കൊച്ചി: ഇന്ത്യൻ റുപ്പി ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരെ 74 കടന്ന് വ്യാപാരം പൂർത്തിയാക്കി. 30 പൈസയുടെ നഷ്ടവുമായി 74.06ലാണ് വ്യാപാരാന്ത്യം രൂപയുള്ളത്. ഇന്നലെ ഒരുവേള രൂപയുടെ മൂല്യം 74.23 വരെ ഇടിഞ്ഞിരുന്നു. ആഗോള തലത്തിൽ കറൻസികൾ പൊതുവേ നേരിട്ട തളർച്ചയും ക്രൂഡോയിൽ വിലക്കുതിപ്പുമാണ് ഇന്നലെ രൂപയ്ക്ക് തിരിച്ചടിയായത്.
എന്നാൽ, റിസർവ് ബാങ്ക് ഇക്കഴിഞ്ഞ ധനനയ നിർണയത്തിൽ രൂപയുടെ മൂല്യത്തകർച്ച തടയാൻ നടപടിയൊന്നും പ്രഖ്യാപിക്കാതിരുന്നതും ഇന്ത്യൻ കറൻസിക്കുമേൽ കനത്ത സമ്മർദ്ദം സൃഷ്ടിച്ചു. 2018ൽ ഇതുവരെ 14 ശതമാനം നഷ്ടം ഡോളറിനെതിരെ രൂപയ്ക്ക് ഉണ്ടായിട്ടുണ്ട്.
അതേസമയം, മൂന്ന് ദിവസമായി നഷ്ടം കുറിക്കുന്ന ഓയിൽ ആൻഡ് ഗ്യാസ്, വാഹനം, ബാങ്കിംഗ് ഓഹരികൾ ഇന്നലെ നേട്ടത്തിലേറിയത് സെൻസെക്സിനും നിഫ്റ്രിക്കും ആശ്വാസമായി. സെൻസെക്സ് 97 പോയിന്റുയർന്ന് 34,474ലും നിഫ്റ്റി 31 പോയിന്റ് നേട്ടവുമായി 10,348ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.