lekshmy-rajeev

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സംവാദങ്ങൾ തുടരവേ ലക്ഷ്മി രാജീവ് തന്റെ അഭിപ്രായം വ്യക്തമാക്കുന്നു. പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയെ കുറിച്ച് ഗവേഷണം നടത്തി പുസ്തകം രചിച്ചിട്ടുള്ള ലക്ഷ്മി രാജീവ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചാണ്  ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അമ്പത് വയസായ സ്ത്രീ ആരാണെന്ന്  ആദ്യം സമൂഹം പ്രത്യേകിച്ച് പുരുഷൻമാർ അറിയണം. ഒരു സ്ത്രീ അൻപത് വയസിലേക്കെത്തുന്നത് ജീവിതത്തിൽ നിരവധി വ്യത്യസ്തമായ അനുഭവങ്ങളും സാഹചര്യങ്ങളും അതിജീവിച്ചാണ്. ജീവിതമേൽപ്പിച്ച ആഘാതങ്ങൾ മുണ്ടും നേര്യതും പോലെ അടുക്കിപ്പെറുക്കി കാൽപ്പെട്ടിയിൽ താഴമ്പൂ വിനോപ്പം വയ്ക്കാൻ ആഗ്രഹക്കുന്ന പ്രായമാണ് അത്. അമ്പതു വയസാകുമ്പോൾ ഇരുപതു വയസ്സാകാൻ ഒരു പെണ്ണും ആഗ്രഹിക്കുന്നില്ലെന്നും അവളുടെ ഇരുപതു വയസ് അവൾ അവളുടേതായ രീതിയിൽ ആഘോഷിച്ചു കൊതി തീർത്തിട്ടുണ്ടാവും.
ശബരിമലയിൽ പോകുന്നെങ്കിൽ ഇപ്പോഴാണ് പോകേണ്ടതെന്നും അല്ലാതെ അമ്പതു വയസ്സിനു ശേഷം ഒരു സ്ത്രീയും അമ്പലത്തിൽ പോകരുതെന്നും ലക്ഷ്മി രാജീവ് തുറന്നെഴുതുന്നു

 

sabarimala

 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അമ്പതു വയസ്സാകാറായിക്കാണുമല്ലോ ഇനി എന്തിനു കൂടുതൽ ചിലക്കുന്നു എന്ന മട്ടിൽ ചില പുരുഷ കേസരികൾ പുച്ഛിച്ചപ്പോൾ ഞാൻ ഓർത്തത് -അമ്പതു വയസാകുന്ന സ്ത്രീ എന്താണെന്നു ഇവർക്കൊരു ബോധമില്ലല്ലോ എന്നാണ്.

