക്കാൻ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ ഓർഡിനൻസ് കൊണ്ടുവരാവുന്നതാണെന്നും യു.ഡി.എഫ് യോഗത്തിന് ശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല വിഷയത്തിൽ യു.ഡി.എഫ് വിശ്വാസികൾക്കൊപ്പമാണ്. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ വിശ്വാസത്തെ സംരക്ഷിക്കും. ശബരിമലയെ സംഘർഷഭൂമിയാക്കുന്നതിനോട് യോജിക്കാനാകില്ല. ശബരിമല വിഷയത്തിൽ ബി.ജെ.പിയും ആർ,എസ്.എസും അവസരവാദ നിലപാടാണ് സ്വീകരിക്കുന്നത്. കോടതിയിൽ കേസ് വന്നപ്പോൾ ബി.ജെ.പി കക്ഷി ചേർന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ബ്രൂവറികൾ അനുവദിച്ചത് വഴി സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് പുറത്ത് വന്നിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയ്യാറാകാത്തത് നിർഭാഗ്യകരമാണ്. നിയമവിധേമായാണ് എല്ലാം ചെയ്തതെന്ന് പറയുന്ന മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത വിധത്തിൽ സി.പി.എം തന്നെ പത്മവ്യൂഹത്തിലായിരിക്കുകയാണ്. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് പോലും മിണ്ടാനാകാത്ത സാഹചര്യമാണ്. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം 11ന് 140 നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ് ധർണ നടത്തും.