''മരിച്ചാൽ അച്ഛന് സമാധാനം കിട്ടുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഞങ്ങൾ തടഞ്ഞാലും അച്ഛൻ അത് ചെയ്യും. ഒരു കാര്യം... ഇങ്ങനെ ചാരനായി മരിച്ചാൽ ലോകാവസാനം വരെ അച്ഛനൊരു ചാരനായിരിക്കും....ഞങ്ങൾ ചാരന്റെ സന്തതി പരമ്പരകളും... ആ കളങ്കം ഞങ്ങളെ വിട്ട് പോകില്ല...അച്ഛനേയും..മരിക്കണമെങ്കിൽ ആകാം. ""
ഒരു മകൾ അച്ഛനോട് പറഞ്ഞ വാക്കുകളാണ് ഇത്. ഇവ വെറും വാക്കുകൾ മാത്രമല്ല. പകുതിക്ക് വച്ച് എരിഞ്ഞടങ്ങിപ്പോയ ഒരു റോക്കറ്റിന്റെ ഇന്ധനം എന്നുകൂടി വിശേഷിപ്പിക്കാം. വീണുപോയിടത്തുനിന്ന് എഴുന്നേറ്റ് പൂർവാധികം ശക്തിയോടെ നടക്കാൻ ഒരച്ഛനെ പ്രേരിപ്പിച്ച വാക്കുകൾ. അവയിൽ എല്ലാമുണ്ട്. ചാരമായി എരിഞ്ഞടങ്ങാതെ ജ്വലിച്ചുയരാൻ ആ അച്ഛനെ പ്രേരിപ്പിച്ച ഈ വാക്കുകളുടെ ഉടമ മറ്റാരുമല്ല ലോകം ഒരിക്കൽ ' ചാരൻ " എന്ന് മുദ്ര കുത്തിയ അസാമാന്യ പ്രതിഭയായ നമ്പി നാരായണന്റെ മകൾ ഗീത. വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിലൂടെ ചാരക്കേസ് എന്നത് ഒരു കെട്ടുകഥ മാത്രമാണെന്ന കോടതി വിധിയിലെത്തിച്ചേരാൻ നമ്പി നാരായണന് ഊർജമായത് ഈ വാക്കുകളാണ്.
ഇന്ത്യ എന്ന രാജ്യത്തിന്റെ വളർച്ചയിൽ അസ്വസ്ഥമായ ചില ശക്തികളുടെ കൂടെ നമ്മുടെ തന്നെ ഒരു കൂട്ടം ഉദ്യേഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്നപ്പോൾ ഇല്ലാതായത് സർവം രാജ്യത്തിനായി സമർപ്പിച്ച ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ ജീവിതവും ഭാവിയുമായിരുന്നു. കുടുംബം എന്നതിനേക്കാൾ രാജ്യം എന്നതായിരുന്നു അവരുടെ സ്വപ്നം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ' ഞാൻ നല്ലൊരു ഭർത്താവല്ല. നല്ലൊരച്ഛനും". കാരണം ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തുന്നത് സ്വപ്നം കണ്ട അദ്ദേഹത്തിന്റെ മനസിൽ മറ്റു തടസങ്ങൾ ഇല്ലായിരുന്നു.
