ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ദേശീയ അയ്യപ്പ സേവാ സംഘം സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ശബരിമല കേസ് അടിയന്തരമായി പുനഃപരിശോധിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.പൂജ അവധിക്ക് മുമ്പ് തന്നെ കേസ് പരിഗണിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം തള്ളിയതിനൊപ്പം പൂജ അവധിക്ക് ശേഷവും കോടതി തുറക്കുമല്ലോ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഹർജിക്കാരോട് ചോദിച്ചു.
കേസിൽ കക്ഷികൂടിയായിരുന്ന നായർ സർവീസ് സൊസൈറ്റി, പീപ്പിൾസ് ഫോർ ധർമ്മ, ഡൽഹി ആസ്ഥാനമായ എൻ.ജി.ഒ ചേതന കോൺഷ്യൻസ് ഒഫ് വുമൺ എന്നിവരാണ് ഇന്നലെ ഹർജി നൽകിയത്. പന്തളം കൊട്ടാരം നിർവാഹക സംഘവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
സ്ത്രീപ്രവേശന നിയന്ത്രണം നീക്കി 1965ലെ കേരള ഹിന്ദുമത ആരാധനാലയ പ്രവേശന ചട്ടത്തിലെ മൂന്ന് (ബി) വകുപ്പ് റദ്ദാക്കിയതിൽ നിയമപരമായ പിഴവുണ്ടെന്നാണ് എൻ.എസ്.എസ് വാദം. നിയമപ്രശ്നങ്ങൾപരിശോധിക്കേണ്ട ഭരണഘടനാബെഞ്ച് സത്യവാങ്മൂലങ്ങളെ അടിസ്ഥാനമാക്കി വസ്തുതകൾ വിലയിരുത്തിയത് തെറ്റാണ്. ആചാരനുഷ്ഠാനങ്ങൾക്കുള്ള ഭരണഘടനാവകാശത്തിന്റെ ലംഘനമാണ് വിധി. അയ്യപ്പ വിശാസിയല്ലാത്ത, കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയാണ് ഹർജി ഫയൽ ചെയ്തത്. കേരള ഹൈക്കോടതിയുടെവിധിക്കെതിരായഅപ്പീൽആയിരുന്നില്ല സുപ്രീം കോടതിയിൽവന്നത്. തുല്യതയ്ക്കുള്ള ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ആചാരങ്ങളിൽ തീർപ്പ് കൽപ്പിച്ചാൽ, യുക്തി കൊണ്ട് മതത്തിലെ അനിഷേധ്യ ആചാരങ്ങളെ പരിശോധിച്ചാൽ ചിലപ്പോൾ മതങ്ങളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാകുമെന്നും എൻ.എസ്.എസ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.