അക്ഷരങ്ങളുടെ തലസ്ഥാനവും തറവാടുമാണ് കോട്ടയം. അക്ഷരനഗരി എന്ന അപരനാമമുള്ള കോട്ടയത്തു നിന്നാണ് മലയാളത്തിൽ ആദ്യകാലത്ത് പത്രങ്ങൾ അച്ചടിച്ചു തുടങ്ങിയത്. ഇന്ത്യയിലാദ്യമായി സമ്പൂർണ സാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം.
പ്രത്യേകതകൾ
l 2011 ലെ കാനേഷുമാരി പ്രകാരം സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല.
l ഇന്ത്യയിലെ ആദ്യ പുകയില മുക്തജില്ല
l സമുദ്രതീരമില്ല. കേരളത്തിലെ മറ്റ് ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്ന ഏക ജില്ല
l റബർ ഉത്പാദനത്തിൽ മുന്നിൽ
ആദ്യം
l സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണം
l മലയാളം അച്ചടിശാല കേരളത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ടു
l മലയാളത്തിൽ ആദ്യമായി ബൈബിൾ പ്രസിദ്ധീകരിച്ചു
l നാട്ടകം - ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖം
l ജ്ഞാന നിക്ഷേപം എന്ന പത്രമാണ് മലയാളികളാൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ പത്രം
l ഇന്ത്യയിലെ ആദ്യ തണ്ണീർത്തട ഗവേഷണ കേന്ദ്രം
l കേരളത്തിലെ ആദ്യത്തെ കോളേജാണ് സി.എം.എസ് കോളേജ്
l കേരളത്തിലെ ആദ്യ ചുവർചിത്ര നഗരം
l കേരളത്തിലെ ആദ്യ റബറൈസ്ഡ് റോഡ് (കോട്ടയം - കുമളി റോഡ്)
l കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസാണ് കേരളത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ദേശീയ സിനിമാ പഠന കേന്ദ്രം
l കോട്ടയം മെഡിക്കൽ കോളേജിലാണ് കേരളത്തിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. (ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ 2015ൽ)
അപരനാമങ്ങൾ
l ബേക്കേഴ്സ് എസ്റ്റേറ്റ് : കുമരകം പക്ഷി സങ്കേതം
ഹൈറേഞ്ചിലേക്കും കുട്ടനാടിലേക്കുമുള്ള കവാടം - ചങ്ങനാശേരി
l ദക്ഷിണ മൂകാംബിക - പനച്ചിക്കാട്
പ്രധാന സ്ഥാപനങ്ങൾ
l സാഹിത്യ പ്രവർത്തക സഹകരണ സംഘം
l കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ
l റബർ ഗവേഷണ കേന്ദ്രം
l റബർ ബോർഡ്
l പ്ളാന്റേഷൻ കോർപ്പറേഷൻ ഒഫ് കേരള ഒളിമ്പിക് അക്കാഡമി - മരങ്ങാട്ടുപള്ളി
l ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷൻ - വെള്ളൂർ
കോട്ടയം നഗരം
l ആധുനിക കോട്ടയം നഗരം പടുത്തുർത്തിയത് ദിവാൻ ടി. മാധവറാവുവാണ്. കോട്ടയത്തിന്റെ ശില്പി എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് തിരുനക്കര ക്ഷേത്ര മൈതാനം നിർമ്മിച്ചത്.
l കോട്ടയം നഗരത്തിന്റെ കേന്ദ്രബിന്ദുവാണ് തിരുനക്കര. സി.എം.എസ് കോളേജ് കോട്ടയം നഗരത്തിലാണ്. മലയാളത്തിലെ ചില പ്രധാന പത്രങ്ങൾ ആരംഭിച്ചതും ആസ്ഥാനമാക്കിയതും കോട്ടയമാണ്. പല പ്രശസ്ത പുസ്തക പ്രസാധകരുടെയും ആസ്ഥാനം കോട്ടയമാണ്. നാട്ടകം എന്ന സ്ഥലത്താണ് കോട്ടയം തുറമുഖം.
കോട്ട കെട്ടിയ കോട്ടയം
തെക്കുംകൂർ രാജാക്കന്മാർ തങ്ങളുടെ രാജധാനിക്കു ചുറ്റും കോട്ടകൾ കെട്ടി. കോട്ടക്കുള്ളിലെ സ്ഥലങ്ങൾ കോട്ടയ്ക്കകം എന്നറിയപ്പെട്ടു. പിന്നീടത് കോട്ടയമായി.
