പൃഥ്വിരാജ് എന്ന യുവസൂപ്പർ താരത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ എന്ന വിസ്‌മയതാരം അഭിനയിക്കുന്നു എന്നതുതന്നെയാണ് ലൂസിഫർ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. പൃഥ്വിരാജ് എന്ന സംവിധയകൻ തന്നെ ശരിക്കും അത്ഭുതപ്പെടുത്തുകയായിരുന്നെന്ന് മോഹൻലാൽ തന്നെ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ പൃഥ്വി അൽപ്പം ചൂടനാണ് എന്ന് പറയുക കൂടിയാണ് ലാൽ.കൊച്ചിയിൽ ലൂസിഫറിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയാരുന്നു താരം.
'പൃഥ്വി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സംവിധായകൻ എന്നുപറയുന്നത് സിനിമയുടെ മേധാവിയാണ്. കമാൻഡിംഗ് പവർ വേണ്ടിവരും അതിലൊക്കെ പൃഥ്വിരാജ് ഇഴകി ചേർന്നു കഴിഞ്ഞു.എനിക്ക് ചെറുപ്പം മുതലേ അറിയാവുന്ന ആളാണ് പൃഥ്വിരാജ്. സിനിമയെ പോസിറ്റീവായും സീരിയസായും സമീപിക്കുന്ന ആളാണയാൾ.
സംവിധായകനാകുമ്പോൾ ചിലപ്പോൾ ക്ഷുഭിതനാകേണ്ടി വരും. അതപ്പോൾ അങ്ങനെ സംഭവിക്കുന്നതാണ്. ആ കാര്യം കഴിഞ്ഞാൽ അത് മറക്കും. അങ്ങനെ കുറച്ചൊക്കെ ക്ഷുഭിതനുമാണ് പൃഥ്വിരാജ്, അയാളുടെ അച്ഛനെ പോലെ' -മോഹൻലാൽ പറഞ്ഞു.
പ്രേക്ഷകർക്ക് ഇഷ്‌ടപ്പെടുന്ന എല്ലാ ചേരുവകളുമുള്ള ചിത്രമായിരിക്കും ലൂസിഫറെന്ന് ലാൽ വ്യക്തമാക്കി. 'പഴയ ഒരുപാട് സംഭവങ്ങൾ സിനിമയിലുണ്ടാകും. നിങ്ങൾ കണ്ട കുറേ സംഭവങ്ങൾ. പക്ഷേ അതെല്ലാം പുതിയ ശൈലിയിൽ സിനിമയിൽ കാണാം. ഇരുട്ടിന്റെ രാജകുമാരൻ മാത്രമല്ല ലൂസിഫർ. വളരെ പോസിറ്റീവ് ആയ ഒരാൾ കൂടിയാണ്. ലൂസിഫർ ദൈവത്തിന് പ്രിയപ്പെട്ടവൻ കൂടിയാണ്. അദ്ദേഹത്തെ എങ്ങനെ നിങ്ങൾ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ സിനിമയും. സ്നേഹത്തോടെ കണ്ടാൽ സ്നേഹമുണ്ടാകും, അല്ലാതെയാണെങ്കിൽ മോശക്കാരനും' -ലാൽ പറഞ്ഞു.
മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, കലാഭവൻ ഷാജോൺ, സാനിയ അയ്യപ്പൻ, നൈല ഉഷ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. അടുത്ത വർഷം മാർച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തും.