കിളിപോയി, കോഹിനൂർ എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ജയറാം നായകനാകും. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തയാഴ്ച തുടങ്ങും. 2013ലാണ് വിനയ് കിളിപോയി സംവിധാനം ചെയ്യുന്നത്. ആസിഫ് അലി, അജു വർഗീസ് തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ. 2016ൽ റിലീസ് ചെയ്ത കോഹിനൂരിലും ആസിഫായിരുന്നു നായകൻ.
അതേസമയം ജയറാമിന്റെ പുതിയ ചിത്രം ലോനപ്പന്റെ മാമോദീസയുടെ ഷൂട്ടിംഗ് നാളെ പൂർത്തിയാകും. ലിയോ തദേവൂസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അന്ന രാജനും കനിഹയുമാണ് നായികമാർ. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു നിർമ്മിക്കുന്ന ചിത്രത്തിൽ ശാന്തികൃഷ്ണ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഈവ പവിത്രൻ, നിഷ സാരംഗ്, ദിലീഷ് പോത്തൻ, ഇന്നസെന്റ്, ഹരീഷ് കണാരൻ, അലൻസിയർ, ജോജു ജോർജ്, നിയാസ് ബക്കർ എന്നിവരാണ് മറ്റ് താരങ്ങൾ. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ലോനപ്പന്റെ മാമോദീസ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും.
വിനയ് ഗോവിന്ദ് ചിത്രം പൂർത്തിയാക്കിയ ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയറാം അഭിനയിക്കുക. ദിനേശ് പള്ളത്താണ് ഇതിന് തിരക്കഥ രചിക്കുന്നത്. അച്ചായൻസ്, ആടുപുലിയാട്ടം, തിങ്കൾ മുതൽ വെള്ളി വരെ എന്നിവയ്ക്ക് ശേഷം ജയറാമും കണ്ണൻതാമരക്കുളവും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.