പഠിക്കാനും പരീക്ഷിക്കാനുമുള്ള അടങ്ങാത്ത ആഗ്രഹവുമായി അദ്ദേഹം ഐ. എസ്. ആർ.ഒ എന്ന സംഘടനയുടെ ഭാഗമായി.അന്ന് 1960 കളിൽ അതൊരു സംഘടന മാത്രമായിരുന്നു. ആ സമയത്ത് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം അവിടത്തെ ക്രിസ്ത്യൻ പള്ളിയായിരുന്നു. രാജ്യതാത്പര്യം മുൻനിർത്തി ഒരു സമൂഹം ദാനം നൽകിയ ആരാധനാലയം ഒഴികെ അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ വിക്രം സാരാഭായ്, എ പി ജെ അബ്ദുൾ കാലാം തുടങ്ങിയ മഹാരഥൻമാരുടെ സാന്നിദ്ധ്യം മറ്റെല്ലാ അസൗകര്യങ്ങളെയും നിഷ്പ്രഭമാക്കി. വിക്രം സാരാഭായ് എന്ന വൻമരത്തിന്റെ കീഴിൽ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രവും നമ്പി നാരായണനും പതിയെ വളർന്നു. വിക്രം എന്നത് ഒരു തണൽ മരം തന്നെയായിരുന്നു. നമ്പി നാരായണന്റെ അഭിപ്രായത്തിൽ വിക്രം സാരാഭായുടെ കുടുംബസ്വത്തായിരുന്നു ആദ്യകാല ഇന്ത്യൻ ബഹിരാകാശ വളർച്ചയുടെ മൂലധനം. പല കാരണത്താൽ നടക്കാതെ പോയ നമ്പി നാരായണന്റെ വിദേശ പഠനം സഫലമാക്കിയത് വിക്രം സാരാഭായിയുടെ ഇടപെടലാണ്. വിക്രം സാരാഭായുടെ ദുരൂഹ മരണം പോലും കെട്ടിച്ചമച്ച ചാരക്കഥയുടെ ആദ്യ രംഗമായി കണക്കാക്കാം. ആ മരണം തന്നെ ഇന്ത്യയുടെ വളർച്ച വർഷങ്ങൾ പിന്നോട്ടാക്കി.
അന്നത്തെ കാലത്ത് റോക്കറ്റുകളിൽ ഉപയോഗിച്ചിരുന്നത് സോളിഡ് പ്രൊപ്പൽഷൻ സാങ്കേതിക വിദ്യയായിരുന്നു. റോക്കറ്റുകളിലെ ആധുനിക സാങ്കേതിക വിദ്യയായ ലിക്വിഡ് പ്രൊപ്പൽഷൻ വിജയകരമായി വികസിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുമില്ല. ആ വിദ്യ വിജയകരമായി പരീക്ഷിക്കുന്ന പല വിദേശ രാജ്യങ്ങളുമുണ്ട്. അങ്ങനെയുള്ള ഏതെങ്കിലും സ്ഥാപനവുമായി ചേർന്ന് പ്രവർത്തിക്കാം എന്ന നിർദേശം മുന്നോട്ട് വച്ചു. അന്നത്തെ ഐ എസ് ആർ ഒ ചെയർമാനായ സതീഷ് ധവാൻ ആ നിർദേശം അംഗീകരിക്കുകയും ചെയ്തു. ഒരു ഫ്രഞ്ച് കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനമായി.പക്ഷേ അപ്പോഴാണ് യഥാർഥ പ്രശ്നം. പണം നമ്മുടെ വികസനത്തിന് വിലങ്ങുതടിയായി. അത്രയും വലിയ ഒരു തുക പണമായി കണ്ടെത്താൻ അന്നത്തെ സാഹചര്യത്തിൽ സാധിക്കില്ല. ആ പണത്തിന് പകരമായി 100 മനുഷ്യവർഷം ഫ്രാൻസിനു വേണ്ടി ജോലി ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ ഇന്ത്യയിൽ നിന്നും നമ്പി നാരായണൻ ഉൾപ്പെടെ 53 ശാസ്ത്രജ്ഞർ രണ്ട് വർഷം ഫ്രാൻസിൽ പോയി ജോലി ചെയ്യാൻ തീരുമാനിച്ചു. തുച്ഛമായ വേതനത്തിൽ ഒരു ആനുകൂല്യങ്ങളും ഇല്ലാതെ അവർ അവിടെ അടിമപ്പണി ചെയ്തു. രാജ്യത്തിന് ആവശ്യമായ സാങ്കേതിക വിദ്യയ്ക്കു വേണ്ടി. ഇന്ത്യാ ഗവൺമെന്റിന്റെ കാര്യമായ പിന്തുണ അവർക്കുണ്ടായിരുന്നില്ല. ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് അവിടത്തെ പരീക്ഷണശാലകളും ഡ്രോയിംഗുകളുമൊക്കെ യഥേഷ്ടം ഉപയോഗിക്കാമായിരുന്നു. ഫ്രഞ്ചുകാർക്ക് അറിയാമായിരുന്നു ആ ഡ്രോയിംഗുകൾ മാത്രം ഉപയോഗിച്ച് ആർക്കും റോക്കറ്റ് ടെക്നോളജി പഠിക്കാൻ പറ്റില്ല...പക്ഷേ ഇന്ത്യക്കാർക്ക് അറിയാത്തതും അതായിരുന്നു.
ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് അഗ്നി ചിറകും പിടിപ്പിച്ച് ആ സംഘം മടങ്ങിയെത്തി. എത്രയും വേഗം ഇന്ത്യയ്ക്കു വേണ്ടി ലിക്വിഡ് പ്രൊപ്പൽഷൻ ടെക്നോളജി യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ. പോയപ്പോൾ ഉണ്ടായിരുന്ന സാഹചര്യമായിരുന്നില്ല തിരിച്ചെത്തിയപ്പോൾ ഐ. എസ്.ആർ.ഒ ഒരു സർക്കാർ സ്ഥാപനമായി മാറിക്കഴിഞ്ഞിരുന്നു. വിദേശത്ത് പോയവർക്കെതിരായി ചില അപവാദങ്ങളും ഗൂഢാലോചനകളും നടന്നിരുന്നു.
ഫ്രാൻസിൽ നിന്നും കൊണ്ടു വന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയ 'വൈക്കിംഗ് റോക്കറ്റ് എൻജിന്" വിക്രം സാരാഭായുടെ സ്മരണയിൽ 'വികാസ് " എന്ന് പേര് നൽകി. സൗകര്യങ്ങളുടെ അപര്യാപ്തത കാരണം പാരീസിൽ കൊണ്ടു പോയി വിജയകരമായി പരീക്ഷിച്ചു. തുടർന്ന് ഐ. എസ്. ആർ. ഒ വൻതോതിൽ വികാസ് എൻജിൻ നിർമ്മിക്കാൻ തീരുമാനിച്ചു. മാസ് പ്രൊഡക്ഷനുള്ള സൗകര്യമില്ലാത്തതിനാൽ ടെണ്ടർ വിളിച്ച് ഒരു കമ്പനിയെ ഏൽപ്പിക്കാൻ ധാരണയായി. നിരവധി ചർച്ചകൾക്കും മറ്റും ഒടുവിൽ 2000 രൂപ ടെണ്ടർ ഫീസിൽ എൻജിൻ ഡ്രോയിംഗ് കമ്പനിക്ക് കൊടുത്ത് എൻജിൻ മാതൃക നിർമ്മിക്കാൻ ആവശ്യപ്പെട്ടു. നിർമ്മിക്കുന്ന എൻജിന്റെ നിലവാരം ബോധ്യപ്പെട്ട ശേഷം കരാറൊപ്പിടാം എന്ന് തീരുമാനമായി. 2000 രൂപയ്ക്ക് ആവശ്യപ്പെടുന്നവർക്ക് നൽകിയ ഡ്രോയിംഗ് ആണ് മറിച്ചുവിറ്റ് കോടികൾ വാങ്ങി എന്ന് ചാരക്കേസിൽ ആരോപിക്കുന്നത്.
വൈക്കിംഗ് എൻജിന്റെ വിജയകരമായ പരീക്ഷണത്തിന് ശേഷം അടുത്ത ശ്രമം സ്വന്തമായി ഒരു സാറ്റലൈറ്റ് വെഹിക്കിൾ നിർമ്മിക്കുക എന്നതായിരുന്നു. കൂടാതെ ലിക്വിഡ് പ്രൊപ്പൽഷൻ സാങ്കാതിക വിദ്യയിൽ നിന്ന് ക്രയോജനിക് സാങ്കേതിക വിദ്യയിലേക്ക് എത്തിച്ചേരുക എന്നതും പ്രധാനമായിരുന്നു. അതിനായുള്ള തയ്യാറെടുപ്പുകളും നടന്നുവന്നു. അങ്ങനെ ഇന്ത്യൻ ലിക്വിഡ് പ്രൊപ്പൽഷൻ ടെക്നോളജിയുടെ യുഗപ്പിറവിക്ക് തുടക്കം കുറിച്ചുകൊണ്ട് പി.എസ്.എൽ.വി യാഥാർത്ഥ്യമായി. സ്ഥാപനത്തിനകത്തും പുറത്തും നിലനിന്ന വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് നടത്തിയ പി.എസ്.എൽ.വി യുടെ ആദ്യത്തെ വിക്ഷേപണം പരാജയമായിരുന്നു.എന്നാൽ ഒരു വർഷം കഴിഞ്ഞ് 1994 ഒക്ടോബറിൽ ഇന്ത്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹത്തേയും വഹിച്ചുകൊണ്ട് പി.എസ്.എൽ.വി കുതിച്ചുയർന്നു. ഇന്നും ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യയുടെ കരുത്ത് പി.എസ്.എൽ.വി തന്നെയാണ്. പി.എസ്.എൽ.വി യുടെ ജനനം പോലും നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന് ലിക്വിഡ് പ്രൊപ്പൽഷൻ ടെക്നോളജിയോടുള്ള അടങ്ങാത്ത താത്പര്യത്തിന്റെ സാക്ഷാത്കാരമായിരുന്നു.
