mukesh

 

തിരുവനന്തപുരം: സി.പി.എം എം.എൽ.എയും നടനുമായ മുകേഷിനെതിരെ ലൈംഗികാരോപണവുമായി വനിതാ സംവിധായിക രംഗത്ത്. മുംബയ് കേന്ദ്രമാക്കി പ്രവർ‌ത്തിക്കുന്ന കാസ്‌റ്റിംഗ് ഡയറക്‌ടർ ടെസ് ജോസഫാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

19 വർഷം മുമ്പ് കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്ന് ടെസ പറയുന്നത്. അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടൽ റൂമിനടുത്തേക്ക് തന്നോട് താമസം മാറാൻ ആവശ്യപ്പെട്ടിരുന്നതായും, പലതവണ ആവശ്യപ്പെട്ടതിനെ തുടർന്ന് അന്നത്തെ തന്റെ ചാനൽമേധാവിയായ ഡെറക് ഒബ്‌റമിനോട് പറഞ്ഞിരുന്നുവെന്നും, ഒരുമണിക്കൂറോളം ഇത് ചർച്ച ചെയ്‌തുവെന്നും ടെസ് ആരോപിക്കുന്നു.തുടർന്ന് അവിടെ നിന്നും തൊട്ടടുത്ത ഫ്ളൈറ്റിൽ തന്നെ നാട്ടിലേക്ക് തിരിക്കാൻ ഡെറക് തന്നെ സഹായിച്ചുവെന്നും ടെസ് പറയുന്നു.

Took 19 yrs but here is my story #MeTooIndia #TimesUp #Metoo https://t.co/8R5PXAlll6

— Tess Joseph (@Tesselmania) October 9, 2018

എന്നാൽ തനിക്ക് ഒന്നും ഓർമ്മയില്ലെന്നായിരുന്നു ആരോപണത്തോടുള്ള മുകേഷിന്റെ പ്രതികരണം. 'കോടീശ്വരനൊക്കെ എത്ര വർഷം മുമ്പ് നടന്നതാണ്. ഇത്രയും നാൾ അവർ ഉറങ്ങുകയായിരുന്നോ. ഇതിന്റെ പേരിൽ ആർക്കും ഒരു പൈസ ഞാൻ തരില്ല' -ഇതായിരുന്നു മുകേഷിന്റെ പ്രതികരണം.