കോഴിക്കോട്: പ്രമുഖ കവി എം.എൻ.പാലൂർ (86) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പുലർച്ചെ 5.30ഓടെ കോവൂരിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.സംസ്കാരം പിന്നീട് നടത്തും.
1932 ജൂൺ 22ന് എറണാകുളം ജില്ലയിലെ പാറക്കടവിൽ യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിലാണ് പാഴൂർ മാധവൻ നമ്പൂതിരി എന്ന എം.എൻ.പാലൂരിന്റെ ജനനം. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതിരുന്ന പാലൂർ ചെറുപ്രായത്തിൽ തന്നെ, പണ്ഡിതനായ കെ.പി.നാരായണ പിഷാരടിയുടെ കീഴിൽ സംസ്‌കൃതം അഭ്യസിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ കലാമണ്ഡലത്തിൽനിന്നും കഥകളിയും പഠിച്ചു. പിന്നീട് മുംബയിലേക്ക് പോയി. ഇന്ത്യൻ എയർലൈൻസിൽ നിന്ന് സീനിയർ ഓപ്പറേറ്ററായി 1990ലാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്.
ഉഷസ്, പേടിത്തൊണ്ടൻ, കലികാലം, തീർഥയാത്ര, സുഗമ സംഗീതം, ഭംഗിയും അഭംഗിയും പച്ചമാങ്ങ എന്നിവ പാലൂരിന്റെ ശ്രദ്ധേയ കവിതകളാണ്. കഥയില്ലാത്തവന്റെ കഥ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചു. 2013ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ സ്മാരക പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
ശാന്തകുമാരിയാണ് ഭാര്യ. സാവിത്രി ഏക മകളാണ്.