എന്നാൽ പിന്തുടർച്ചയെ സംബന്ധിച്ച് ഐ.എസ്.ആർ.ഒ യിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് നമ്പി നാരായണൻ അവിടെ നിന്ന് പുറത്തുപോകാൻ ആഗ്രഹിച്ചു. തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ കൂടുതൽ അവസരങ്ങൾ കിട്ടുന്നിടത്തേക്ക് പോകാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. പി.എസ്.എൽ.വി യുടെ വിജയകരമായ വിക്ഷേപണത്തിനൊപ്പം ഐ.എസ്.ആർ.ഒ യ്ക്ക് അകത്തും പുറത്തുമായി ഒരുപാട് തന്ത്രങ്ങൾ രൂപപ്പെട്ടു. നമ്പി നാരായണന്റെ രാജി തീരുമാനവും മാലി വനിതകളുടെ അറസ്റ്റും ചില അജ്ഞാത തന്ത്രങ്ങളും കൂടിച്ചേർന്നപ്പോൾ ചാരക്കേസ് ജന്മം കൊണ്ടു.
ബഹിരാകാശ ആണവ രംഗത്തെ ഇന്ത്യയുടെ വളർച്ച മറ്റു രാജ്യങ്ങളിൽ അസ്വസ്ഥതയുണ്ടാക്കി. ക്രയോജനിക് രംഗത്തേക്കുള്ള ഇന്ത്യയുടെ കാൽവയ്പ്പും അവർക്ക് അത്രത്തോളം ദഹിച്ചില്ല. ആ സമയത്താണ് റഷ്യയുമായി ക്രയോജനിക് സങ്കേതികരംഗത്ത് സഹകരിക്കാൻ അവസരമൊരുങ്ങുന്നത്. ഇന്ത്യയെ എങ്ങനെ തളർത്താം എന്ന ആലോചനയുടെ ഒടുവിലാണ് ചാരക്കേസ് രൂപപ്പെടുന്നത്.
വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങിയതിന് മാലിക്കാരിയായ മറിയം റഷീദ പൊലീസ് പിടിയിലായി. അവരുടെ ബാഗിൽ നിന്നും ഐ.എസ്.ആർ.ഒ യുമായി ബന്ധപ്പെട്ട ചില രേഖകൾ പിടിച്ചെടുത്തു. അവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും നിരവധി തവണ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥരെ ഫോൺ ചെയ്തതായി തെളിവ് ലഭിച്ചു. നിരവധി ശാസ്ത്രജ്ഞരുമായി ബന്ധമുണ്ട്. കോടിക്കണക്കിന് രൂപയ്ക്ക് ഇന്ത്യയുടെ ക്രയോജനിക് ടെക്നോളജി മാലിക്കാർ വഴി ശത്രുരാജ്യത്തിന് ചോർത്തി നൽകി എന്നതാണ് നമ്പി നാരായണൻ ചെയ്ത കുറ്റം. അതിന് അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ രമൺശ്രീവാസ്തവയുടെ പിന്തുണയുണ്ടായിരുന്നു. കുറ്റാരോപിതരായ പലരും രാജ്യത്തിന്റെ പല ഭാഗത്തു നിന്നും പിടിയിലായി. കേരളാ പൊലീസ് അറസ്റ്റ് ചെയ്ത നമ്പി നാരായണനേയും സംഘത്തേയും പിന്നീട് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കൈമാറി. കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡി, ചോദ്യം ചെയ്യലുകൾ, മർദ്ദനം, ജയിൽവാസം അങ്ങനെ പോയി. കുറ്റാരോപിതലെ ഓരോ മുറിയിലാക്കി ഒറ്റയ്ക്ക് ചോദ്യം ചെയ്തു.
