തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പുന:പരിശോധനാ ഹർജി നൽകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സുപ്രീം കോടതിയുടെ വിധി എന്തായാലും അംഗീകരിക്കുമെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. അങ്ങനെ അറിയിച്ച സർക്കാർ എങ്ങനെയാണ് റിവ്യൂ ഹർജി നൽകുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിച്ചു.
കോടതി വിധിയെ എതിർക്കുന്നവർക്ക് ചരിത്രം ഓർമിപ്പിച്ചുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. കേരളം മുന്നേറിയത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണെന്നും എന്നാലിപ്പോൾ നാടിന്റെ ഒരുമ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. മാസപൂജകൾക്കായി ശബരിമലയിൽ സ്ത്രീകൾ നേരത്തെ എത്തിയിരുന്നതാണ്. ഈ വാദം ഹൈക്കോടതിയിൽ കേസ് വന്നപ്പോഴും ഉയർന്നിരുന്നു. കേരളത്തിന്റെ സാമൂഹ്യ ചരിത്രം ആരും മറക്കരുത്. മന്നത്ത് പത്മനാഭന്റെ നവോത്ഥാന ഇടപെടൽ ഈ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ടതാണ്. സമുദായത്തിനുള്ളിലെ അനാചാരങ്ങൾക്ക് എതിരെയും മന്നത്ത് പത്മനാഭൻ പോരാടി. സാമൂഹിക പരിഷ്‌കരണങ്ങളിലൂടെയാണ് കേരളം മുന്നേറിയതെന്നത് വിസ്‌മരിക്കരുത്.
ആചാരങ്ങളിൽ ഇടപെടേണ്ടെന്ന ധാരണ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു. അതുമാറി ഇടപെടണമെന്ന തീരുമാനം ദേശീയ പ്രസ്ഥാനങ്ങൾ കൈക്കൊണ്ടു. അതിന്റെ ഫലമാണ് വൈക്കം സത്യാഗ്രഹം ഉൾപ്പെടെയുള്ളവ. നവോത്ഥാന പ്രസ്ഥാനങ്ങൾ സ്ത്രീ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.ശബരിമല വിധിക്ക് കാരണം സർക്കാരിന്റെ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.