daveendar-singh

ലോകത്തിലെ ഏറ്റവും അസ്വസ്ഥമായ അവസ്ഥ വിശപ്പിനെ അതിജീവിക്കാൻ വയറ് പെടുന്ന പാടാണ്. എന്നാൽ,മറ്റുള്ളവരുടെ  ആ അവസ്ഥയെ സ്വന്തമെന്നോണം ഏറ്റെടുത്ത രണ്ടുപേരാണിവർ:

നവദിശ ഒരു സ്കൂൾ മാത്രമല്ല 

പശ്ചിമബംഗാളിലെ പുരുലിയ  ഗ്രാമത്തിൽ ഒരു സ്കൂളുണ്ട്. നവദിശ മോഡൽസ്കൂൾ. ആ സ്കൂളിന് മറ്റെവിടെയുമില്ലാത്ത ഒരു കഥയുമുണ്ട്. ഇവിടെ കുട്ടികളെ പഠിപ്പിക്കുന്നത് പാഠപുസ്തകങ്ങളേക്കാളേറെ  ജീവിതമാണ്. പ്രതിസന്ധികളിൽ  എങ്ങനെ വീഴാതിരിക്കാമെന്നാണ്.  മുഴുവനായോ ഭാഗികമായോ  ഉപേക്ഷിക്കപ്പെട്ട ആറിനും 13നും  ഇടയിൽ പ്രായമുള്ള  112 കുട്ടികളാണ് ഇവിടെ ജീവിക്കുന്നത്. പ്രധാനമായും വിശപ്പും സുരക്ഷിതത്വവുമാണ് ഇവിടുത്തെ സിലബസ്.

കൊൽക്കത്ത പൊലീസിലെ 42കാരനായ കോൺസ്റ്റബിൾ അരൂപ് മുഖർജിയാണ് നവദിശ സ്കൂളിന് പിന്നിൽ. 2011 ൽ ആരംഭിച്ച ഈ സംരംഭം മുന്നോട്ടുപോകുന്നത് അരൂപിന്റെ ശമ്പളവും സമ്പാദ്യവും പിന്നെ വല്ലപ്പോഴും അഭ്യുദയ കാംഷികളിൽനിന്ന് ലഭിക്കുന്ന സഹായവും ഒന്നുകൊണ്ടുമാത്രമാണ്.  2011 ൽ രണ്ടുമുറികളും ഒരു വരാന്തയും 20 കുട്ടികളുമായാണ് നവദിശയുടെ തുടക്കം. ഇപ്പോൾ,  ഒമ്പതുമുറികളും അടുക്കളയും ക്ലാസ്‌മുറികളും സി.സി.ടി.വി കാമറകളും ബാത്ത്‌റൂമുകളും ഒക്കെയടങ്ങിയ 9000 സ്ക്വയർ ഫീറ്റിലാണ് നവദിശയുള്ളത്. കുട്ടികളുടെ താമസം, ആഹാരം, വസ്ത്രം, യൂണിഫോം, പാഠപുസ്തകങ്ങൾ അങ്ങനെയെല്ലാം സ്കൂളിൽനിന്ന്  തന്നെ സൗജന്യമായി നൽകും. സമൂഹത്തിന്റെ തൊട്ടുകൂടായ്മയിൽ മുൻപന്തിയിൽ നിൽക്കുന്നവരുടെ, സമൂഹം സംശയത്തോടെ നോക്കുന്നവരുടെ ഒക്കെ കുട്ടികളാണിവിടെ ഏറെയുള്ളത്.

സമൂഹത്തിൽനിന്ന് ഇറക്കിവിടപ്പെടുന്നവരെക്കുറിച്ച് മുത്തശ്ശിയിൽനിന്ന് ധാരാളം കഥകൾ കേട്ടാണ് അരൂപ് വളർന്നത്.  അന്നുമുതലുള്ള ആഗ്രഹമാണ് അവർക്ക് വേണ്ടി, അവരുടെ മക്കൾക്ക് വേണ്ടി ഒരു സ്കൂൾ തുടങ്ങുകയെന്നത്. 1999ലാണ് അരൂപ് കൊൽക്കത്ത പൊലീസിൽ ചേരുന്നത്. തന്റെ സമ്പാദ്യവും മറ്റുള്ളവരുടെ സഹായവും ഒക്കെ സ്വരൂക്കൂട്ടി വച്ചാണ് സ്കൂൾ തുടങ്ങാനാവശ്യമായ ഫണ്ട് കണ്ടെത്തിയത്. അദ്ധ്യാപകർക്ക് 500 രൂപ ശമ്പളം, കുട്ടികളെ നോക്കാൻ ഡോക്ടർമാരുടെ സൗജന്യസേവനം..  ഇങ്ങനെയൊക്കെയാണ്  അരൂപിന്റെ സ്കൂളും  അവിടുത്തെ കുട്ടികളുടെ സ്വപ്നങ്ങളും വളരുന്നത്. 

