കൊച്ചി: ഓഹരി വിപണിയിൽ ചോരപ്പുഴ ഒഴുകിയ കഴിഞ്ഞവാരം ഇന്ത്യയിലെ പ്രമുഖ ശതകോടീശ്വന്മാരുടെ കീശയും കീറിത്തകർന്നു! മുൻനിര കമ്പനികളിലെല്ലാം (ബ്ലൂചിപ് ഓഹരികൾ) ദൃശ്യമായ കനത്ത വില്പന സമ്മർദ്ദം, പ്രമോട്ടർമാരുടെ സമ്പത്തിലും ഇടിവുണ്ടാക്കുകയായിരുന്നു. സെൻസെക്സ് സർവകാല ഉയരമായ 38,989 പോയിന്റ് താണ്ടിയ ആഗസ്റ്റ് 29ന്റെ തലേന്നാൾ 5,070 കോടി ഡോളറായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ആസ്തി. ആസ്തി ഇപ്പോൾ 3,950 കോടി ഡോളറായി താഴ്ന്നുവെന്ന് ബ്ളൂംബെർഗ് വ്യക്തമാക്കി.
കുമാർ മംഗളം ബിർളയുടെ ആദിത്യ ബിർള ഗ്രൂപ്പിന് നഷ്ടമായത് 60,000 കോടി രൂപയാണ്. ജനുവരിയിലെ 938 കോടി ഡോളറിൽ നിന്ന് ബിർളയുടെ ആസ്തി 591 കോടി ഡോളറായി ഇടിഞ്ഞു. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയുടെ ആസ്തി 1,100 കോടി ഡോളറിൽ നിന്ന് 657 കോടി ഡോളറിലുമെത്തി. ഐഷർ മോട്ടോഴ്സിന്റെ വിക്രം ലാലിന് നഷ്ടപ്പെട്ടത് 263 കോടി ഡോളർ.
വിപ്രോയുടെ അസിം പ്രേംജി, ആഴ്സലർ മിത്തലിന്റെ ലക്ഷ്മി മിത്തൽ, സൺ ഫാർമയുടെ ദിലീപ് സംഘ്വി, ശ്രീ സിമെന്റ്സിന്റെ ബേണു ഗോപാൽ ബാംഗർ എന്നിവർക്ക് 100 കോടി ഡോളർ മുതൽ 200 കോടി ഡോളർ വരെ നഷ്ടമായി.