kt-jaleel-

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേസനത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ തിടുക്കം കാട്ടിയിട്ടില്ലെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. സുന്നി പള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നും പ്രവേശനം അനുവദിച്ചാലെ ആരാധന സ്വാതന്ത്ര്യം ലഭിക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിധിയിൽ സ‌ർക്കാർ പുന:പരിശോധന ഹർജി നൽകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ കോടതി വിധി മാനിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, സുപ്രീം കോടതി വിധിക്കെതിരെ പന്തളം രാജകുടുംബം, നായർ സർവീസ് സൊസൈറ്റി, ദേശീയ അയ്യപ്പ ഭക്ത വനിത കൂട്ടായ്മ, സന്നദ്ധ സംഘടനയായ ചേതന എന്നിവർ പുന:പരിശോധന ഹർജി സമർപ്പിച്ചു.

സ്ത്രീ പ്രവേശന വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്ന് നായർ സർവീസ് സൊസൈറ്റി സമർപ്പിച്ച ഹർജിയിൽ പറയുന്നു. വിശ്വാസവും ആചാരവും പിന്തുടരാനുളള ഭരണഘടനാവകാശമാണ് വിധിയിലൂടെ നിഷേധിക്കുന്നത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ഇതിന് പൗരാണിക തെളിവുകളുകളുണ്ടെന്നും എൻ.എസ്.എസ് വാദിക്കുന്നു.