കൊച്ചി: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ (എൻ.ബി.എഫ്.സി) പ്രവർത്തന മാനദണ്ഡങ്ങൾ കടുപ്പിക്കുമെന്ന റിസർവ് ബാങ്കിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഇന്നലെ ഈ വിഭാഗത്തിലെ പ്രമുഖ കമ്പനികളുടെ ഓഹരികൾ വമ്പൻ ഇടിവ് നേരിട്ടു. മുഖ്യ പലിശനിരക്കുകൾ നിലനിറുത്തിക്കൊണ്ട് വെള്ളിയാഴ്ച പ്രഖ്യാപിച്ച ധനനയത്തിലാണ് റിസർവ് ബാങ്ക് എൻ.ബി.എഫ്.സികളുടെ പ്രവർത്തനച്ചട്ടം കടുപ്പിക്കുമെന്ന് വ്യക്തമാക്കിയത്.
ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (ഡി.എച്ച്.എഫ്.എൽ) 18.92 ശതമാനവും ഈഡൽവീസ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്രഡ്13 ശതമാനവും ജെ.എം. ഫിനാൻഷ്യൽ ലിമിറ്റഡ് 11.1 ശതമാനവും ഐ.ഐ.എഫ്.എൽ ഹോൾഡിംഗ്സ് പതിനൊന്ന് ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്തുന്ന മേഖലകളായി എൻ.ബി.എഫ്.സികൾ മാറുന്നുണ്ടെന്ന് വിലയിരുത്തിയ റിസർവ് ബാങ്ക്, ഇവ പ്രവർത്തന മൂലധനത്തിനായി കടപ്പത്രങ്ങളും മ്യൂച്വൽ ഫണ്ടുകളും പോലുള്ള ഹ്രസ്വകാല പണ സ്രോതസുകളെ ആശ്രയിക്കുന്നതിനെ വിമർശിച്ചിരുന്നു.
ഹ്രസ്വകാല സ്രോതസുകളിൽ നിന്ന് ലഭിക്കുന്ന പണം, ദീർഘകാല വായ്പകളായി വിതരണം ചെയ്യുന്നതായിരുന്നു എൻ.ബി.എഫ്.സികളുടെ പ്രവർത്തനം. ഇത്, എൻ.ബി.എഫ്.സികൾ വായ്പാത്തിരിച്ചടവിൽ വീഴ്ച വരുത്താനും കളമൊരുക്കിയിരുന്നു. ഈ പ്രവർത്തനരീതി മാറ്റി, എൻ.ബി.എഫ്.സികളുടെ ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുന്ന മാനദണ്ഡങ്ങളാകും റിസർവ് ബാങ്ക് ഏർപ്പെടുത്തുക. പ്രമുഖ അടിസ്ഥാന സൗകര്യ വികസന, ധനകാര്യ സ്ഥാപനമായ ഐ.എൽ ആൻഡ് എഫ്.എൽ കമ്പനി, വായ്പാത്തിരിച്ചടവിൽ വീഴ്ച വരുത്തിയതോടെയാണ് എൻ.ബി.എഫ്.സികളാകെ റിസർവ് ബാങ്കിന്റെ നോട്ടപ്പുള്ളികളായത്. 91,000 കോടി രൂപയുടെ കടബാദ്ധ്യതയുള്ള ഐ.എൽ ആൻഡ് എഫ്.എസിനെ പിന്നീട് കേന്ദ്ര സർക്കാർ ഏറ്റെടുത്തിരുന്നു.