edappadi-palaniswami-and-

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട് പിടിക്കാൻ ബി.ജെ.പി ഒരുങ്ങുന്നു. ഇതിന്റെ തുടക്കം എന്ന രീതിയിൽ സംസ്ഥാനത്ത് സഖ്യം രൂപികരിക്കുന്നതിന്റെ സാദ്ധ്യതകൾ വെളിപ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായ എടപ്പാടി പളനിസ്വമി രംഗത്തെത്തി. തിര‌ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സഖ്യം വേണമോയെന്ന് വ്യക്തമാക്കുമെന്ന് പളനിസ്വാമി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിന് ശേഷമായിരുന്നു പളനിസ്വാമി രംഗത്തെത്തിയതെന്നതും സഖ്യസാദ്ധ്യതകൾക്കുള്ള ചർച്ചകൾ കൂടുതൽ സജീവമായി.

മന്ത്രി ഡി. ജയകുമാർ, ചീഫ് സെക്രട്ടറി ഗിരിജ വെെദ്യനാഥൻ എന്നിവർക്കൊപ്പമാണ് പളനിസ്വാമി പ്രധാനമന്ത്രിയെ സന്ദർശിച്ചത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനവും ഇവർ പ്രധാനമന്ത്രിക്ക് കെെമാറി. സി.എൻ അണ്ണാ ദുരെെ, ജയലളിത എന്നിവർക്ക് ഭാരതരത്ന നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ചെന്നെെ സെൻ‌‌ട്രൽ റെയിൽവേ സ്റ്റേഷന് എം.ജി.ആറിന്റെ പേര് നൽകണമെന്നും നിവേദനത്തിൽ പറയുന്നു.

ജയലളിതയുടെ മരണത്തിന് ശേഷം അണ്ണാ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. അതിനിടെയാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാനുള്ള സൂചന നൽകി മുഖ്യമന്ത്രി രംഗത്തെത്തിയത്. അതേസമയം, അണ്ണാ ഡി.എം.കെയുടെ പ്രധാന രാഷ്ട്രീയ എതിരാളിയായ ‌ഡി.എം.കെ ബി.ജെ.പിക്കെതിരെ ശക്തമായി പ്രചരണമാണ് നടത്തുന്നത്.