sakshi-maharaj

ലക്നൗ: 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് രംഗത്ത്. തന്നോട് മത്സരിച്ച് പരാജയപ്പെട്ടാൽ ഇറ്റലിക്ക് പോകണമെന്ന് രാഹുൽ ഗാന്ധിയോട് സാക്ഷി മഹാരാജ് പറഞ്ഞു. മറിച്ച് താൻ പരാജയപ്പെട്ടാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യു.പിയിലെ ഉന്നാവോയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, രാഹുൽ ഗാന്ധി സെപ്തംബറിൽ നടത്തിയ മാനസ സരോവർ യാത്രയെയും സാക്ഷി മഹാരാജ് വിമർശിച്ചു. ഇത്തരം തീർത്ഥാടനങ്ങൾക്ക് പാലിക്കേണ്ട ശുദ്ധി രാഹുൽ പാലിച്ചില്ലെന്നാണ് അദ്ദേഹം ആരോപിച്ചു. മാംസാഹാരങ്ങൾ കഴിച്ചതിന് ശേഷമുള്ള ദർശനം ന്യായീകരിക്കാവുന്നതല്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു. നിലവിൽ ഉന്നാവോയിൽനിന്നുള്ള എം.പിയാണ് സാക്ഷി മഹാരാജ്.