ലക്‌നൗ: ശത്രുരാജ്യങ്ങളുടെ എത്ര വലിയ വെല്ലുവിളികളും നേരിടാൻ വ്യോമസേന സജ്ജമാണെന്ന് വ്യോമസേന മേധാവി ബി.എസ് ധനോവ വ്യക്തമാക്കി. യു.പിയിലെ ഹിന്ദോനിൽ വ്യോമസേന ദിനാഘോഷത്തിൽ സംസാരിക്കുന്നതിനിടെയാണ് ധനോവ ഇക്കാര്യം വ്യക്തമാക്കിയത്. 36 റാഫേൽ വിമാനങ്ങളും എസ്-400 മിസെെലും ചേരുന്നതോടെ വ്യോമസേനയടെ കരുത്ത് വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധ സജ്ജരായിരിക്കുക എന്നതാണ് വ്യോമസേന ഉദ്യോഗസ്ഥരുടെ പ്രധാന കർത്തവ്യമെന്നും ഓരോ വർഷം കഴിയും തോറും ഉയരങ്ങളിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേന എപ്പോഴും ജാഗ്രത പാലിക്കേണ്ട മേഖലയാണ് സുരക്ഷ. അപ്പാചെ, ചിനൂക് ഹെലികോപ്‌റ്ററുകളും സേനയുടെ കരുത്ത് വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ കേരളത്തിലെ പ്രളയത്തിനിടെയുള്ള രക്ഷാപ്രവർത്തനത്തിലെ വ്യോമസേനയുടെ പങ്കിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ''വ്യോമസേനയുടെ 23 വിമാനങ്ങളും 25 ഹെലികോപ്റ്ററുകളുമാണു പ്രളയസമയത്ത് കേരളത്തിലെത്തിയത്. തേനി, കത്ര, പത്താൻകോട്ട്, കസൂലി എന്നിവിടങ്ങളിൽ കാട്ടുതീ പടർന്നപ്പോൾ രക്ഷാപ്രവർത്തനത്തിനും വ്യോമസേന മുൻനിരയിലുണ്ടായിരുന്നു''- അദ്ദേഹം പറഞ്ഞു.