മാനന്തവാടി: പക തീർക്കാൻ മരണക്കെണിയൊരുക്കി. കഥയറിയാതെ അതിൽ അകപ്പെട്ട് പിടഞ്ഞൊടുങ്ങിയത് അച്ഛനും മകനുമുൾപ്പെടെ മൂന്നു പേർ. വയനാട് വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ പുലയ കോളനിയിൽ പൂജാരിയായ തികന്നായി (65), മകൻ പ്രമോദ് (35), തികന്നായിയുടെ സഹോദരീപുത്രൻ പ്രസാദ് (38) എന്നിവർ സയനൈഡ് കലർന്ന മദ്യം കഴിച്ച് മരിച്ച സംഭവമാണ് സിനിമാക്കഥയെ വെല്ലുന്ന വഴിത്തിരിവിലെത്തിയത്.
മദ്യത്തിൽ സയനൈഡ് കലർത്തി നൽകിയ എറണാകുളം പറവൂർ സ്വദേശി, മാനന്തവാടി അറാട്ടുതറയിൽ വാടകയ്ക്ക് താമസിച്ചുവരുന്ന പാലത്തിങ്കൽ സന്തോഷിനെ (46) പൊലീസ് അറസ്റ്റു ചെയ്തു. മാനന്തവാടി സ്പെഷ്യൽ സ്ക്വാഡ് ഡിവൈ.എസ്.പി പി. കുബേരൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. മാനന്തവാടിയിൽ സ്വർണപ്പണിക്കാരനാണ് ഇയാൾ.
സുഹൃത്ത് സജിത്തിനെ വകവരുത്താൻ മദ്യത്തിൽ സയനൈഡ് ചേർത്ത് നൽകുകയായിരുന്നു. ഈ മദ്യം സജിത്ത് ഉപയോഗിക്കാതെ തന്റെ മകൾക്ക് ചരട് ജപിച്ചു നൽകിയതിന് പ്രതിഫലമായി തികന്നായിക്ക് കൊടുത്തു. ഇതു കുടിച്ചാണ് മൂന്നു പേരും മരിച്ചത്. മദ്യം ആദ്യം കുടിച്ചത് തികന്നായിയാണ്. ഇയാൾ ഉടൻ പിടഞ്ഞു വീണ് മരിച്ചു. മൃതദേഹം സംസ്കരിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ രാത്രിയാണ് പ്രമോദും പ്രസാദും കുപ്പിയിൽ ബാക്കിയുള്ള മദ്യം കഴിച്ചത്. കുഴഞ്ഞ് വീണ ഇരുവരെയും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
സന്തോഷ് അറസ്റ്റിലാകുന്നതു വരെ എഫ്.ഐ.ആറിൽ പ്രതിയായി സജിത്തും ഉണ്ടായിരുന്നു. എന്നാൽ രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തുടർന്ന് സന്തോഷിനെ മുഖ്യപ്രതിയാക്കി രണ്ടാമത്തെ എഫ്.ഐ.ആർ തയ്യാറാക്കിയാണ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. സജിത്തിനെ കൊലപ്പെടുത്താനാണ് മദ്യത്തിൽ സയനൈഡ് കലർത്തി നൽകിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഇതറിയാതെ സജിത്ത് മദ്യം തികന്നായിക്ക് കൊടുക്കുകയായിരുന്നു. സജിത്തിന്റെ ഭാഗം മനഃപൂർവമല്ലാത്ത തെറ്റായതിനാൽ മാപ്പുസാക്ഷിയാക്കിയതായി പൊലീസ് അറിയിച്ചു.
പൊതുപ്രവർത്തകനായ സജിത്ത് മദ്യം സംഘടിപ്പിച്ചിരുന്നത് സന്തോഷ് വഴിയായിരുന്നു. ജോലിനോക്കുന്ന കടയുടെ ഉടമയും സ്വർണപ്പണിക്കാരനുമായ ഷൺമുഖൻ വാങ്ങിവച്ച സയനൈഡിൽ നിന്ന് കുറച്ച് സന്തോഷ് മോഷ്ടിച്ച് സൂക്ഷിച്ചിരുന്നു. ഇതാണ് മദ്യത്തിൽ ചേർക്കാൻ ഉപയോഗിച്ചത്. ബിവറേജസിന്റെ മാനന്തവാടി ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങി. മറ്റൊരു മദ്യക്കുപ്പിയിൽ ഒഴിച്ച് അതിൽ പൊട്ടാസ്യം സയനൈഡ് കലർത്തി. തെളിവ് നശിപ്പിക്കുന്നതിനായി ഒഴിഞ്ഞ കുപ്പി കത്തിച്ചു കളഞ്ഞു.
മകളുടെ അസുഖവുമായി ബന്ധപ്പെട്ടാണ് ചരട് ജപിക്കുന്നതിന് സജിത്ത് തികന്നായിയുടെ വീട്ടിൽ എത്തിയത്. മുമ്പ് തികന്നായിയുടെ അയൽവാസിയായിരുന്നു ഇയാൾ. പുലയ സമുദായത്തിന്റെ ആചാര ചടങ്ങുകളിൽ കാർമ്മികനായിരുന്ന തികന്നായി അടുത്ത് അറിയുന്നവർക്ക് മാത്രമേ ചരട് ജപിച്ചു നൽകാറുള്ളൂ. ഇതിന് പ്രതിഫലം പണമായി വാങ്ങാത്തതിനാലാണ് സജിത്ത് മദ്യം കൊടുത്തത്. സന്തോഷ് നൽകിയ മദ്യം അതേപടി കൈമാറുകയായിരുന്നു.
മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയായിരുന്നു കേസ് ആദ്യം അന്വേഷിച്ചത്. മരിച്ചവർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായതിനാലാണ് കേസ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ കേസുകൾ അന്വേഷിക്കുന്ന സ്ക്വാഡിന് വിട്ടത്.
പകയ്ക്കു പിന്നിൽ
2014 ൽ സന്തോഷിന്റെ സഹോദരീ ഭർത്താവ് സതീശ് ആത്മഹത്യ ചെയ്തിരുന്നു. സജിത്ത് ഉൾപ്പെടെ ചിലരാണ് തന്റെ മരണത്തിന് കാരണമെന്ന് ആത്മഹത്യാ കുറിപ്പ് എഴുതി വച്ചാണ് സതീശ് ജീവനൊടുക്കിയത്. ഇതോടെ സന്തോഷിന് സജിത്തിനോട് പകയായി. ഇതിനിടെ തന്റെ ഭാര്യയെ സജിത്തിന്റെ വാഹനത്തിൽ സന്തോഷ് കാണാനിടയാവുകയും താക്കീതു ചെയ്ത് വിടുകയും ചെയ്തു. വീണ്ടുമൊരു തവണ കൂടി സജിത്തിന്റെ വാഹനത്തിൽ ഭാര്യയെ കണ്ടതോടെ പക ഇരട്ടിച്ചു. സജിത്തിന്റെ പല ചെയ്തികളും വെളിപ്പെടുത്തുന്ന സതീശിന്റെ ഡയറി അടുത്തിടെ ലഭിക്കുക കൂടി ചെയ്തതോടെ വധിക്കാൻ തീമുമാനിക്കുകയായിരുന്നെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. സന്തോഷ് ഭാര്യയുമായി അകന്നാണ് കഴിയുന്നത്.