saudi-journalist-ഇസ്താംബൂൾ: തുർക്കിയിലെ സൗദി അറേബ്യ കോൺസുലേറ്റിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ സൗദി മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം കൊല്ലപ്പെട്ടെന്ന് വിശ്വസിക്കുന്നില്ലെന്നും തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ പറഞ്ഞു.'ഞാൻ ഈ കേസിന് പിറകെ തന്നെയുണ്ട്. കോൺസുലേറ്റിലെയും എയർപോർട്ടിലെയും ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺസുലേറ്റിനുള്ളിൽ വച്ച് ഖഷോഗി വധിക്കപ്പെട്ടുവെന്ന് തുർക്കി അധികൃതരെ ഉദ്ധരിച്ച് വന്ന വാർത്തയെ തുടർന്നാണ് എർദോഗന്റെ മറുപടി. യു.എസ് മാദ്ധ്യമമായ വാഷിംഗ്ടൺ പോസ്റ്റിന്റെ സൗദി റിപ്പോർട്ടറും കോളമിസ്റ്റുമായ ഖഷോഗിയെ ചൊവ്വാഴ്ച മുതലാണ് കാണാതായത്. ഈസ്താംബൂളിലെ സൗദി കോൺസുലേറ്റിലെത്തിയ ഖഷോഗിയെ പിന്നീട് കാണാതാകുകയായിരുന്നു. കോൺസുലേറ്റിനുള്ളിൽ വച്ച് ഖഷോഗി വധിക്കപ്പെട്ടുവെന്നാണ് പ്രാഥമികാന്വേഷണം നൽകുന്ന സൂചനകളെന്ന് തുർക്കി അധികൃതർ വ്യക്തമാക്കി. ഖഷോഗിയെ വധിച്ചതിനുശേഷം മൃതദേഹം കോൺസുലേറ്റിൽനിന്ന് മാറ്റിയിട്ടുണ്ടാകാം എന്ന് തുർക്കി അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. വിവാഹമോചനത്തിനും പുനർവിവാഹത്തിനുമുള്ള അനുമതി ലഭിക്കാനുള്ള ഔദ്യോഗികനടപടികളുടെ ഭാഗമായാണ് ഖഷോഗി കോൺസുലേറ്റിലെത്തിയത്. ഇക്കാര്യം അറിയാമായിരുന്ന സൗദി അദ്ദേഹത്തെ വധിക്കാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനായി 15 പേർ സൗദിയിൽനിന്ന് രണ്ടു വിമാനങ്ങളിൽ ചൊവ്വാഴ്ച തുർക്കിയിലെത്തുകയും കൃത്യം നടത്തിയതിനുശേഷം ഉടനേ മടങ്ങിപ്പോകുകയും ചെയ്തുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ തെളിവുകൾ നൽകാൻ തുർക്കിക്കായിട്ടില്ല. അതേസമയം ആരോപണം സൗദി നിഷേധിച്ചിട്ടുണ്ട്. ഖഷോഗിയെ കണ്ടെത്താൻ തങ്ങളും അന്വേഷണം നടത്തിവരികയാണെന്ന്‌ സൗദി പറഞ്ഞു. തുർക്കി പൊലീസിന് കോൺസുലേറ്റിനുള്ളിൽ പരിശോധന നടത്താമെന്നും തങ്ങൾക്ക് മറച്ചുവയ്ക്കാനൊന്നുമില്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. കോൺസുലേറ്റിൽ പ്രവേശിക്കുന്നതിനുമുമ്പ് ഖഷോഗിയുടെ ഫോൺ അധികൃതർ വാങ്ങിയിരുന്നു. പ്രതിശ്രുതവധുവും തുർക്കി വനിതയുമായ ഹാറ്റിസുമൊത്താണ് ഖഷോഗി ചൊവ്വാഴ്ച സൗദി കോൺസുലേറ്റിലെത്തിയത്. എന്നാൽ, കോൺസുലേറ്റ് കെട്ടിടത്തിനുള്ളിലേക്ക് ഹാറ്റിസിനെ കടത്തിവിട്ടില്ല. കോൺസുലേറ്റ് അടയ്ക്കുന്നതുവരെ താൻ കെട്ടിടത്തിന് പുറത്തുകാത്തുനിന്നെങ്കിലും ഖഷോഗി മടങ്ങിയെത്തിയില്ലെന്ന് ഹാറ്റിസ് പറഞ്ഞു.