മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറിന്റെ തിരക്കിലാണ് നടൻ പൃഥ്വിരാജ്. എന്നാൽ ലൂസിഫർ അല്ല തന്റെ ആദ്യ ചിത്രമാകേണ്ടിയിരുന്നത് എന്ന് പറയുകയാണ് പൃഥ്വി. കൊച്ചിയിൽ ലൂസിഫറിന്റെ ലൊക്കേഷനിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.
'സത്യത്തിൽ ഞാനാദ്യം ചെയ്യാനിരുന്ന സിനിമ 'ലൂസിഫർ' അല്ല. ആദ്യം സംവിധാനം ചെയ്യാൻ ഒരുങ്ങിയത് 'സിറ്റി ഒഫ് ഗോഡ്' ആയിരുന്നു. പിന്നെ അത് ലിജോ ചെയ്‌തു. ഞാൻ മനസിൽ കണ്ടതിനേക്കാൾ നല്ല സിനിമയാണ് ലിജോ ചെയ്‌തത്. അതിനു ശേഷം 'വീട്ടിലേക്കുള്ള വഴി'യുടെ റൈറ്റ്‌സ് ഞാൻ വാങ്ങിയിരുന്നു. അത് മറ്റൊരു ഭാഷയിൽ, വേറൊരു വേർഷനിൽ ചെയ്‌താൽ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ അതിനിടയ്ക്ക് വളരെ പോപ്പുലറായ ഒരു സിനിമയിറങ്ങി, 'ബജ്‌രംഗി ഭായിജാൻ'. ആ ചിത്രത്തിന്റെ കഥാതന്തുവുമായി സാമ്യം ഉള്ളതുകൊണ്ട് പിന്നെ അത് ഹിന്ദിയിൽ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട എന്നു തോന്നി.'
'ഇത് വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. ടിയാൻ എന്ന ചിത്രത്തിൽ ഞാനും മുരളിയും അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ, ഇടവേളകളിൽ എപ്പോഴും ഞങ്ങൾ സംസാരിക്കുന്നത് സിനിമയെ കുറിച്ചാണ്. ലാലേട്ടനെ വച്ച് ഒരു കഥ എഴുതുന്ന കാര്യം മുരളി പറഞ്ഞു. ആരാ ഡയറക്‌ടർ എന്നു ഞാൻ ചോദിച്ചു. ആ സംഭാഷണത്തിൽ നിന്നുമാണ് ലൂസിഫറിലേക്ക് എത്തുന്നത്. 'ലൂസിഫർ' എന്ന ടൈറ്റിൽ ഈ കഥയ്‌ക്ക് വേണ്ടി ഇട്ടതല്ല. അത് മുൻപ് അനൗൺസ് ചെയ്‌ത, രാജേഷ് പിള്ള എന്ന എന്റെ സുഹൃത്ത് എഴുതിയ വേറൊരു കഥയ്ക്‌ക് ഇട്ട ടൈറ്റിൽ ആണ്. കഥ അതല്ല, പക്ഷേ ആ ടൈറ്റിൽ ഈ സിനിമയ്ക്ക് യോജിക്കുന്നതുകൊണ്ട് ആ ടൈറ്റിൽ എടുത്തതാണ്,' പൃഥിരാജ് പറഞ്ഞു.
മോഹൻലാലിനൊപ്പം വിവേക് ഒബ്‌റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം മാർച്ച് 28ന് തിയേറ്രറുകളിലെത്തും.