കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം വ്യാജ പ്രചരണം നടത്തുന്നവരെ പൊക്കാനുറച്ച് പൊലീസ്. സമാധാനപരമായി നാമജപവുമായി സമര രംഗത്തെത്തിയ സ്ത്രീ വിശ്വാസികളെ പൊലീസ് ക്രൂരമായി മർദ്ദിക്കുന്നുവെന്നാണ് ഫേസ്ബുക്കിലും,വാട്സാപ്പിലുമായി പ്രചരിക്കുന്നത്. പറവൂരിൽ നടന്ന പ്രതിഷേധത്തെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് പ്രചരിക്കുന്ന വീഡിയോയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ ഡി.ജി.പി ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. വർഗീയ പ്രചരണം നടത്തി നാട്ടിൽ കലാപമുണ്ടാക്കാനുള്ള ശ്രമമെന്നാരോപിച്ചാണ് കേസ് നൽകിയിരിക്കുന്നത്. പരാതി സ്വീകരിച്ച് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.