'' നീ ഇന്ത്യയെ വിറ്റ ചാരനാണ്. നിനക്ക് ഈ രാജ്യത്തു നിന്ന് പച്ച വെള്ളംപോലും കുടിക്കാൻ അർഹതയില്ല,, നിനക്കീ രാജ്യത്ത് കസേരയും ഇല്ല....കാരണം നീ ഒരു ചാരനാണ് ""നമ്പി നാരായണനെ ചോദ്യം ചെയ്യുന്നതിനിടയിൽ വെള്ളവും ഇരിപ്പിടവും നിഷേധിച്ച ഒരു ഐ. ബി ഉദ്യോഗസ്ഥന്റെ വാക്കുകളാണിവ. ദിവസങ്ങളോളം വെള്ളവും ആഹാരവും ഉറക്കവും ഇരിപ്പിടം പോലും നിഷേധിച്ചു. സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തലവൻ കണ്ടതുതന്നെ മൂന്ന് ദിവസങ്ങൾക്കു ശേഷം മാത്രം. പക്ഷേ അദ്ദേഹത്തിന് ചോദ്യം ചെയ്യാൻ മൂന്ന് മിനിറ്റ് പോലും വേണ്ടി വന്നില്ല. കാരണം അവർക്കു വേണ്ടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും അവരുടെ കൈയ്യിൽ ഭദ്രമായുണ്ട്. അവ പ്രതികൾ സമ്മതിക്കുക മാത്രം ചെയ്താൽ മതി. ഒരിക്കൽപോലും പരസ്പരം കണ്ടിട്ടില്ലാത്ത ആൾക്കാരെ ഫോട്ടോ കാണിച്ച് തിരിച്ചറിയാൻ നിബന്ധിച്ചു. ഭീഷണിപ്പെടുത്തിയും മർദിച്ചും ഉത്തരങ്ങളിലേക്ക് എത്തിക്കുന്ന അവസ്ഥയുണ്ടാക്കി.
നമ്മുടെ ഗവൺമെന്റിനും ഉദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും തലകുനിച്ചു മാത്രമേ നമ്പി നാരായണൻ എന്ന അഗ്നിജ്വാലയ്ക്കു മുന്നിൽ നിൽക്കാനാവൂ. ശത്രു രാജ്യങ്ങൾ നടത്തിയ ഗൂഢാലോചന അക്ഷരംപ്രതി നടപ്പിലാക്കാൻ തീരുമാനിച്ച ഉദ്യോഗസ്ഥരും നമ്പി നാരായണൻ എന്ന വ്യക്തിയെ തിരിച്ചറിയണമായിരുന്നു. മറ്റൊരു രസകരമായ കാര്യം '' ഇന്ത്യയുടെ ക്രയോജനിക് സാങ്കേതിക വിദ്യ ശത്രു രാജ്യങ്ങൾക്കു വിറ്റു "" എന്നതാണ് ചാരക്കേസിന്റെ അടിസ്ഥാനം. എന്നാൽ ആ സമയത്ത് ഇന്ത്യക്ക് സ്വന്തമായി ക്രയോജനിക് സാങ്കേതിക വിദ്യ ഇല്ലായിരുന്നു. ആ സമയത്ത് റഷ്യയുമായി ക്രയോജനിക് സാങ്കേതിക വിദ്യ സംബന്ധിച്ച് ഒരു കരാറിൽ ഒപ്പു വച്ചിരുന്നു എന്ന് മാത്രം.