പ്രത്യേകതകൾ
തിരുനക്കര
കോട്ടയത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തിരുനക്കരയിലാണ് പ്രശസ്തമായ തിരുനക്കര മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുനക്കര മൈതാനത്താണ് പല സാംസ്കാരിക പരിപാടികളും അരങ്ങേറുക.
തിരുനക്കര മഹാദേവ ക്ഷേത്രം
തൃശൂരിലെ വടക്കുംനാഥനാണ് ഇവിടെ കുടികൊള്ളുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. തെക്കുംകൂർ രാജാക്കൻമാരുടെ കുടുംബ ദൈവമാണ് തിരുനക്കര തേവർ.
പനച്ചിക്കാട് മൂകാംബിക ക്ഷേത്രം
'ദക്ഷിണ മൂകാംബിക" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മഹാവിഷ്ണു ക്ഷേത്രം. പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലാണിത് സ്ഥിതി ചെയ്യുന്നത്. സരസ്വതി പൂജയ്ക്ക് പ്രശസ്തമായ ക്ഷേത്രത്തിൽ നവരാത്രി വിജയദശമി ഉത്സവത്തിന് നിരവധി പേർ എത്തുന്നു. ഇവിടത്തെ വിദ്യാരംഭം ചടങ്ങ് പ്രശസ്തമാണ്. മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠയെങ്കിലും സരസ്വതി ക്ഷേത്രമായാണ് അറിയപ്പെടുന്നത്.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം
l ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് കരുതുന്നുവെങ്കിലും രേഖകൾ ലഭ്യമല്ല. ഏഴരപ്പൊന്നാന, വലിയ വിളക്ക് എന്നിവ ക്ഷേത്രത്തിലെ പ്രത്യേകതകളാണ്.
l ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയുമാണ് ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്. പ്ളാവിൻ തടിയിൽ നിർമ്മിക്കപ്പെട്ട ആനകളെ സ്വർണത്താൽ പൊതിഞ്ഞിരിക്കുന്നു. കുംഭമാസത്തിലെ ഉത്സവത്തിന് ഇവയുടെ എഴുന്നത്തള്ളിപ്പ് നടക്കുന്നു.
l ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിലാണ് അഞ്ചുതിരികളോടുകൂടി കെടാവിളക്ക് സ്ഥാപിച്ചിരിക്കുന്നത്. 1540ൽ സ്ഥാപിച്ച ഈ വിളക്ക് ഇതുവരെ അണഞ്ഞിട്ടില്ല.
l രത്നം പതിച്ച വലംപിരി ശംഖ്, രത്ന അലുക്കുകളുള്ള പൊന്നിൻകുട, സ്വർണകുടങ്ങൾ, നാണയങ്ങൾ, നെൻമാണിക്യം എന്നിവ ഇവിടത്തെ മറ്റ് പ്രത്യേകതകളാണ്.
വൈക്കം മഹാദേവക്ഷേത്രം
l 'അന്നദാനപ്രഭു" എന്ന അപരനാമമാണ് ഇവിടത്തെ പ്രതിഷ്ഠയായ മഹാദേവന്. പരശുരാമൻ സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന ക്ഷേത്രം അവർണർക്കും സഞ്ചാര സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് നടന്ന വൈക്കം സത്യാഗ്രഹത്തിലൂടെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടി.
l കേരളത്തിൽ അണ്ഡാകൃതിയിൽ കാണപ്പെടുന്ന ഏക ശ്രീകോവിൽ ഈ ക്ഷേത്രത്തിലാണ്. പെരുന്തച്ചനാണ് നിർമ്മിച്ചതെന്ന് കരുതുന്നു. (ഇദ്ദേഹം നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന മറ്റൊരു ക്ഷേത്രം വാഴപ്പള്ളി മഹാദേവ ക്ഷേത്രമാണ്.)
l ഘട്ടിയം ചൊല്ലൽ എന്ന ചടങ്ങ് ഇവിടെ മാത്രം കാണപ്പെടുന്നു.