ആരും സ്ത്രീധനത്തിന്റെ പേരിൽ തല്ലി കൊന്നില്ലെങ്കിൽ, നെഞ്ചിൽ ക്യാൻസറോ മറ്റോ വന്നു മരിച്ചില്ലെങ്കിൽ , കൂട്ട ബലാത്സംഗം ചെയ്തു റോഡിൽ എറിഞ്ഞിട്ടില്ലെങ്കിൽ, മക്കൾ പോയി ചത്തുകൂടെ എന്ന് ചോദിച്ചിട്ടില്ലെങ്കിൽ, പലതരം കെണികളിൽ പെട്ട് സ്വന്തം ജന്മത്തെ ശപിച്ചു ഇരുട്ടിൽ ആയിപ്പോയിട്ടില്ലെങ്കിൽ, വീടിനു വേണ്ടി നടന്നു നടന്നു മുട്ട് തേഞ്ഞു വീണു പോയിട്ടില്ലെങ്കിൽ അമ്പതു വയസായ സ്ത്രീ ദൈവമാണ്. കുട്ടികൾ ഉണ്ടെങ്കിൽ അവർ വളർന്നു വെളിച്ചം കൊണ്ട് വരുന്ന പ്രായം. മക്കൾ ഇല്ലെങ്കിൽ എത്ര നന്നായി അതെന്നു തിരിച്ചറിയുന്ന പ്രായം. ശക്തനായ ഭർത്താവു സ്നേഹത്തോടെ ഇവളില്ലായിരുന്നു എങ്കിൽ എന്ന് പശ്ചാത്താപത്തോടെ സ്നേഹത്തോടെ ചേർത്ത് നിറുത്തുന്ന പ്രായം ,ഡിവോഴ്സ് ചെയ്തെങ്കിൽ ഹോ, ഇത് കുറച്ചു നേരത്തെ ആകമായിരുന്നല്ലോ എന്ന് ആലോചിക്കുന്ന പ്രായം, മാസാമാസം വയറിൽ തീ കോരി ഇടുന്ന, നിനക്ക് മാത്രമല്ലല്ലോ എന്ന് കേൾക്കേണ്ടി വരുമെന്നുള്ളത് കൊണ്ട് വേദന അടക്കി പിടിച്ചു സകലതും ചെയ്യേണ്ട ആർത്തവം നിൽക്കാറാവുന്ന കാലം. ആഹാരത്തിലും ലൈംഗികതയിലും ആർത്തി ഇല്ലാതെ ആകാൻ തുടങ്ങുന്ന പ്രായം. സ്വന്തം വീട്ടിലേക്കു അഭിമാനത്തോടെ കയറി ചെല്ലാവുന്ന പ്രായം. കണ്ണിൽ മഷിയിട്ടു നോക്കിയാലും കളങ്കം ഇല്ലാത്ത പ്രായം. ജീവിതമേല്പിച്ച ആഘാതങ്ങൾ മുണ്ടും നേര്യതും പോലെ അടുക്കിപ്പെറുക്കി കാൽപ്പെട്ടിയിൽ താഴമ്പൂ വിനോപ്പം വയ്ക്കാൻ ആഗ്രഹക്കുന്ന പ്രായം. സർവോപരി പ്രായത്തിൽ കുറഞ്ഞവർ മരിക്കുമ്പോൾ, എന്നെ എടുത്തുകൂടായിരുന്നോ ദൈവമേ എന്ന് ചോദിയ്ക്കാൻ തോന്നുന്ന പ്രായം.ഒന്നുമറിഞ്ഞില്ലെന്ന മട്ടിൽ വീട്ടിലും, ആപ്പീസിലും കട്ടിലിലും സ്ഥിരം കാണുന്ന അമ്പതു വയസായ സ്ത്രീയെ അങ്ങനെ അങ്ങ് under estimate ചെയ്തു കളയരുത്. അവർക്കു വിവരമില്ലാത്ത പുരുഷന് വേണ്ടി സഹതാപം പോലും തോന്നാത്ത പ്രായമാണപ്പോൾ . അമ്പതു വയസിൽ ഇരുപതു വയസ്സാകാൻ ഒരു പെണ്ണും ആഗ്രഹിക്കില്ല. അവളുടെ ഇരുപതു വയസ് അവൾ അവളുടേതായ രീതിയിൽ ആഘോഷിചു കൊതി തീർത്തിട്ടുണ്ടാവും. ഉറപ്പു.നീയൊന്നും സ്വപ്നം കാണാത്ത രീതിയിൽ.​

അമ്പതു വയസ്സിനു ശേഷം ഒരു സ്ത്രീയും അമ്പലത്തിൽ പോകരുത്. അയ്യപ്പൻ ഇങ്ങോട്ടു വന്നു കാണട്ടെ. പോകുന്നെങ്കിൽ ഇപ്പോൾ പോണം. തലയിലെ ഭാരം ഇറക്കി വച്ച് , കൂട്ടുകാർക്കൊപ്പം പമ്പയിൽ നീന്തി കുളിച്ചു , സന്ധ്യക്ക്‌ പ്രണയസത്യകം പ്രാണനായകം പ്രണതകല്പകം സുപ്രഭാന്ചിതം പ്രണവമന്ദിരം കീര്ത്തനപ്രിയം ഹരിഹരാത്മജം ദേവമാസ്രയേ എന്ന് സകലതും മറന്നു പൊന്നമ്പല മേട്ടിൽ നിൽക്കണം. ഇതെഴുതിയത് ഒരു സ്ത്രീയാണ്. ഇപ്പോൾ പോകണം.