തിരുവനന്തപുരം: ബിയർനിർമ്മാണത്തിന് പുതിയ മൂന്ന് ബ്രൂവറികൾക്കും മദ്യനിർമ്മാണത്തിന് രണ്ട് ബ്ലെൻഡിംഗ് യൂണിറ്റുകൾക്കും അനുമതി നൽകിയ ഉത്തരവ് സർക്കാർ റദ്ദാക്കി. മഹാപ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട ഘട്ടത്തിൽ സർക്കാർ നടപടികളിൽ ഒരുതരം ആശയക്കുഴപ്പവും പാടില്ലെന്നതിനാൽ അനുമതി റദ്ദാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
''പ്രതിപക്ഷ ആരോപണത്തിന് കീഴടങ്ങുകയല്ല, നാടിന്റെ വിശാലതാത്പര്യം സംരക്ഷിക്കാൻ ചെറിയ വിട്ടുവീഴ്ച ചെയ്യുകയാണ്. അനുമതി നൽകിയതിൽ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. നടപടിക്രമങ്ങളെല്ലാം ശരിയാണ്. നനയാതെ ഈറൻ ചുമക്കില്ല.'' മുഖ്യമന്ത്രി പറഞ്ഞു.
തൃശൂരിലെ ശ്രീചക്രാ ഡിസ്റ്റലറീസ്, പവർ ഇൻഫ്രാടെക്, അപ്പോളോ, കണ്ണൂർ കെ.എസ് സ്വകാര്യകമ്പനികൾക്കും പൊതുമേഖലയിലെ മലബാർ ഡിസ്റ്റിലറീസിനുമാണ് ബ്രൂവറി, ബ്ലെൻഡിംഗ് യൂണിറ്റുകൾ തുടങ്ങാൻ തത്വത്തിൽ അനുമതിയും ലൈസൻസും നൽകിയിരുന്നത്. ഇടപാടിൽ അഴിമതിയുണ്ടെന്നാരോപിച്ച് പ്രതിപക്ഷം പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് സർക്കാർ നടപടി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇപ്പോഴത്തെ നടപടിക്ക് പുതിയ യൂണിറ്റുകൾക്ക് അനുമതി നൽകുന്നതിനൽനിന്ന് സർക്കാർ പിന്നോട്ട് പോയി എന്നർത്ഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ യൂണിറ്റുകൾക്ക് അനുമതി നൽകുന്നത് തുടരും. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തിന്റെ എട്ടുശതമാനവും ബിയറിന്റെ 40 ശതമാനവും പുറത്തുനിന്ന് കൊണ്ടുവരുന്നതാണ്. അതിനാൽപുതിയ യൂണിറ്റുകൾ സംസ്ഥാനത്ത് ആവശ്യമാണ്. യൂണിറ്റുകൾക്ക് നിയമപ്രകാരം തുടർന്നും അപേക്ഷ നല്കാവുന്നതാണ്. ആവശ്യമായ സാങ്കേതിക പരിശോധനകൾക്ക് ശേഷം അർഹതയുള്ള സ്ഥാപനങ്ങൾക്ക് തത്വത്തിൽ അംഗീകാരം നല്കും. പുതിയ അപേക്ഷ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക സംവിധാനം ഏർപ്പെടുത്തും.
അനുമതി നൽകിയതിൽ ഒരുതരത്തിലുള്ള ആശയക്കുഴപ്പവുമുണ്ടായിട്ടില്ല. പ്രതിപക്ഷം ഇക്കാര്യത്തിൽ പുകമറ സൃഷ്ടിക്കുകയാണ്. സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താനാണ് പ്രതിപക്ഷശ്രമം. മദ്യവുമായി ബന്ധപ്പെട്ട ഇത്തരമൊരു കാഴ്ചപ്പാടിനെ ഉപയോഗപ്പെടുത്തി അവമതിപ്പ് സൃഷ്ടിക്കുക എന്നതാണ് തന്ത്രം. ഒരു അടിസ്ഥാനവുമില്ലാത്ത വിവാദം തുടരുന്നത് സംസ്ഥാനത്തിന്റെ ഭാവിക്ക് ഗുണപരമല്ല. വിവാദം കൊണ്ട് നാടിന് എന്തു ഗുണം? കേരളം ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന സ്ഥിതിവിശേഷമാണ് ലോകജനതയുടെ മുഴുവൻ സഹായം കേരളത്തിൽ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സാഹചര്യമുണ്ടാക്കിയത്. അത്തരമൊരു സ്ഥിതിവിശേഷത്തെ നിലനിറുത്തിക്കൊണ്ടു പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. വിവാദം തുടരരുത് എന്ന് പരിഗണിച്ചാണ് അനുമതി റദ്ദാക്കുന്നത് പിണറായി പറഞ്ഞു.
