sabarimala

 ശബരിമല ക്ഷേത്രത്തിലെ യുവതി പ്രവേശനം സംബന്‌ധിച്ച് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ഏതാനും ദിവസങ്ങളായി അനുകൂലമായും പ്രതികൂലമായും പത്ര-ദൃശ്യ മാദ്ധ്യമങ്ങളിൽ സജീവ ചർച്ചയാണല്ലോ. ലിംഗ സമത്വത്തിന്റെ വിജയമായും ആചാരാനുഷ്‌ഠാനങ്ങളിൽ ഉള്ള കടന്നുകയറ്രമായും ഇത് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

യഥാർത്ഥത്തിൽ ഈ വിധി ക്ഷേത്രാചാരങ്ങളുടെ മേലുള്ള കടന്നുകയറ്റമായും നഗ്‌നമായ ഹിന്ദുവിവേചനമായും ആണ്  ഭൂരിപക്ഷം അയ്യപ്പഭക്തരും കാണുന്നത്. സ്‌ത്രീ - പുരുഷ സമത്വത്തിന്റെ പേരിൽ ഹിന്ദു വിശ്വാസികളെ മൊത്തത്തിൽ ദോഷകരമായി ബാധിക്കുന്നതും ആചാരക്രമങ്ങളെയും അഭിമാനത്തെ തന്നെയും ചോദ്യം ചെയ്യുന്നതുമായ ചർച്ചകളാണ് നടക്കുന്നത് .

ശബരിമലതീർത്ഥാടനത്തിലെ ഏറ്റവും പ്രധാന ആചാരമാണ്  41 ദിവസത്തെ വ്രതാനുഷ്‌ഠാനങ്ങൾ. ശാരീരികവും മാനസികവുമായ കഠിനശ്രമത്താൽ സ്വയം ശുദ്ധീകരിക്കപ്പെട്ട് 'ഭക്തൻ' എന്ന നിലയിൽ നിന്നും 'ഭഗവാൻ' എന്ന തലത്തിലേക്ക് ഉയരണം. അതിന് പഞ്ചശുദ്ധികൾ പാലിക്കണം. കർമ്മശുദ്ധി ,​ മന:ശുദ്ധി,​ വാക്‌ശുദ്ധി,​ ശരീരശുദ്ധി,​ ഇന്ദ്രിയശുദ്ധി എന്നിവ കർശനമായി പാലിക്കണം. പഞ്ചശുദ്ധികളിൽ പ്രധാനപ്പെട്ട ഒന്നാണ് ശരീരശുദ്ധി. രജസ്വലകളായ യുവതികൾക്ക് ശരീരശുദ്ധി 41 ദിവസം തുടർച്ചയായി ആചരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് അവരെ ക്ഷേത്രദർശനത്തിൽ നിന്നും വിലക്കിയിരിക്കുന്നത്. അല്ലാതെ,​ അയ്യപ്പന് സ്‌ത്രീകളോട് വിരോധം ഉള്ളതുകൊണ്ടല്ല.

ശബരിമലയിലെ പ്രതിഷ്‌ഠയുടെ സങ്കൽപ്പമാകട്ടെ,​ നൈഷ്‌ഠിക ബ്രഹ്‌മചാരിയാണ്. നിഷ്‌ഠയോടുകൂടിയുള്ള ബ്രഹ്‌മചര്യം അനുഷ്‌ഠിക്കുന്നതിനെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ക്ഷേത്രത്തിലെ മൂർത്തിയുടെ ഭാവത്തിന് അനുസൃതമായ ആചാരങ്ങളും താന്ത്രിക നിയമങ്ങളുടെ അടിസ്‌ഥാനങ്ങളും ആണ് ആ ക്ഷേത്രത്തിലെ പൂജാവിധികൾ ക്രമീകരിക്കുന്ന ഘടകം. ശബരിമലയിലെ ഈ ആചാരങ്ങൾക്ക് പ്രതിഷ്‌ഠാ കാലത്തോളം പഴക്കമുണ്ട്. കാനനക്ഷേത്രം എന്ന പ്രത്യേകത കൂടി കണക്കിലെടുത്താണ് ഇവ ആചരിച്ച് പോരുന്നതും. ബഹുമാനപ്പെട്ട സുപ്രീംകോടതി ഈ ആചാരത്തെയാണ് ദുരാചാരമെന്നും സ്‌ത്ര വിരുദ്ധമെന്നും ചിത്രീകരിച്ച് യുവതീപ്രവേശനത്തിനുള്ള അനുമതി നൽകിയത്. ഇത് നൂറ്റാണ്ടുകളായി പിന്തുടർന്ന് പോരുന്ന ക്ഷേത്രാചാരങ്ങളുടെ നിരാസമാണ്. യുവതികളെ കയറ്റാത്തത്  ഈ ഒരു ക്ഷേത്രത്തിൽ മാത്രമാണ് ; അതും ആർത്തവമുള്ളവരെ മാത്രം. സുന്നി വിഭാഗത്തിലുള്ള പള്ളികളിൽ സ്‌ത്രീകളെ കയറ്റുന്നതേയില്ല. മുജാഹിദ് പള്ളികളിൽ സ്‌ത്രീകൾക്ക് പ്രവേശനം ഉണ്ടെങ്കിലും പുരുഷന്മാരോടൊപ്പം നമസ്‌കരിക്കാൻ അനുവാദമില്ല. അതുപോലെ ക്രിസ്‌ത്യൻ സഭകളുടെ മതാചാരങ്ങളിലും സ്‌ത്രീ -പുരുഷ സമത്വം ഇല്ല. ലക്ഷക്കണക്കിനുള്ള ഇത്തരം സ്ഥാപനങ്ങളിൽ ഒന്നും ഇല്ലാത്ത സ്ത്രീസമത്വ പ്രശ്‌നം ശബരിമലയിൽ മാത്രം വന്നതാണ് മനസിലാകാൻ കഴിയാത്തത്.

