vellappally

ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസി‌ഡന്റ് എ.പത്മകുമാറിനെ രൂക്ഷമായി വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ദേവസ്വം പ്രസിഡന്റ് രാജി വയ്ക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ശബരിമല വിധിക്കെതിരെ പത്മകുമാറിന്റെ കുടുംബം തന്നെ സമരത്തിന് ഇറങ്ങുന്നത് ശരിയല്ല. കേസിൽ റിവ്യൂ ഹർജി നൽകാനുള്ള സാദ്ധ്യതയില്ലെന്ന് എല്ലാവർക്കും അറിയാം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത് തുറന്ന സമീപനമാണ്. സുപ്രീം കോടതി വിധി എന്തായാലും അംഗീകരിക്കുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ആ സാഹചര്യത്തിൽ വിധിക്കെതിരെ റിവ്യൂ ഹർജി നൽകുന്നത് എങ്ങനെയാണെന്നും വെള്ളാപ്പള്ളി ചോദിച്ചു.

ശബരിമല വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ശബരിമലയിലെ ആചാരങ്ങൾ അനുഷ്ഠിക്കുന്നതിനൊപ്പം നിയമങ്ങൾ അനുസരിക്കേണ്ടതുമുണ്ട്. ഇപ്പോൾ നടക്കുന്ന സമരത്തെ എസ്.എൻ.ഡി.പി പിന്തുണയ്ക്കുന്നില്ല. ശബരിമല വിഷയം ചർച്ച ചെയ്യാൻ യോഗം വിളിച്ചപ്പോൾ തന്ത്രി കുടുംബം പങ്കെടുക്കാതിരുന്നത് ശരിയല്ല. തന്ത്രിയും തന്ത്രി കുടുംബവും മാത്രമടങ്ങുന്നതല്ല ഹിന്ദു സമൂഹം. വിധിയുടെ പേരിൽ തെരുവിലിറങ്ങിയത് ശരിയായ നടപടിയല്ല. ഹിന്ദുക്കളുടെ പേരിൽ കലാപമുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമം.   

ശബരിമല വിഷയത്തിൽ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ശബരിമല വിഷയത്തിലൂടെ വോട്ട് മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം. തെരുവിലിറങ്ങി പ്രതിഷേധങ്ങൾ നടത്തുന്നത് വോട്ടുമാത്രം ലക്ഷ്യം വച്ചാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.