കുറവിലങ്ങാട് പള്ളി
l കുറവിലങ്ങാട് മർത്തമറിയം ഫെറോന പള്ളി പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്. കന്യാമറിയം മുത്തിയമ്മയുടെ രൂപത്തിൽ കാട്ടിലകപ്പെട്ട ഇടയൻമാർക്ക് ദർശനം നൽകി നീരുറവ കാണിച്ചുകൊടുത്തു എന്ന് കരുതുന്നു.
l എ.ഡി 337 ലാണ് ഈ ദേവാലയം നിർമ്മിക്കപ്പെട്ടത്. കേരളത്തിലെ ഏറ്റവും വലിയ ഒറ്റക്കൽ കുരിശ് ഇവിടെയാണ്. പള്ളിയിലെ മണിമാളികയിലുള്ള വലിയ മൂന്ന് മണികൾ 1911ൽ ജർമ്മനിയിൽ നിന്ന് കൊണ്ടുവന്നതാണ്. ഇവിടത്തെ മൂന്ന് നോയമ്പ് തിരുനാളിന് ആനകളെ പ്രദക്ഷിണത്തിന് എത്തിക്കുന്നത് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ നിന്നാണ്. ക്ഷേത്രത്തിലെ ഉത്സവത്തിന് മുത്തുക്കുടകൾ പള്ളിയിൽ നിന്നും കൊടുത്തയയ്ക്കാറുണ്ട്.
പുതുപ്പള്ളി പള്ളി
സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് ഏകദേശം നാലര നൂറ്റാണ്ട് പഴക്കമുണ്ട്. തെക്കുംകൂർ രാജാവിന്റെ അനുവാദത്തോടെയാണ് 1557ൽ കുരിശുപള്ളി നിർമ്മിക്കുകയും പിന്നീട് ഇന്നിരിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയും ചെയ്തത്. ഈ പള്ളി പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമാണ്.
കോട്ടയം ചെറിയ പള്ളി
സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി. ഇവിടത്തെ മദ്ബഹ (അൾത്താര എന്ന പദത്തിനു പകരമായി സുറിയാനിക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന വാക്ക്) യുടെ ചുവരിൽ ബൈബിളിലെ സംഭവങ്ങൾ ജലച്ചായങ്ങൾ ഉപയോഗിച്ച് വരച്ചിരിക്കുന്നു. വിശുദ്ധ മറിയത്തിന്റെ തിരുശേഷിപ്പ് ഇവിടെയുണ്ട്.
കുമരകം
l കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിലെ പ്രധാനയിടം. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കുമരകം ലോക പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ്. വേമ്പനാട് കായലിന്റെ തീരത്തുള്ള ചെറിയ ദ്വീപുകളാണ് കുമരകം.
l കുമരൻ എന്ന ദ്രാവിഡ ദേവന്റെ പേരാണ് കുമരകം ആയി മാറിയത്. എ.ജി. ബേക്കർ എന്ന വിദേശിയാണ് ആധുനിക കുമരകത്തിന്റെ ശില്പി. വേമ്പനാട്ടുകായലിലെ ചതുപ്പു നിലമായിരുന്ന സ്ഥലങ്ങളെ പാട്ടത്തിനെടുത്ത് കൃഷിഭൂമിയാക്കിയ ബേക്കർ നിരവധി കണ്ടൽച്ചെടികളും വച്ചു പിടിപ്പിച്ചു. കേരളത്തിൽ കണ്ടൽ മരങ്ങൾ കൂടുതൽ കാണുന്ന സ്ഥലങ്ങളിലൊന്നാണ് കുമരകം. കായൽ നികത്തിയാണ് കുമരകത്തെ കൃഷി സ്ഥലങ്ങൾ ഉണ്ടാക്കിയെടുത്തത്.
l നെൽക്കൃഷിയാണിവിടെ പ്രധാനമായും ചെയ്യുന്നത്. തെങ്ങിൻതോപ്പുകൾ ധാരാളമുണ്ട്. കാർഷികാവശ്യത്തിന് കനാലുകൾ വഴി ജലം സമൃദ്ധമായി എത്തിക്കുന്നു.
കുമരകം പക്ഷി സങ്കേതം
l വേമ്പനാട് കായലിന്റെ തീരത്ത് 5.7 ച.കി വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം. ദേശാടന പക്ഷികളുടെ പറുദീസയാണിവിടം. ജോർജ് ആൽഫ്രഡ് ബേക്കർ എന്ന ഇംഗ്ളീഷുകാരനാണ് ഈ പക്ഷി സങ്കേതത്തിന്റെ ശില്പി. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നായിരുന്നു കുമരകം പക്ഷി സങ്കേതത്തിന്റെ ആദ്യ പേര്.
l ജൈവ വൈവിധ്യത്താൽ സമ്പന്നമായ കുമരകത്തെ കായലിൽ കരിമീൻ, ചെമ്മീൻ, കക്ക എന്നിവ സുലഭമാണ്. ഹൗസ് ബോട്ടിലൂടെ കുമരകത്തുള്ള യാത്ര സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ്.
