കൊച്ചി: സാലറി ചലഞ്ച് പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുന്നതിന്റെ പേരിൽ നിർബന്ധിത പിരിവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വാക്കാൽ വ്യക്തമാക്കി. സാലറി ചലഞ്ചിന് നിർബന്ധിത പിരിവിന്റെ സ്വഭാവം ഉണ്ടെന്നും കോടതി വ്യക്തമാക്കി.
ജീവനക്കാരുടെ സാന്പത്തിക പ്രയാസങ്ങൾ കൂടി കണക്കിലെടുത്ത് വേണം സർക്കാർ സാലറി ചലഞ്ച് നടത്തേണ്ടത്. പല ജീവനക്കാരും സാലറി ചലഞ്ചിന് വിസമ്മതിക്കുന്നത് തങ്ങളുടെ സാന്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തായിരിക്കും. അത്തരക്കാരെ നിർബന്ധിക്കുന്നത് ശരിയായ രീതിയല്ല. സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവരുടെ പേരുകൾ പുറത്ത് വിടുന്നതോ മറ്റേതെങ്കിലും തരത്തിൽ അവരുടെ വിവരങ്ങൾ പുറത്ത് വിടുന്നതോ ജീവനക്കാരുടെ ആത്മാഭിമാനത്തെ മുറിവേൽപിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു.
സാലറി ചലഞ്ച് പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാത്തവരുടെ പട്ടിക തയ്യാറാക്കുന്നതെന്തിനാണെന്ന് ഹൈക്കോടതി നേരത്തെ ആരാഞ്ഞിരുന്നു. എന്നാൽ വിസമ്മത പത്രം നൽകിയവരുടെ ശമ്പളം പിടിക്കുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കാനാണെന്നും ഇതു വകുപ്പുതല നടപടി മാത്രമാണെന്നുമായിരന്നു അഡ്വക്കേറ്റ് ജനറലിന്റെ വിശദീകരണം.
സാലറി ചലഞ്ച് തടയണമെന്നും നിർബന്ധിത പിരിവാണ് ഇതിന്റെ പേരിൽ നടത്തുന്നതെന്നും ആരോപിച്ച് എൻ.ജി.ഒ സംഘ് നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.