കണ്ണൂർ: തർക്കങ്ങൾ തീർക്കാൻ ഓടി നടക്കുകയായിരുന്നു കടമ്പൂരിലെ മാണിക്കോത്ത് ഹൗസിൽ ഗോപിനാഥ് എന്ന ആചാര്യ ഗോപിനാഥ്. വ്യാപാരികളുടെയും സാമ്പത്തിക ഇടപാടുകാരുടെയും ഇടയിലുള്ള പ്രശ്നങ്ങൾ തേടിനടന്ന് ഇരകളെ കണ്ടെത്തുകയായിരുന്നു പക്ഷേ, ഈ 45കാരൻ. പറഞ്ഞു തീർക്കാനുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കും. അല്ലാത്തവ എങ്ങനെ വേണോ അങ്ങനെയും. താൻ ചില ഉന്നത സി.പി.എം നേതാക്കളുടെ അടുത്തയാളാണെന്നുവരെ പറഞ്ഞ് ഭീഷണിപ്പെടുത്തും. നഗരത്തിലെ ഒരു മാളിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന തുളിച്ചേരി സ്വദേശി റിജേഷിനെ (24) വധിക്കാൻ ശ്രമിച്ച കേസിൽ ഗോപിനാഥ് പൊലീസ് പിടിയിലായതോടെ കഥകൾ ഒന്നൊന്നായി പുറത്തുവന്നു. കണ്ണൂരിനെ വിറപ്പിക്കാൻ ഇറങ്ങിയ പുതിയ ഗുണ്ടാസംഘത്തെക്കുറിച്ചുള്ള വിവരവും ഇയാളിൽ നിന്ന് പൊലീസിന് ലഭിച്ചു. ഗോപിനാഥ് ഉൾപ്പെടെ അഞ്ചുപേരാണ് വധശ്രമ കേസിലെ പ്രതികൾ.
മാളിൽ ഒരു ബ്യൂട്ടിപാർലർ നടത്തുന്ന വിനോബ് നല്കിയ ക്വട്ടേഷനാണ് റിജേഷിന് നേരെയുള്ള ആക്രമണമെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ബ്യൂട്ടിപാർലറിന് മാളിൽ അനുവദിച്ച മുറിയുടെ വാടക നല്കാതിരുന്നതിന് ഇവിടേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതാണ് ഇലക്ട്രീഷ്യനോടുള്ള വിരോധത്തിന് കാരണം. മാളിന്റെ ഉടമയേയും ആക്രമിക്കാൻ സംഘം ലക്ഷ്യമിട്ടിരുന്നുവത്രേ. ശേഷിക്കുന്ന നാലുപേർക്കായി കണ്ണൂർ പൊലീസ് അന്വേഷണം നടത്തിവരികയാണ്. വർഷങ്ങളായി ഗോപിനാഥ് സാമ്പത്തിക തർക്കങ്ങളിൽ മദ്ധ്യസ്ഥനായി ഇറങ്ങാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആഢംബര ജീവിതത്തിന് പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. കണ്ണൂരിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് വരുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. സി.പി.എം നേതാക്കളുടെ പേരുകൾ തട്ടിപ്പിനായി ഉപയോഗിക്കുന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. രാഷ്ട്രീയ നേതാക്കളുടെ പേരുകൾ മാത്രമല്ല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകളും ഇയാൾ തട്ടിപ്പിന് ഉപയോഗിച്ചിരുന്നു. ഇക്കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് റിജേഷിനെ ആക്രമിച്ച കേസിൽ ഇയാൾ അറസ്റ്റിലാകുന്നത്. റിജേഷിനെ ആക്രമിച്ച ദിവസം തന്നെ ചാലാടിലെ ഒരു വീട്ടിലും സംഘം അക്രമം നടത്തിയതായി പൊലീസിന് സൂചന ലഭിച്ചു.
തട്ടിപ്പിന് ആദ്ധ്യാത്മികതയും
ഗോപിനാഥ് തട്ടിപ്പിന് ആദ്ധ്യാത്മികതയും ഉപയോഗിച്ചതായും സംശയമുണ്ട്. ആചാര്യ ഗോപിനാഥ് എന്ന് അറിയപ്പെട്ട ഇയാൾ ആദ്ധ്യാത്മിക പ്രഭാഷണങ്ങളും മറ്റും നടത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് സ്വന്തം നാടായ കടമ്പൂരിൽ നിന്ന് നാടുവിട്ട ഇയാൾ തുടർന്ന് തിരുവനന്തപുരത്തും ബംഗളൂരുവിലുമൊക്കെയായിരുന്നു താമസം. ഇപ്പോൾ കൊല്ലൂരിലാണ് താമസമെന്നാണ് പൊലീസിനോട് പറഞ്ഞത്. സംസ്‌കൃതത്തിലും യോഗയിലും അറിവുള്ള ഇയാൾ ദുർമന്ത്രവാദവും നടത്താറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടിൽ അടുത്തിടെ ഒരു ആദ്ധ്യാത്മിക പ്രഭാഷണ പരിപാടിയിൽ ഗോപിനാഥിനെ പങ്കെടുപ്പിക്കുന്ന കാര്യം ചർച്ചയായിരുന്നു. എന്നാൽ ശക്തമായ എതിർപ്പ് ഉയർന്നതോടെ ഒഴിവാക്കി.