ക്ഷേത്രദർശനവും തീർത്ഥാടനവും വ്യത്യസ്‌തമാണ്. സാധാരണ ഒരു ക്ഷേത്രത്തിലെ മൂർത്തിയുടെ ഭാവത്തിന് അനുസരിച്ചാണ് ദർശനത്തിന്റെ രീതി. എന്നാൽ ശബരിമലയിലേക്കുള്ള യാത്ര ദർശനമല്ല,​ തീർത്ഥാടനമാണ്.  മുദ്രാധാരണത്തോടെ,​ കഠിനമായ നിഷ്‌ഠയോടെ ആരംഭിക്കുന്ന വ്രതാനുഷ്‌ഠാനം ഭഗവത് ദർശനശേഷം മുദ്ര അഴിക്കുന്നത് വരെ  തുടരുന്നു. ഭാരതത്തിലെ മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത തീർത്ഥാടന സമ്പ്രദായമാണ് ശബരിമലയിലുള്ളത്. മേൽ സൂചിപ്പിച്ച പഞ്ചശുദ്ധി പ്രകാരമുള്ള വ്രതാനുഷ്‌ഠാനങ്ങളുടെ ആചരണം നിർബന്‌ധമാണ്. ഇവ അനാദികാലം തുടർന്ന് പോകണമെന്ന് വിചാരിക്കുക വയ്യ. ആചാരങ്ങളും അനാചാരങ്ങളും തമ്മിലും വിശ്വാസങ്ങളും അവിശ്വാസങ്ങളും തമ്മിലും സങ്കൽപ്പങ്ങളും ദേവതാ ഭാവങ്ങളും തമ്മിലും ഉള്ള വ്യത്യാസം നേർത്ത് വരുന്നുണ്ട്. അതുകൊണ്ടുതന്നെ പല ആചാരങ്ങളും വിശ്വാസങ്ങളും അനാചാരങ്ങളും അവിശ്വാസങ്ങളുമായി മാറുന്നുമുണ്ട്. ദേവതയുടെ ഗുണഘടന,​  ദേവതാഭാവം  തുടങ്ങി നിരവധി വൈവിദ്ധ്യങ്ങൾ ഹിന്ദു ആചാരങ്ങളിൽ നിലനിൽക്കുന്നുണ്ട്. നാനാത്വത്തിലുള്ള ഏകത്വത്തിന്റെ ചരടാണ് ഹിന്ദു ധർമ്മവ്യവസ്‌ഥ. വൈരുദ്ധ്യങ്ങൾ ഉണ്ടെങ്കിലേ ഭാരതം ഉള്ളൂ,​ സൗന്ദര്യവും സംസ്‌കാരവും ഉള്ളൂ.

ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും കാലികമായി മാറ്റങ്ങൾ ആകാം എന്ന ചിന്തയാണ് എനിക്കുള്ളത്. എന്നാൽ അതാരാണ് നിർവഹിക്കേണ്ടത് എന്ന കാര്യത്തിൽ ആണ് അഭിപ്രായ വ്യത്യാസം. ഒരു കോടതിവിധി ഉത്തരവിലൂടെയോ സെക്കുലർ ഗവൺമെന്റിന്റെ ഉത്തരവിലൂടെയോ മാറ്റം വരുത്താവുന്നവയല്ല അത്. വേദജ്ഞന്മാരും തന്ത്രശാസ്‌ത്ര നിപുണരും ഭക്‌തരും ഒക്കെ അടങ്ങുന്ന ഭക്തസമൂഹത്തിലൂടെയാണ് ; വിദ്വൽസദസിലൂടെയാണ് മാറ്റം വരുത്തേണ്ടത്. കേരളത്തിൽ ക്ഷേത്രേശൻമാരും തന്ത്രിമാരും ഇതിന്റെ ഭാഗമാണ്. അവർ കൂടിയിരുന്ന് ക്ഷേത്രാചാരങ്ങളിൽ ഉചിതമായ മാറ്റങ്ങൾ വരുത്താൻ ശ്രമം നടത്തണം. ഇതിലൂടെ മാത്രമേ ഹിന്ദുസമൂഹത്തിലെ അനാചാരങ്ങൾ കണ്ടെത്തി തിരുത്താനുള്ള നിയമങ്ങൾ ഉണ്ടാക്കാനാവൂ. ക്രിസ്‌തീയ സമുദായത്തിലെ മതപരമായ കാര്യങ്ങൾ കാനോൻ നിയമപ്രകാരവും മുസ്ളിം വിഭാഗത്തിൽ ശരീഅത്തും ഹദീസും പ്രകാരവുമാണ് തീരുമാനിക്കുന്നത്.  

