ബെയ്ജിംഗ്: കാണാതായ ഇന്റർപോൾ തലവൻ മെംഗ് ഹോംഗ്‌വെയെ അറസ്റ്റ് ചെയ്തതു തന്നെയാണെന്നും അഴിമതി വിരുദ്ധവിഭാഗത്തിന്റെ തടവിലാണ് അദ്ദേഹമെന്നും ചൈന അറിയിച്ചു. അഴിമതിക്കേസിൽ മെംഗിനെതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ചൈനീസ് പൊതുസുരക്ഷാ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ചൈനയിൽ അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്ന നാഷണൽ സൂപ്പർവിഷൻ കമ്മിഷൻ ഇന്റർപോൾ ഉദ്യോഗസ്ഥരെ കാണുമെന്നും പ്രസ്താവനയിൽ പറയുന്നു. സെപ്തംബർ 29നു ചൈനയിലേക്ക് പോയ മെംഗിനെ കാണാതാകുകയായിരുന്നു. ഇതിനിടെ, മെംഗിന്റെ രാജിക്കത്ത് കഴിഞ്ഞ ആഴ്ച ഇന്റർപോളിനു ലഭിച്ചിരുന്നു. ഇന്റർപോൾ ആസ്ഥാനമായ ഫ്രാൻസിലെ ലിയോണിൽ കുടുംബസമേതം താമസിക്കുന്ന മെംഗ് ചൈനയിൽ പൊതുസുരക്ഷാ സഹമന്ത്രി കൂടിയാണ്. ചൈനയിലെത്തിയ ശേഷം മെംഗിന്റെ ഒരു വിവരവും ലഭ്യമല്ലെന്നു ഭാര്യ പൊലീസിൽ പരാതി നൽകിയതോടെയാണു തിരോധാന വിവരം പുറത്തുവന്നത്. മെംഗിനെ തടവിലാക്കിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ ചൈനയോട് ലോകപൊലീസ് സംഘടന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
മെംഗിന്റെ ജീവൻ അപകടത്തിലെന്ന് ഭാര്യ
മെംഗിന്റെ ജീവൻ അപകടത്തിലാണെന്ന് ഭാര്യ ഗ്രേസ് പറയുന്നു. അപ്രത്യക്ഷമാകുന്നതിനു മുൻപ് മെംഗ് അയച്ച സന്ദേശത്തിൽ കത്തിയുടെ ഇമോജിയാണുള്ളതെന്ന് അവർ പറഞ്ഞു. മെസേജ് അയയ്ക്കുന്നതിനു മുൻപ്, തന്റെ ഫോൺ കാളിനായി കാത്തിരിക്കണമെന്നും മെംഗ് പറഞ്ഞിരുന്നു. ചൈനയിൽ അടുത്തിടെ കാണാതായ രണ്ടാമത്തെ പ്രമുഖനാണു മെംഗ്. പ്രശസ്ത നടി ഫാൻ ബിംഗ്ബിംഗിനെയും ജൂണിൽ കാണാതായിരുന്നു. ഇവർ ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയിലുണ്ടെന്ന് കഴിഞ്ഞ ആഴ്ച ചൈന പ്രസ്താവനയിറക്കിയിരുന്നു. നികുതിവെട്ടിപ്പ് ആരോപിച്ച് 70 ദശലക്ഷം ഡോളർ പിഴയാണ് ആദായനികുതി വകുപ്പ് ഇവർക്കു ചുമത്തിയിട്ടുള്ളത്.