കല്പറ്റ: വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കാവുംകുന്ന് കോളനിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ആ മദ്യക്കുപ്പിക്ക് പിന്നിലെ ദുരൂഹതകൾ ഒടുവിൽ നീങ്ങി. ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് സുഹൃത്തിനായി മാനന്തവാടിയിലെ സ്വർണപ്പണിക്കാരൻ സന്തോഷ് ഒരുക്കിയ കെണിയാണ് മരണകാരണമെന്നാണ് വ്യക്തമായത്. മൂന്ന് മരണങ്ങൾക്കും ഉത്തരവാദിയായ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അടുത്ത സുഹൃത്ത് സജിത്തിന്റെ മരണമായിരുന്നു സന്തോഷ് ലക്ഷ്യമിട്ടത്. എന്നാൽ സജിത്ത്, സന്തോഷ് നല്കിയ മദ്യക്കുപ്പി മന്ത്രവാദിയായ കൊച്ചാറ കാവുംകുന്ന് കോളനിയിലെ തികിനായിക്ക് നല്കിയതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു.
തികിനായി, മകൻ പ്രമോദ്, തികിനായിയുടെ ഭാര്യാ സഹോദര പുത്രൻ പ്രസാദ് എന്നിവരാണ് സയനൈഡ് കലർത്തിയ മദ്യം കഴിച്ച് കഴിഞ്ഞദിവസം മരിച്ചത്. തികിനായിക്ക് മദ്യം നല്കിയത് സജിത്ത് ആയതിനാൽ ഇയാളെ ആദ്യംതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ തനിക്ക് മദ്യം നല്കിയത് സന്തോഷ് ആണെന്നായിരുന്നു ഇയാളുടെ മൊഴി. രണ്ടുപേരും സുഹൃത്തുക്കളായതിനാൽ സംഭവത്തിലെ ചുരുളഴിക്കാൻ പൊലീസിന് ഇരുവരെയും നന്നായി ചോദ്യം ചെയ്തു. മദ്യത്തിൽ കലർത്തിയ സയനൈഡ് ആണ് കേസിൽ സന്തോഷിനെ കൂടുതൽ സംശയമുനയിലാക്കിയത്. സയനൈഡ് സ്വർണപ്പണിക്ക് ആവശ്യമായതിനാൽ ഇതിയാൾക്കാണ് ലഭിക്കുവാൻ സാധ്യതയേറെയെന്ന് പൊലീസ് നിരീക്ഷിച്ചിരുന്നു.
ഒക്ടോബർ രണ്ടാംതീയതിയാണ് തികിനായിയുടെ അടുത്തേക്ക് സജിത്ത് എത്തുന്നത്. മകളുടെ ഭയംമാറ്റുന്നതിന് പൂജ ചെയ്യുകയായിരുന്നു ഉദ്ദേശ്യം. പൂജാ ആവശ്യങ്ങളുമായി നേരത്തെയും തികിനായിയെ തേടിയെത്താറുണ്ടെന്നതിനാൽ കുടുംബത്തിന് ഇയാളെ അറിയാമായിരുന്നു. പൂജയ്ക്ക് ശേഷം സജിത്ത് നല്കിയ മദ്യം തികിനായി കുടിച്ചയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. സജിത്തിന്റെ വാഹനത്തിൽ തന്നെ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഈ മരണം സംശയത്തിനൊന്നും ഇടനല്കിയില്ല. തികിനായിയുടെ ശവസംസ്കാര ചടങ്ങിന് ശേഷം മൂന്നിന് വീട്ടിൽ ബാക്കിയുണ്ടായിരുന്ന മദ്യം മകൻ പ്രമോദും ബന്ധു പ്രസാദും കുടിച്ചതോടെ ഇവരും മരിച്ചു. ഇതോടെയാണ് മദ്യത്തിൽ വിഷമുണ്ടെന്ന സംശയത്തിലേക്ക് പൊലീസ് നീങ്ങിയത്.