ഈ  ഉത്തരവ് വഴി ഹിന്ദുക്കളുടെ ആചാരങ്ങളിൽ മാറ്റം വരുത്താൻ കോടതിക്കാണ് അധികാരം എന്ന് വന്നിരിക്കുന്നു. ക്ഷേത്രങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ചടങ്ങുകൾ കോടതിക്ക് നിശ്‌ചയിക്കാം എന്നാണ് വിധിയിൽ പറഞ്ഞിരിക്കുന്നത്. 'Essentiality of practices in temples are to be decided by court ' ക്ഷേത്രങ്ങളിൽ ഇപ്പോൾ നിലവിലുള്ള ഒഴിച്ചുകൂടാനാകാത്ത ചടങ്ങ് എന്തെന്ന് നിശ്‌ചയിക്കുക എന്ന ഉത്തരവാദിത്തം ഹൈന്ദവ ആചാര്യന്മാർക്കോ ദേവസ്വം അധികാരികൾക്കോ അല്ല,​ എന്നും കോടതിക്കാണെന്നും ആണ് ഇതുകൊണ്ട് വിവക്ഷിക്കേണ്ടത്. ഇത് ഇന്ത്യയിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ  ഭരണത്തിലും ആചാരങ്ങളിലും ഉള്ള ഇടപെടലായി മാത്രമേ കാണാനാവൂ.

ഭാരതീയ ക്ഷേത്രസങ്കൽപ്പങ്ങളിൽ മുച്ചൂടും മാറ്റം വരുത്തുന്ന ഈ കോടതി ഉത്തരവ് ഹൈന്ദവ വിശ്വാസികളുടെ ഇടയിൽ ശക്തമായ പ്രതിഷേധമാണ് വിളിച്ചുവരുത്തിയിരിക്കുന്നത്. കേരള ക്ഷേത്രാചാര നിയമത്തിലെ ഒരു വകുപ്പ് റദ്ദാക്കുക വഴി ക്ഷേത്രങ്ങളിൽ സ്‌ത്രീകൾക്ക്  ആർത്തവ സമയത്തും കയറാം ,​ പകർച്ചവ്യാധി ഉള്ളവ‌ർക്കും മറ്റ് രോഗഗ്രസ്‌തർക്കും വേണമെങ്കിൽ കയറാം. ഇതുവഴി ക്ഷേത്രത്തിന്റെ പരിശുദ്ധിയും വൃത്തിയും എന്നെന്നേക്കുമായി നഷ്‌ടപ്പെടുന്നു. മതവിശ്വാസത്തെ ഭരണഘടനയുടെയും യുക്തിയുടെയും കണ്ണിലൂടെയല്ല,​ നോക്കിക്കാണേണ്ടത്. ആചാരങ്ങൾ വിവേകപൂർണമാണോ,​ അവയ്‌ക്ക് യുക്തിയുണ്ടോ അല്ലയോ എന്നത് പ്രശ്‌നമേയല്ല. ഭരണഘടനയുടെ 25,​ 26 വകുപ്പുകൾ വ്യക്തികൾക്ക് വിശ്വാസത്തിനും ആരാധനയ്‌ക്കും ഉള്ള അധികാരം നൽകുന്നുണ്ട്. മതസ്‌ഥാപനങ്ങൾ കെട്ടിപ്പടുക്കാനും അവിടുത്തെ കാര്യങ്ങൾ തീരുമാനിക്കാനും ഉള്ള അവകാശം ആർട്ടിക്കിൾ 26 പ്രകാരം വ്യവസ്‌ഥ ചെയ്യുന്നുണ്ട്. ഈ വ്യവസ്‌ഥകൾക്കെല്ലാം വ്യത്യസ്‌തമായി ഭരണഘടന അനുവദിക്കുന്ന മതവിശ്വാസം ,​ ആചാര സംരക്ഷണം എന്നിവയെല്ലാം ഇപ്പോൾ അപ്രസക്തമാകുന്നു. ക്ഷേത്രമെന്ന പരിശുദ്ധമായ ഇടം കച്ചവട സ്ഥാപനമായി മാറുന്നതിന് ഈ വിധി ആക്കം കൂട്ടും എന്ന ആശങ്കയുണ്ട്. കോടിക്കണക്കിന് അയ്യപ്പഭക്തരെ ഇത് ദു:ഖത്തിലാഴ്‌ത്തും.

ലേഖകൻ  പന്തളം കൊട്ടാരം ട്രസ്‌റ്റ്  പ്രസിഡന്റാണ് .