തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലബാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സുഹൃത്തും സംഗീത സംവിധായകനായ സ്റ്റീഫൻ ദേവസി പറഞ്ഞു. വെന്റിലേറ്ററിന്റെ സഹായമില്ലാതെ ലക്ഷ്മിക്ക് ശ്വസിക്കാൻ സാധിക്കുന്നുണ്ട്. അതേസമയം, ബാലഭാസ്കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും വിയോഗ വാർത്ത ലക്ഷ്മിയെ അറിയിച്ചെന്നും സ്റ്റീഫൻ ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു.
ലക്ഷ്‌മിയെ ചികിത്സിക്കുന്ന ഡോക്‌ടറോട് സംസാരിച്ചതിന് ശേഷമാണ് സ്റ്റീഫൻ വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ലക്ഷ്മിക്ക് സ്വയം ശ്വസിക്കാൻ സാധിക്കുന്നുണ്ട്. അതായത് വെന്റിലേറ്റർ നീക്കം ചെയ്തു. ചെറുതായി സംസാരിക്കാനും ശ്രമിക്കുന്നുണ്ട്. ബാലയുടെയും ജാനിയുടെയും കാര്യം ലക്ഷ്മിയുടെ അമ്മ സമാധാനപരമായി അവരോട് പറഞ്ഞു. അവർ ഏറ്റവും വേദന നിറഞ്ഞ നിമിഷത്തിലൂടെയാകും ഇപ്പോൾ കടന്നു പോകുന്നത്. പക്ഷേ അവരുടെ ആരോഗ്യനിലയ്ക്ക് ഇപ്പോൾ കുഴപ്പമില്ല. ലക്ഷ്മിക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് ഉണ്ടാകാൻ എല്ലാവരുടെയും പ്രാർത്ഥന വേണം- സ്റ്റീഫൻ പറഞ്ഞു.