heat-wave

ന്യൂഡൽഹി: 2015ൽ 2500ലധികം പേരുടെ മരണത്തിന് ഇടയാക്കിയ ഉഷ്‌ണക്കാറ്റിനേക്കാൾ ഭയാനകമായ പ്രതിഭാസം ഇന്ത്യയെ പിടിച്ചുകുലുക്കാൻ എത്തുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഇന്റർഗവൺമെന്റൽ പാനൽ (ഐ.പി.സി.സി) തിങ്കളാഴ്‌ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോർട്ട് ഉള്ളത്. വ്യവസായവത്കരണത്തിന് മുമ്പുള്ള താപനിലയേക്കാൾ രണ്ട് ഡിഗ്രി കൂടിയാൽ ഇന്ത്യ അത്യുഷ്‌ണത്തിലേക്ക് പോകുമെന്നും ആയിരങ്ങൾക്ക് ജീവൻ നഷ്‌ടമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, റിപ്പോർട്ട് ഡിസംബറിൽ പോളണ്ടിൽ നടക്കുന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. ഏറ്റവും കൂടുതൽ കാർബർ പുറംതള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്‌ക്ക് ഈ ഉച്ചകോടിയിൽ നിർണായക സ്ഥാനമാണുള്ളത്.സമാനമായ രീതി പിന്തുടരുകയാണെങ്കിൽ 2030നും 2052നും ഇടയിൽ ആഗോള താപനിലയിൽ 1.5 ഡിഗ്രി സെൽഷ്യസ് വർദ്ധിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അത്യുഷ്‌ണം ഇന്ത്യൻ ഉപദ്വീപിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കൊൽക്കത്തയിലും കറാച്ചിയിലും ആയിരിക്കും. 2015ൽ അനുഭവപ്പെട്ടതിനേക്കാൾ കൂടുതൽ ചൂട് ഇവിടെ അനുഭവപ്പെടും. കാലാവസ്ഥാമാറ്റമായിരിക്കും ഇതിന് ഏറ്റവും കൂടുതൽ കാരണമാകുക. കാലാവസ്ഥാമാറ്റം ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്നും ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നും റിപ്പോർട്ടിൽ തുടരുന്നു. കാലാവസ്ഥാമാറ്റത്തെ തുടർന്ന് ഭക്ഷ്യക്ഷാമം, ജീവിത സാഹചര്യങ്ങളുടെ ദൗർബല്യം, ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവ കാരണം ദാരിദ്ര്യം വർദ്ധിക്കുമെന്നും റിപ്പോർട്ട് തുടരുന്നു.

2015ൽ ഇന്ത്യയിലും പാകിസ്ഥാനിലും അനുഭവപ്പെട്ട അത്യുഷ്‌ണത്തിൽ 2500ലധികം പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകകൾ. 1995ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില അനുഭവപ്പെട്ടതും ഈ സമയത്തായിരുന്നു.  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമാണ് അത്യുഷ്ണം ഏറ്റവും കൂടുതൽ ബാധിച്ചത്. 1990ന് ശേഷം 20000ൽ അധികം പേർ ഉഷ്‌ണം കാരണം ഇന്ത്യയിൽ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.