സജിത്തും സന്തോഷും വലിയ സുഹൃത്തുക്കളായിരുന്നുവെങ്കിലും വർഷങ്ങളായി സന്തോഷിന് മനസിൽ പകയുണ്ടായിരുന്നു. സന്തോഷിന്റെ സഹോദരീ ഭർത്താവിന്റെ ആത്മഹത്യക്ക് കാരണക്കാരൻ സജിത്താണെന്ന് ഇയാൾ വിശ്വസിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തന്റെ വിവാഹജീവിതം തകർക്കാൻ സജിത്താണ് കാരണക്കാരനെന്ന സംശയവും ഇയാൾക്കുണ്ടായിരുന്നു. രണ്ട് വർഷമായി സന്തോഷിന്റെ ഭാര്യ ഇയാളിൽ നിന്ന് അകന്നുകഴിയുകയാണ്. ഭാര്യയ്ക്ക് സജിത്തുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ഇയാളുടെ സംശയം. ഇതോടെ സന്തോഷ്, സജിത്തിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
സജിത്ത് രഹസ്യമായി സന്തോഷിൽ നിന്ന് മദ്യം വാങ്ങാറുണ്ടായിരുന്നു. ഈ അവസരം മുതലെടുത്ത് മദ്യത്തിൽ വിഷം കലർത്തി സജിത്തിന്റെ ജീവനെടുക്കാനാണ് സന്തോഷ് ശ്രമിച്ചത്. ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് സ്വന്തമായി മദ്യംവാങ്ങാൻ മടിച്ചിരുന്ന സജിത്ത് മദ്യക്കുപ്പി ആവശ്യപ്പെട്ട് സന്തോഷിനെ സമീപിച്ചതോടെ ഇയാൾ തന്റെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. മദ്യത്തിൽ സയനൈഡ് കലർത്തി നല്കിയാൽ സജിത്ത് കുടിച്ചപാടേ മരിക്കുമെന്ന് ഇയാൾ നിശ്ചയിച്ചു.എന്നാൽ, ആ മദ്യം സജിത്ത് മന്ത്രിവാദിക്ക് നൽകി. സഹപ്രവർത്തകനും കടയുടമയും സ്വർണപ്പണിക്കാരനുമായ ഷൺമുഖൻ വർഷങ്ങൾക്ക് മുമ്പ് വാങ്ങിവച്ച സയനൈഡിൽ നിന്ന് രണ്ട് വർഷം മുമ്പ് സന്തോഷ് മോഷ്ടിച്ചെടുത്തതാണ് ഇതിനുവേണ്ടി ഉപയോഗിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. സജിത്തിന് മദ്യത്തിൽ വിഷംകലർത്തിയതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല എന്ന് വ്യക്തമായതിനാൽ ഇയാളെ കേസിൽ നിന്ന് ഒഴിവാക്കിയെന്ന് പൊലീസ് പറയുന്നു.
മൂടിതുറന്ന കുപ്പി
തികിനായിക്ക് സജിത്ത് നല്കിയ മദ്യക്കുപ്പി മൂടി തുറന്നതാണെന്ന അറിവ് ലഭിച്ചതോടെ മദ്യത്തിൽ വിഷം കലർത്തിയതാണെന്ന നിഗമനത്തിൽ പൊലീസ് ആദ്യമേ എത്തിച്ചേർന്നു. കേരളത്തിൽ വില്പനയില്ലാത്ത ബ്രാൻഡ് മദ്യമായിരുന്നു ഇതെന്നതും പൊലീസ് അന്വേഷണം എളുപ്പത്തിലാക്കി. സജിത്തിനെ വിളിച്ച് ചോദ്യംചെയ്തപ്പോൾ തനിക്കിത് സന്തോഷാണ് തന്നതെന്നും ഇയാളിൽ നിന്ന് വാങ്ങുമ്പോഴും മൂടി തുറന്നായിരുന്നു ഇരുന്നതെന്നും വിവരം കിട്ടി. ഇതോടെയാണ് അന്വേഷണം സന്തോഷിലേക്ക് നീങ്ങിയത്.