 

aroop-mukherjee

 കോടി വിലയുള്ള പുണ്യം

അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗ ക്രോ‌ർപതി ഓരോദിവസവും വാർത്തകളിൽ നിറയുന്നത് അതിൽ പങ്കെടുക്കുന്നവരുടെ വ്യത്യസ്തമായ ജീവിതകഥകൾ കൊണ്ടുംകൂടിയാണ്. ഇത്തവണ അതിലെ നായകൻ ഫരീദാബാദിൽനിന്നുള്ള ദവീന്ദ‌ർ സിംഗാണ്. ദവീന്ദർ കോടിപതിയല്ല.  640000 രൂപമാത്രമേ  അദ്ദേഹത്തിന് നേടാൻ കഴിഞ്ഞുള്ളൂ.  പക്ഷേ, കോടിയേക്കാൾ മൂല്യമുള്ളതാണ് അദ്ദേഹത്തിന്റെ പ്രവൃത്തി. 

ഹരിയാനയിലെ ഫരീദാബാദിൽ തെരുവുകളിൽ എല്ലാ ശനിയാഴ്ചയും ദവീന്ദറിന്റെ ഇന്നോവ കാറെത്തുന്നതും കാത്ത് കുറച്ചുപേരുണ്ടാകും. അവർക്ക് ദവീന്ദർ ഭക്ഷണവും നൽകും.  പക്ഷേ, അഞ്ചു രൂപ നൽകണം. അഞ്ചു രൂപയെന്തിനാണ് വാങ്ങുന്നതെന്ന് ദവീന്ദറിനോട് ചോദിച്ചാൽ, ചിരിച്ചുകൊണ്ട് ഉടൻവരും മറുപടി. അത് അവർക്ക് ദാനമായി കിട്ടിയ ഭക്ഷണം എന്ന് തോന്നാതിരിക്കാനാണ് !

ഫരീദാബാദിലെ സെക്ടർ 28ലെ താമസക്കാരനായ പൂനെ ഇൻഫോസിസിൽ കംപ്യൂട്ടർ എൻജീനയറാണ് ദവീന്ദർ. തന്റെ ഇന്നോവ കാർ അടുക്കളയാക്കി  കറങ്ങിനടന്ന്  ആഹാരംവിളമ്പുന്ന പരിപാടിക്ക് അദ്ദേഹത്തിനൊരു പേരുമുണ്ട്.  ''ആപ് കി രസോയ്"അഥവാ നിങ്ങളുടെ അടുക്കള.

ഗുരുദ്വാരകളിൽ വൃദ്ധരായവർക്ക് ആഹാരം കൊടുക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. അങ്ങനെയാണ് വിശക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതാണ് ഏറ്റവും വലിയ സേവനമെന്നും മനുഷ്യനന്മയെന്നും എനിക്ക് തോന്നിത്തുടങ്ങിയത്.  2006 ൽ ഡൽഹിയിൽ രണ്ടുകുട്ടികൾ പട്ടിമൂലം മരിച്ചതാണ് എന്റെ മനസിനെ പിടിച്ചുകുലുക്കിയത്. എല്ലാ വെള്ളിയാഴ്ചയും രാത്രി ആഹാരമുണ്ടാക്കും. ശനിയാഴ്ച രാവിലെ അത് വണ്ടിയിൽ തെരുവുകളിലെത്തിക്കും. ഇതാണ് വർഷങ്ങളായുള്ള പതിവ്. 

സഹോദരൻ ഗുർവീന്ദർ സിംഗ്, അച്ഛൻ മൻമോഹൻ സിംഗ്, അമ്മ സത്നം കൗർ, ഭാര്യ നവനീത് കൗർ, സുഹൃത്ത് കർണ എന്നിവരൊക്കെ എല്ലാ പിന്തുണയും നൽകി ദവീന്ദറിന്റെ ഒപ്പമുണ്ട്.