sabarimala-women-entry

ന്യൂഡൽഹി: ശബരിമലയിൽ പ്രായവ്യത്യാസമില്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്കെതിരെ സുപ്രീം കോടതിയിൽ രണ്ട് പുനപരിശോധന ഹർജികൾ സമർപ്പിച്ചു. വിധി വിശ്വാസികളുടെ താതപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നായർ സർവീസ് സൊസൈറ്റിയും ദേശീയ അയ്യപ്പ ഭക്ത സംഘം പ്രസിഡന്റുമാണ് ഹർജി നൽകിയത്. എന്നാൽ ഹർജി സുപ്രീം കോടതി എന്ന് പരിഗണിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. പൂജ അവധിക്ക് ശേഷമേ ഹർജി പരിഗണിക്കൂ എന്നാണ് സുപ്രീം കോടതി വൃത്തങ്ങൾ നൽകുന്ന സൂചന.

ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവർ അയപ്പ ഭക്തരല്ലെന്നും സുപ്രീം കോടതി വിധി ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തിയെന്നും ദേശീയ അയ്യപ്പ ഭക്ത സംഘം പ്രസിഡന്റ് ശൈലജ വിജയൻ കോടതിയിൽ ആരോപിച്ചു. നിയമപരമായി നിലനിൽക്കുന്നതല്ല സുപ്രീം കോടതി വിധി. ജനങ്ങളുടെ വിശ്വാസങ്ങളെ മറികടന്ന് വിധി പുറപ്പെടുവിക്കാൻ കോടതികൾക്ക് അധികാരമില്ലെന്നും ഹർജിക്കാർ വാദിക്കുന്നു. കേസിൽ പുനപരിശോധന ഹർജി നൽകുമെന്ന് തന്ത്രി കുടുംബവും പന്തളം രാജകുടുംബവും അറിയിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ കേസിൽ പുനപരിശോധ ഹർജി നൽകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.