ഡാലസ്: ശബരിമല സംരക്ഷക പ്രവർത്തനങ്ങളുടെ ഭാഗമായി ഡാലസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഒക്ടോബർ 13ന് അയ്യപ്പ നാമജപം നടത്തും. 3500 ശാഖകളുള്ള അഖില ലോക അയ്യപ്പ സേവാ സംഘത്തിന്റെ പരിപൂർണ പിന്തുണയുമായി, നാമജപം ലോകമെമ്പാടും വ്യാപിപ്പിക്കും. അമേരിക്കയിലെ, ഷിക്കാഗോ, ന്യൂ യോർക്ക് , ലോസ് ആഞ്ചലസ്, ടാമ്പാ, ജാക്സൺവിൽ, ഹൂസ്റ്റൺ, സെന്റ് ലൂയിസ് എന്നീ സ്ഥലങ്ങളിലെ അയ്യപ്പ ഭക്തന്മാർ ഈ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കാളികളാകും.
ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുവാനും, ക്ഷേത്ര വിശ്വാസികളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുവാനും, ഇതിനുമുമ്പ് കണ്ടിട്ടില്ലാത്ത ഭക്ത ജന പങ്കാളിത്തമാണ് ഉണ്ടാകുന്നതെന്ന് കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രൻ നായർ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അയ്യപ്പ ഭക്തന്മാർ ഒത്തു ചേർന്ന് ശബരിമല സംരക്ഷക പ്രവർത്തങ്ങളിൽ പങ്കാളികളാവാൻ കേരള ഹിന്ദു സൊസൈറ്റി ട്രസ്റ്റി ബോർഡ് ചെയർമാൻ കേശവൻ നായർ അഭ്യർത്ഥിച്ചു.