ഇല്ലാത്ത ചാരക്കേസിൽ ലാഭമുണ്ടാക്കിയവർ ഏറെയാണ്. അതിൽ പ്രമുഖർ വിദേശ രാജ്യങ്ങൾ തന്നെയാണ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ യുടെ ഇടപെടൽ അന്നുമിന്നും സ്ഥിരീകരിക്കാത്ത പരസ്യമായ രഹസ്യമായി തുടരുന്നു. ഇന്ത്യയും റഷ്യയുമായുള്ള കരാർ അമേരിക്കയുടെ വാണിജ്യ താത്പര്യങ്ങൾക്ക് ഭീഷണിയാകും എന്ന ധാരണയാണ് ഇതിന് പ്രരിപ്പിച്ചത് എന്നു വേണമെങ്കിൽ സംശയിക്കാം. വിദേശ ശക്തികളെ കഴിഞ്ഞാൽ ലാഭമുണ്ടാക്കിയവർ രാഷ്ട്രീയക്കാരാണ്. അന്നത്തെ കേരളാ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെതിരേ കോൺഗ്രസ് പാർട്ടിയിൽ രൂപപ്പെട്ടു വന്ന പടലപിണക്കം ചാരക്കേസിനെ ശരിക്കും ഒരു ആയുധമാക്കി. രമൺശ്രീവാസ്തവയും കെ. കരുണാകരനും തമ്മിലുള്ള അടുപ്പത്തെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കാൻ ഉപയോഗിച്ചു. ഒരുപക്ഷേ വിക്രം സാരാഭായുടേയും ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് ഹോമി.ജെ.ഭാഭയുടേയും ദുരൂഹ മരണങ്ങളുടെ ബാക്കിയാകാം ചാരക്കേസും. ഇന്ത്യയുടെ വികസന സ്വപ്നങ്ങളെ ഒരു പിടി ചാരമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുപാട് ബുദ്ധികേന്ദ്രങ്ങൾ ഒരുമിച്ചെടുത്ത തീരുമാനത്തിന്റെ പരിണിതഫലം. നമ്മുടെ വ്യവസ്ഥിതിയും അവർക്ക് കൂട്ടുനിന്നു. നമ്പി നാരായണൻ എന്ന വ്യക്തിയുടെ മനസിൽ ആ മകളുടെ വാക്കുകൾ വീഴ്ത്തിയ തീപ്പൊരിയാണ് ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ അദ്ദേഹത്തിന് ഊർജമായത്. ചാരക്കേസ് ഒരു കെട്ടുകഥയാണെന്ന് നിയമപരമായി സ്ഥാപിക്കാൻ കഴിഞ്ഞതും ആ വാക്കുകൾ നൽകിയ ശക്തിയാലാണ്.
റോക്കറ്റ് സാങ്കേതിക വിദ്യ വിൽക്കാൻ ശ്രമിച്ചു എന്ന കേസ് അന്വേഷിക്കുമ്പോൾ സാമാന്യമായും ചിന്തിക്കേണ്ട ഒന്നുണ്ട് ഈ പറഞ്ഞ സാങ്കേതിക വിദ്യ നമ്മുടെ കൈവശം ഉണ്ടോ എന്നത്. അതുപോലും അറിയാതെ ഏതോ അജ്ഞാതകേന്ദ്രത്തിൽ നിന്നും കിട്ടിയ ആജ്ഞകൾക്കനുസരിച്ച് വെറും പാവകളായി മാറിയ നമ്മുടെ ഉദ്യോഗസ്ഥർക്കിടയിൽ ഒരു ചാരനുണ്ടയിരുന്നില്ലേ എന്ന് ന്യായമായും സംശയിക്കാം. അതാരായിരുന്നു എന്ന് അറിയാൻ ഓരോ ഭാരതീയനും അവകാശമുണ്ട്. ചാരക്കഥയുടെ യഥാർത്ഥ ലക്ഷ്യവും എന്തായിരുന്നെന്ന് അറിയണം.
ചിന്തിക്കേണ്ടിയിരിക്കുന്നു ഇത്രയും വികസിതമായ ഇപ്പോഴത്തെ ഇന്ത്യ പോലും എത്രത്തോളം സുരക്ഷിതമാണെന്ന്. ഇന്ത്യയുടെ ഭരണ സംവിധാനങ്ങളിലേക്ക് ഇത്രയെളുപ്പം ഒരു തെറ്റിദ്ധാരണ പടർത്തി കടന്നുകയറാൻ ഒരു ശക്തിക്ക് കഴിയുമെങ്കിൽ ഇന്ത്യ ഒരിക്കലും സുരക്ഷിതമല്ല. ഇന്ത്യയിൽ ഇനിയും നമ്പി നാരായണൻമാർ ഉണ്ടാകും
(തയ്യാറാക്കിയത്: വിഷു സത്യബാബു)