ഇല്ലിക്കൽ കല്ല്
കോട്ടയത്തെ ഏറ്റവും ഉയരമുള്ള സ്ഥലം. മൂന്ന് പാറക്കൂട്ടങ്ങൾ ചേർന്ന് 4000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ഈരാറ്റുപേട്ടയ്ക്കടുത്താണ്.
അയ്യമ്പാറ
നാൽപ്പത് ഏക്കറോളം വിശാലമായി പരന്നു കിടക്കുന്ന പാറയാണ് പ്രത്യേകത. അഗാധമായ ഗർത്തമുണ്ട് പാറകൾക്കിടയിൽ. ഇവിടെ നിന്നാൽ ഇല്ലിക്കൽ കല്ലും ഈരാട്ടുപേട്ടയും വിദൂരമായി കാണാം.
ഇലവീഴാപൂഞ്ചിറ
കോട്ടയം - ഇടുക്കി അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. പേര ്പോലെ തന്നെ ഇലകൾ വീഴാത്ത ഇടമാണിവിടെ. മരങ്ങൾ ഇല്ലാത്തതാണ് ഇതിന് കാരണം. ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് നാല് മലകൾക്ക് മധ്യേയാണ്. സമുദ്രനിരപ്പിൽ നിന്ന് 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
സി.എം.എസ് കോളേജ്
കേരളത്തിലെ ആദ്യത്തെ കോളേജ്. 1817ൽ ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച ഈ കോളേജ് ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ കോളേജാണ്. ബെഞ്ചമിൻ ബെയ്ലിയാണ് ആദ്യ പ്രിൻസിപ്പൽ. കോട്ടയം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കലാലയം ഗ്രാമർ സ്കൂൾ എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്. മലയാളത്തിൽ ആദ്യത്തെ കലാലയ മാസികയായ വിദ്യാസംഗ്രഹം പ്രസിദ്ധീകരിച്ചത് ഇവിടെ നിന്നായിരുന്നു. പല പ്രശസ്തരും ഈ കോളേജിലെ വിദ്യാർത്ഥികളായിരുന്നു.
പഴയ സെമിനാരി
പഠിത്ത വീട് എന്നറിയപ്പെടുന്ന പഴയ സെമിനാരി കേരള സംസ്കാരത്തിൽ പ്രമുഖ സ്ഥാനം വഹിക്കുന്നു. ഇംഗ്ളീഷ് വിദ്യാഭ്യാസം തിരുവിതാംകൂറിൽ ആദ്യം ആരംഭിച്ചതിവിടെയാണ്. 1815ലാണ് സ്ഥാപനം പ്രവർത്തനം തുടങ്ങിയത്.
പാലാ
കോട്ടയത്തെ പ്രധാന പട്ടണം. മലയോര മേഖലയായ ഇതിലൂടെ മീനച്ചിലാർ ഒഴുകുന്നു. റബർ പ്രധാന കൃഷിയാണ്. പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ ശക്തികേന്ദ്രം കൂടിയാണ് പാലാ. പാലാ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായത് കെ.എം. മാണിയാണ്.
ഭരണങ്ങാനം
ഇവിടത്തെ സെന്റ് മേരീസ് പള്ളിയിലാണ് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത്. ഇതൊരു പ്രശസ്ത തീർത്ഥാടന കേന്ദ്രമാണ്. മീനച്ചിലാറിന്റെ തീരത്താണ് ഭരണങ്ങാനം.
എരുമേലി
മണിമലയാറിന്റെ തീരത്തുള്ള എരുമേലിയിൽ ആണ് വാവരുടെ പള്ളി. ഒരു ശാസ്താക്ഷേത്രവും ഉണ്ട്. ശബരിമലയിലേക്ക് ദർശനത്തിനെത്തുന്ന ഭക്തർ എരുമേലിയിൽ പേട്ട തുള്ളാറുണ്ട്. എരുമേലി വാവർ പള്ളിയും ശാസ്താ ക്ഷേത്രവും തീർത്ഥാടന കേന്ദ്രങ്ങളാണ്.
