സത്യനും പരമേശ്വരനും ഓട്ടോകളിലേക്കു സൂക്ഷിച്ചുനോക്കി.
''ആരാ?' പരമേശ്വരൻ എഴുന്നേറ്റു.
''സത്യൻ?' ഓട്ടോയിൽ നിന്ന് ഒരു ചോദ്യം കേട്ടു.
''ഞാനാ..' പറഞ്ഞുകൊണ്ട് അവനും എഴുന്നേൽക്കാൻ ഭാവിച്ചതേയുള്ളൂ.
ഓട്ടോകളിൽ നിന്ന് കുറേപ്പേർ ചാടിയിറങ്ങി.
എട്ടുപേർ!
അവരുടെ കയ്യിലെ വടിവാളുകളിലെ തിളക്കം തെല്ലകലെ കോളേജ് ഭിത്തിയിലെ വെളിച്ചത്തിൽ കണ്ടു.
സത്യന് ആശങ്ക മണത്തു. പരമേശ്വരനും.
ഓട്ടോയിൽ നിന്നിറങ്ങിയവർ സത്യന്റെ നേരെ പാഞ്ഞടുത്തു.
''നിങ്ങൾക്ക് എന്തുവേണം?'
പരമേശ്വരൻ അവരെ തടയാനാഞ്ഞു.
''അങ്ങോട്ട് മാറിനിൽക്ക് കിഴവാ...'
മുന്നിൽ വന്നയാൾ ആന, തുമ്പിക്കൈ ചുരുട്ടിപ്പിടിക്കുന്നതു പോലെ പരമേശ്വരന്റെ കഴുത്തിൽ കൈ ചുറ്റി പിന്നോട്ടു വലിച്ചെറിഞ്ഞു.
''അമ്മേ..'
എവിടെയോ ചെന്നിടിച്ച് പരമേശ്വരൻ വിലപിച്ചു.
''നീയാ അനൂപിന്റെ അനുജനല്ലേടാ?'
മുന്നിൽ വന്നവന്റെ കാലുയർന്ന് ആഞ്ഞു താണു.
സത്യൻ കൽപ്പടവിലേക്കു തന്നെ മലർന്നു...
മറ്റുള്ളവർ അവനു ചുറ്റും ഒരു വലയം തീർത്തു.
സത്യൻ, എതിരാളിയുടെ കാൽ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
അവനു ശ്വാസം വിലങ്ങി.
''നിങ്ങളാരാ?' അവൻ ഞരങ്ങി.
''അറിഞ്ഞിട്ട് എന്തിനാടാ കൂവേ.. പെങ്ങള് പൊലീസിനെ പറഞ്ഞയയ്ക്കാനാണോ? ഞങ്ങളാരെന്ന് അറിഞ്ഞാലും നിനക്ക് നാവനക്കാൻ പറ്റത്തില്ലെടാ...'
സത്യൻ വല്ല വിധേനയും അയാളുടെ കാൽ തട്ടിക്കളഞ്ഞ് ചാടിയെഴുന്നേറ്റു.
''കോളേജിൽ വന്ന് ഗുണ്ടായിസം കാണിക്കുന്നോടാ?'
''അതെ.' അയാൾ വടിവാൾ നീട്ടി. ''നിനക്ക് ചെയർമാൻ ആകണം. അല്ലേ? നിന്റെ പാർട്ടിയിൽത്തന്നെ ഒന്നാന്തരം ആൺപിള്ളേര് ഉണ്ടെടാ അതിന്. അപ്പഴ് നീയങ്ങ് ഇല്ലാതാകുന്നതാ നല്ലത്.'
ശരീരം മുഴുവൻ ചോരയോട്ടത്തിനു വേഗതയേറി സത്യന്.
ഒറ്റ കുതിപ്പായിരുന്നു അവൻ.
മുന്നിൽ വടിവാൾ പിടിച്ചുനിന്നവന്റെ കയ്യിൽ കടന്നുപിടിച്ചു സത്യൻ. പിന്നെ ഒന്നു വട്ടം കറങ്ങി.
അതിനിടെ കാലുയർത്തി രണ്ടു പേരെ ചവുട്ടി.
സത്യന്റെ പിടിവിടുവിക്കാൻ മുന്നിൽ നിന്നവൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
അയാൾ അലറി:
കുത്തിക്കേറ്റടാ ഇവന്റെ പള്ളയ്ക്ക്.'
അടുത്ത നിമിഷം...
പിന്നിലൂടെ ഒരു ലോഹത്തുണ്ട് സത്യന്റെ മാംസത്തിൽ തുളച്ചിറങ്ങി.
അത് വയർ പിളർത്തിക്കൊണ്ട് മുന്നിലെത്തി....
സത്യൻ അമ്പരപ്പോടെ തന്റെ വയറ്റത്തേക്കു നോക്കി.
ചോര ഇറ്റുവീഴുന്ന ഒരു ചുവന്ന മുന!
''എടാ...' അവൻ പല്ലുകടിച്ച് അലറി.
ആ ക്ഷണം വാൾ വലിച്ചെടുക്കപ്പെട്ടു... ഒപ്പം പിന്നിൽ നിന്ന് ഒരു ചവിട്ട്.
അർധ വിലാപത്തോടെ മുന്നിൽ നിന്നവനിലെ പിടിവിട്ട് സത്യൻ പടിക്കെട്ടിൽ നിന്നു താഴേക്ക് മറിഞ്ഞു.
അലറി വിളിച്ചുകൊണ്ട് ശത്രുക്കൾ അവന്റെ മേൽ പറന്നുവീണു...
ചുറ്റും നിന്ന് ഒരു പാമ്പിനെ തല്ലിക്കൊല്ലുന്നതു പോലെയാണ് പരമേശ്വരനു തോന്നിയത്.
പക്ഷേ ഇതൊരു ശരീരം വെട്ടിനുറുക്കുകയാണ്.
പരമേശ്വരൻ നിലവിളിക്കാൻ പോലും മറന്ന് പ്രാണൻ വാരിപ്പിടിച്ചുകൊണ്ട് ഓടി...
''മതിയെടാ.. ബോഡി കാണുന്നവർ ഇവനെ തിരിച്ചറിയണ്ടേ?'
കൂട്ടത്തിലെ നേതാവ് പറഞ്ഞു.
മറ്റുള്ളവർ ചോരപുരണ്ട ആയുധങ്ങളുമായി പിന്നോട്ടു നീങ്ങി.
സത്യന്റെ കാൽ ഒന്നനങ്ങി മണ്ണിലൂടെ വലിഞ്ഞു. പിന്നെ നിശ്ചലം!
ഇവന്റെ തന്തേടെ പത്രത്തിന്റെ മുൻപേജിൽ ചേർക്കാൻ പറ്റിയ ഫോട്ടോ..'
പറഞ്ഞുകൊണ്ട് ഒരാൾ തന്റെ സെൽഫോൺ എടുത്ത് സത്യന്റെ ഫോട്ടോ പകർത്തി. അപ്പോൾത്തന്നെ അത് ആർക്കോ സെന്റു ചെയ്തു.
''ഇനി ഇവിടെ ഇത്തിരി പണി കൂടിയുണ്ട്.'
സംഘം നാലുപാടും ചിതറി.
രാത്രിയുടെ നിശ്ശബ്ദതയിൽ വിജയയുടെ വീട്ടിലെ ലാന്റ് ഫോൺ ഭീകരമായി റിംഗു ചെയ്തു. അത് വീടിനുള്ളിൽ വല്ലാതെ പ്രതിധ്വനിച്ചു. (തുടരും)