masood

ഇസ്ളാമാബാദ്: പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവനും ജമ്മുകാശ്മീരിലെ പത്താൻകോട്ട്  സൈനികകേന്ദ്ര ആക്രമണത്തിന്റെ സൂത്രധാരനുമായ മസൂദ് അസർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ കഴിയുകയാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. 2016ൽ ഉറിയിലെ സൈനിക ക്യാംപ് ആക്രമിച്ച് 17 ഇന്ത്യൻ സൈനികരെ വധിച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരനും മസൂദാണ്.

മസൂദിന്റെ അനാരാഗ്യത്തെ തുടർന്ന് സംഘടനയുടെ അധികാരം സംബന്ധിച്ച് അയാളുടെ രണ്ട് സഹോദരന്മാർ തമ്മിൽ തർക്കങ്ങളുണ്ടായെന്നും റിപ്പോർട്ടുണ്ട്. സഹോദരങ്ങളായ റൗഫ് അസ്ഗർ,​ അത്തർ ഇബ്രാഹിം എന്നിവർ വേർപിരിഞ്ഞാണ് പ്രവർത്തിക്കുന്നതെന്നും ഇന്ത്യൻ ഏജൻസികൾ പറയുന്നു.

നട്ടെല്ലിന് സാരമായ രോഗം ബാധിച്ച മസൂദിന്റെ വൃക്കകൾ രണ്ടും ഏറെക്കുറെ പ്രവർത്തനരഹിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായില്ല. റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ ഒന്നരവർഷമായി മസൂദ് ചികിത്സയിൽ കഴിയുന്നതെന്നാണ് വിവരം.  അടുത്തിടെ സ്വന്തം നാടായ ഭവൽപൂർ‌ അടക്കം പാകിസ്ഥാനിലെ ഒരു സ്ഥലത്തേയും പൊതുപരിപാടികളിൽ മസൂദിനെ കാണാറില്ലായിരുന്നു.

മസൂദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നേരത്തെ ഐക്യരാഷ്ടസഭയുടെ സുരക്ഷാ കൗൺസിലിൽ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആവശ്യത്തെ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് ഉൾപ്പെടെയുള്ള സുരക്ഷാ കൗൺസിൽ അംഗങ്ങൾ അനുകൂലിച്ചിരുന്നു. എന്നാൽ,​ ചൈനയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പ്രഖ്യാപനം ഉണ്ടായിട്ടില്ല. മസൂദിന്റെ സന്പത്ത് മരവിപ്പിക്കണമെന്നും അന്താരാഷ്ട്ര യാത്രകൾ തടയണമെന്നുമുള്ള നിർദ്ദേശത്തേയും ചൈന വീറ്റോ ചെയ്തിരുന്നു.

മസൂദ് അസർ
1968 ജൂലായ് പത്തിന് പാകിസ്ഥാനിലെ ഭവൽപൂരിലാണ് മസൂദിന്റെ ജനനം. 1994ൽ വ്യാജ പോർച്ചുഗീസ് പാസ്‌പോർട്ടുമായി യാത്ര ചെയ്യുന്നതിനിടെ കാശ്മീരിൽ വച്ച് മസൂദ് അസറിനെ ഇന്ത്യൻ ഏജൻസികൾ പിടികൂടി. ഇന്ത്യയിൽ നിന്നു ഭീകര സംഘടനകൾക്ക് വേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ചുമതലയായിരുന്നു മസൂദിന്. 1999 ഡിസംബർ 24ന് കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഇന്ത്യൻ എയർലൈൻസിന്റെ ഐ.സി 814 വിമാനം പാക് ഭീകരർ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയി. വിമാനത്തിലുണ്ടായിരുന്നവരെ മോചിപ്പിക്കുന്നതിനായി ഇന്ത്യൻ ജയിലിൽ കഴിഞ്ഞിരുന്ന മസൂദ് അസറിനെ മോചിപ്പിക്കുകയായിരുന്നു. മസൂദിനൊപ്പം അഹമ്മദ് ഉമർ സയീദ് ഷെയ്ഖ്, മുസ്തഫ അഹമ്മദ് സാർഗർ എന്നിവരെയും അന്ന് ഇന്ത്യ മോചിപ്പിച്ചു.

ജയിൽ മോചിതനായ ശേഷം 2000ൽ അസർ ജയ്‌ഷെ മുഹമ്മദ് സ്ഥാപിച്ചു. കാശ്മീരിനെ ഇന്ത്യയിൽനിന്നു സ്വതന്ത്രമാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ലഷ്‌കറെ തയ്ബയുമായി സഹകരിച്ച് 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം നടത്തിയതും ജയ്‌ഷെ ഇ മുഹമ്മദായിരുന്നു. 2002 ജനുവരിയിൽ പാക് പ്രസിഡന്റ് പർവേസ് മുഷറഫ് ജയ്‌ഷെ മുഹമ്മദ് സംഘടനയെ നിരോധിച്ചു. ഇതേത്തുടർന്നു സംഘടന പേരു മാറ്റി. തുടർന്ന് അസഹർ അറസ്‌റ്റിലായി. എന്നാൽ, ലാഹോർ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് ഒരു വർഷത്തിനുശേഷം മസൂദ് ജയിൽ മോചിതനായി.