ബ്രൂവറി, ഡിസ്റ്റലറി അനുമതിക്ക് വകുപ്പ് തലത്തിൽ തന്നെ തീരുമാനമെടുക്കാൻ കഴിയും. മന്ത്രിസഭയിൽ വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ല. കേരളത്തിൽ വിതരണം ചെയ്യുന്ന മദ്യം ഇവിടത്തന്നെ ഉൽപാദിപ്പിക്കുക എന്ന കാഴ്ചപ്പാടായിരുന്നു സർക്കാർ സ്വീകരിച്ചത്. ഇവിടെ പുതുതായി മദ്യം ഒഴുക്കുക എന്ന സമീപനം സർക്കാരിനില്ല. മദ്യത്തിനെതിരായ പ്രചരണം ശക്തിപ്പെടുത്താൻ നടപടിയുമെടുക്കുന്നുണ്ട്. 1999ന് ശേഷം ഇത്തരം സ്ഥാപനങ്ങൾ തുടങ്ങുന്നതിന് ലൈസൻസ് നൽകിയില്ലെന്നാണ പ്രതിപക്ഷ നേതാവിന്റെ ആരോപണം, 2003ൽ ആന്റണി സർക്കാരിന്റെ കാലത്ത് ലൈസൻസ് നൽകിയിട്ടുണ്ടെന്ന് പുറത്തായതോടെ ചീറ്റിപ്പോയി. മദ്യയൂണിറ്റുകൾ തുടങ്ങാനായി ഒരുകാലത്തും പത്രപരസ്യം നൽകിയിട്ടില്ല. നൂറിലേറെ അപേക്ഷകൾ പരിഗണിച്ചപ്പോഴാണ് പുതിയ യൂണിറ്രുകൾ തുടങ്ങേണ്ടതില്ലെന്ന് 199ൽ ഉത്തരവിറക്കിയത്. ഭാവിയിൽ അപേക്ഷകൾ അനുമതി നൽകുന്നതിനും തടസമാവില്ലെന്ന് ഈ ഉത്തരവിലുണ്ട്.
റദ്ദാക്കിയത് ഈ അനുമതികൾ
*കണ്ണൂർ വാരത്ത് ശ്രീധരൻ ബ്രുവറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പ്രതിമാസം അഞ്ചുലക്ഷം കെയ്സ് ബിയർ നിർമിക്കാൻ
*പാലക്കാട് എലപ്പുള്ളി അപ്പോളോ ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസിന് പ്രതിവർഷം 5ലക്ഷം ഹെക്ടാലിറ്റർ ബിയറുണ്ടാക്കാൻ
*പവർ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് എറണാകുളത്ത് കിൻഫ്രാ പാർക്കിൽ ബ്രുവറി ആരംഭിക്കാൻ
*തൃശൂർ ശ്രീചക്രാ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന് ബ്ലെൻഡിങ് ആൻഡ് ബോട്ട്ലിങ് യൂണിറ്റ് ആരംഭിക്കാൻ
*പാലക്കാട് ചിറ്റൂർ ഷുഗർമില്ലിന് അനുബന്ധമായി മലബാർ ഡിസ്റ്റിലറീസിന് ബ്ലെൻഡിങ് ആൻഡ് ബോട്ട്ലിംഗ് യൂണിറ്റ്