നദികൾ
മീനച്ചിലാർ
l വാഗമണ്ണിൽ നിന്നും ഉത്ഭവിച്ച് 78 കി.മീ ഒഴുകി വേമ്പനാട് കായലിൽ ചേരുന്നു. കോട്ടയം നഗരത്തിന്റെ ഹൃദയ ഭാഗത്തു കൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. പല പോഷക നദികളും മീനച്ചിലാറിനുണ്ട്.
l മീനാക്ഷിയാറാണ് പിന്നീട് മീനച്ചിലാറായി മാറിയത്. പൂഞ്ഞാർ, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, പാലാ, കോട്ടയം പട്ടണങ്ങളിൽക്കൂടി ഒഴുകുന്ന ഈ നദിയുടെ പഴയ പേരാണ് ഗൗണാർ. കവണാർ എന്നും വിളിക്കപ്പെട്ടിരുന്നു.
l അരുന്ധതി റായിയുടെ 'ഗോഡ് ഒഫ് സ്മോൾ തിങ്സ്" എന്ന പുസ്തകത്തിൽ മീനച്ചിലാറാണ് പശ്ചാത്തലത്തിൽ.
മണിമലയാർ
l പശ്ചിമ ഘട്ടത്തിൽ നിന്നും ഉത്ഭവിച്ച് ആലപ്പുഴയിലെ മുട്ടാറിനടുത്തുവച്ച് പമ്പയിൽ ലയിക്കുന്നു. നിരണം ഇതിന്റെ തീരത്താണ്.
l അർജുന നൃത്തം, മാർഗം കളി എന്നിവ ഇവിടെ പ്രചാരത്തിലുള്ള നൃത്തരൂപങ്ങളാണ്
l ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ്, കൊച്ചിൻ സിമന്റ്സ് എന്നിവ വെള്ളൂരാണ്.
നാട്ടകം തുറമുഖം
ഇന്ത്യയിലെ ആദ്യ ഉൾനാടൻ തുറമുഖം 2009ൽ നിലവിൽ വന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നും കൊച്ചിയിലേക്കുള്ള ചരക്കുനീക്കം ചെലവുകുറഞ്ഞ രീതിയിൽ ഇതിലൂടെ നടത്താം. സർക്കാർ സ്വകാര്യ മേഖലയിലെ സംയുക്ത സംരംഭമാണിത്.
റബർനാട്
റബർ ഉത്പാദനത്തിൽ ഇന്ത്യയിൽ തന്നെ മുന്നിൽ നിൽക്കുന്ന പ്രദേശമാണ് കോട്ടയം. കോട്ടയത്തെ മലയോര ഭാഗങ്ങളിൽ റബർ കൃഷി വ്യാപകമാണ്.
കാഞ്ഞിരപ്പള്ളി
l മലനാടിന്റെ റാണി, ഹൈറേഞ്ചിന്റെ കവാടം, മലനാടിന്റെ കവാടം എന്ന അപര നാമങ്ങളിൽ അറിയപ്പെടുന്നു.
l തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം ഗ്രഹണ സമയത്ത് അടച്ചിടാറില്ല
l കോട്ടയം പബ്ളിക് ലൈബ്രറിയിൽ നിന്നാണ് മലയാളി മെമ്മോറിയൽ തുടക്കം കുറിച്ചത്
പൂഞ്ഞാർ കൊട്ടാരം
മീനച്ചിൽ താലൂക്കിൽ സ്ഥിതി ചെയ്യുന്നു. നിരവധി വിശിഷ്ട വസ്തുക്കൾ ഇവിടെ പ്രദർശനത്തിനുണ്ട്. ഒറ്റത്തടിയിൽ തീർത്ത എണ്ണത്തോണി ഇവിടത്തെ പ്രത്യേകതയാണ്. പലതരം നടരാജ വിഗ്രഹങ്ങൾ, ധാന്യങ്ങൾ അളക്കാനുള്ള അളവുപാത്രങ്ങൾ, ആയുധങ്ങൾ, പ്രതിമകൾ, കരകൗശല വസ്തുക്കൾ, വലിയ ബഹുശാഖാ ദീപങ്ങൾ എന്നിങ്ങനെയുള്ളവ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. പുരാണ യുദ്ധകഥകളിലെ സന്ദർഭങ്ങൾ കൊത്തിയ ചുവരുള്ള ക്ഷേത്രം കൊട്ടാരത്തിനടുത്താണ്. മധുര മീനാക്ഷി ക്ഷേത്രത്തിന്റെ അതേ പകർപ്പ് തന്നെയാണ് ഈ ക്ഷേത്രത്തിന്.