drdo

ന്യൂഡൽഹി: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയ്‌ക്ക് വേണ്ടി ചാരപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥൻ അറസ്‌റ്റിൽ. മിലിറ്ററി ഇന്റലിജൻസും ഉത്തർ പ്രദേശ് പൊലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് നാഗ്പ്പൂരിൽ നിന്നും ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥനായ നിതീഷ് അഗർവാൾ പിടിയിലായത്. റഷ്യയും ഇന്ത്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈലിന്റെ രഹസ്യങ്ങൾ ചോർത്താൻ എത്തിയപ്പോഴാണ് ഇയാൾ പിടിയിലായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജോലി ചെയ്യുന്ന നിതീഷിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുമെന്നാണ് അധികൃതരുടെ ഭാഷ്യം. ഇയാൾക്കെതിരെ 1923ലെ ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് കേസെടുക്കുമെന്നും അധികൃതർ അറിയിച്ചു. നിതീഷ് അഗർവാളിനെ പിടികൂടാനായി കഴിഞ്ഞ ശനിയാഴ്‌ച മുതൽ രണ്ട് ഏജൻസികളും തമ്പടിച്ചിരിക്കുകയായിരുന്നു. ഇയാളിൽ നിന്ന് ചില സുപ്രധാന രേഖകളും പിടിച്ചെടുത്തു.