pinarayi-vijayan

സംസ്ഥാനത്ത് മദ്യോത്പാദനത്തിനായി പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കാൻ കമ്പനികൾക്ക് നൽകിയ അനുമതി കഴിഞ്ഞ ദിവസം സർക്കാർ റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലാണ് അനുമതി പിൻവലിച്ചതായി പ്രഖ്യാപിച്ചത്. ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്ന് തുടക്കം മുതൽ പ്രതിപക്ഷം ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ പിൻമാറ്റത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കർ.

മുന്നോട്ടു വച്ച കാൽ പിന്നോട്ടെടുക്കുന്ന പ്രകൃതക്കാരനല്ല കേരള മുഖ്യമന്ത്രിയെന്നും, എതിർക്കുന്നവരെ കടക്ക് പുറത്തെന്നും, പോയി പണി നോക്കാനും പറയാൻ മടിയില്ലാത്തയാളാണ് മുഖ്യമന്ത്രിയെന്നും അഡ്വ. ജയശങ്കർ നിരീക്ഷിക്കുന്നു. ബ്രൂവറിയുടെ കാര്യത്തിലും ഇതാണ് എല്ലാവരും പ്രതീക്ഷിച്ചതെന്നും കർണാടക, തമിഴ്നാട് ലോബിയുടെ കുത്തക തകർക്കാനും മദ്യോത്പാദന രംഗത്ത് സ്വയംപര്യാപ്തത ഉറപ്പാക്കാനും വേറെ വഴിയില്ലെന്നുമാണ് സർക്കാർ ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സർക്കാർ നടത്തിയ പിൻമാറ്റം താത്കാലികമാണെന്നും നവകേരള നിർമ്മാണവും പാർലമെന്റ് തിരഞ്ഞെടുപ്പും കഴിഞ്ഞ് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും തിരിച്ചുവരുമെന്നും അഡ്വ. ജയശങ്കർ പരിഹസിക്കുന്നു.