കൊച്ചി: കൊച്ചിയിലെ ഒരു കൊറിയർ സ്ഥാപനം വഴി വിദേശത്തേക്ക് 200 കോടിയുടെ രാസലഹരി മരുന്ന് കയറ്റി അയയ്ക്കാൻ എത്തിച്ചത് വ്യാജ എക്സ്‌പോർട്ടിംഗ് ബില്ലിന്റെ മറവിൽ! എക്സൈസിന്റെ പ്രത്യേക സംഘം ചെന്നൈയിൽ നടത്തിയ അന്വേഷണത്തിലാണ് അന്താരാഷ്ട്ര ലഹരി മാഫിയാ സംഘത്തിന്റെ ഇടപെടൽ വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചത്. ജെ.ആർ.ആർ എന്ന കമ്പനിയുടെ പേരിലാണ് കൊച്ചിയിലേക്ക് ലഹരി മരുന്നുകൾ ഒളിപ്പിച്ച പെട്ടികൾ എത്തിയത്. എന്നാൽ, ചെന്നൈയിൽ നടത്തിയ അന്വേഷണത്തിൽ ഇങ്ങനെ ഒരു എക്സ്‌പോർട്ടിംഗ് സ്ഥാപനം കണ്ടെത്താനായില്ല. ജെ.ആർ.ആർ എക്സ്‌പോർട്ടിംഗ് കമ്പനിയുടെ മേൽവിലാസത്തിൽ പ്രവർത്തിക്കുന്നത് ഒരു ചെറിയ തുണിക്കടയാണ്. ചെന്നൈ നഗരത്തിൽ നിന്നും ഏറെ ദൂരെ മാറിയാണ് ഈ കട. ഇവിടെ നടത്തിയ പരിശോധനയിൽ ഏതാനും ദിവസം മുമ്പ് രണ്ടുപേരെത്തി നിരവധി സാരികൾ വാങ്ങിയതായി വിവരം ലഭിച്ചു. ഇതിന്റെ ബില്ലാണ് കൃത്രിമം കാട്ടാൻ ഉപയോഗിച്ചതെന്നാണ് എക്സൈസിന് ലഭിച്ച വിവരം. സാരി വാങ്ങിയത് ആരെല്ലാമാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ തത്കാലം പുറത്ത് വിടാനാവില്ലെന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞു.
ചെന്നൈയിലെ ചെറു വസ്ത്രശാലകളിൽ നിന്നും വൻതോതിൽ ഉത്പന്നങ്ങൾ വാങ്ങി വ്യാജ എക്സ്‌പോർട്ട് ബില്ലിന്റെ മറവിൽ സമാനരീതിയിൽ ലഹരി കടത്തുന്നതായും എക്സൈസ് സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം ഊർജിതമാക്കാനും കൊറിയർ കമ്പനികളിൽ പരിശോധന വ്യാപിപ്പിക്കാനുമാണ് എക്സൈസ് ഒരുങ്ങുന്നത്. സെപ്തംബർ 30നാണ് കൊച്ചിയിൽ 200 കോടിയുടെ രാസലഹരി മരുന്നായ 'മെത്താഫെറ്റമിൻ' എക്സൈസ് എൻഫോഴ്സ്മെന്റ് പിടികൂടിയത്. എം.ജി റോഡിലെ പാർസൽ കേന്ദ്രത്തിൽ എട്ട് പെട്ടികളാണ് എത്തിയത്. സംശയം തോന്നിയ കൊറിയർ കേന്ദ്രത്തിലെ ജീവനക്കാർ എക്‌സൈസ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. വിമാനത്താവളങ്ങളിലെ സ്‌കാനറുകളിൽ പതിയാതിരിക്കാൻ പ്രത്യേകതരം കാർബൺ പേപ്പറിൽ പൊതിഞ്ഞ് തുണികൾക്കിടയിൽ തിരുകിയാണ് 64 പാക്കറ്റ് ലഹരി മരുന്ന്, പെട്ടികളിൽ ക്രമീകരിച്ചിരുന്നത്.
രണ്ട് പേർ കേരളം വിട്ടു
30 കിലോഗ്രാം രാസലഹരി മരുന്ന് കടത്താൻ ശ്രമിച്ച കേസിൽ എക്‌സൈസ് അന്വേഷിക്കുന്ന കൊച്ചി സ്വദേശിയടക്കം സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. കൊറിയർ കേന്ദ്രത്തിൽ ലഹരി അടങ്ങുന്ന പെട്ടികൾ എത്തിച്ചവരാണ് ഇരുവരും. കൊച്ചി കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിൽപ്പെട്ടവരാകാം ഇവരെന്നാണ് അന്വേണ സംഘം സംശയിക്കുന്നത്. എക്‌സൈസ് സംഘം കൊറിയർ കമ്പനിയിൽ എത്തുമ്പോഴും പെട്ടി കൊണ്ടുവന്നവർ സ്ഥാപനത്തിന്റെ പരിസരത്ത് ഉണ്ടായിരുന്നതായാണ് വിവരം. എന്നാൽ, ലഹരിമരുന്ന് പിടികൂടിയപ്പോൾ ഇവർ കടന്നു കളയുകയായിരുന്നു. തുടരന്വേഷണത്തിനായി ഒരു സംഘം എക്സൈസ് ഉദ്യോഗസ്ഥർ ചെന്നൈയിൽ തുടരുകയാണ്.
വ്യാപ്തി ചെറുതല്ല
ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും അന്താരാഷ്ട്ര ലഹരികടത്ത് സംഘത്തിന്റെ ഇടപെടൽ വ്യക്തമായിട്ടുണ്ട്. എന്നാൽ, ആരെല്ലാമാണ് സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് കണ്ടെത്താനായിട്ടില്ല. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.
അശോക് കുമാർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